തിരുവനന്തപുരം: വ്യവസായങ്ങളോടും നിക്ഷേപകരോടും ശത്രുതാമനോഭാവം കാണിക്കുന്ന ഉദ്യോഗസ്ഥര്ക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വ്യവസായികളെ ചൂഷണം ചെയ്യുന്ന അതിമോഹമുള്ള ഉദ്യോഗസ്ഥര്‍ ജയിലില്‍ പോകേണ്ടിവരും. കേരളത്തെ നിക്ഷേപ സൗഹൃദമാക്കുന്നതിനുള്ള നടപടികള്‍ അതിവേഗത്തില്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. നിയമങ്ങളിലും ചട്ടങ്ങളിലും ഇതിന് ആവശ്യമായ ഭേദഗതി വരുത്തി. കേരളത്തില്‍ വ്യവസായം തുടങ്ങുന്നതിനു യാതൊരു തടസവുമുണ്ടാകില്ലെന്നാണു പ്രഖ്യാപിച്ചിട്ടുള്ളത്. എല്ലാ അനുമതികളും ദിവസങ്ങള്‍ക്കകം ലഭ്യമാകും. ചെറുകിട വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് പ്രത്യേക അനുമതിയുടെ ആവശ്യമില്ല. മൂന്നു വര്‍ഷംകൊണ്ട് ആവശ്യമായ ലൈസന്‍സ് സമ്പാദിച്ചാല്‍ മതി. വ്യവസായം തുടങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കുണ്ടായിരിക്കുന്ന ഈ വേഗത ആര്‍ജിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കഴിയണം.
വ്യവസായികള്‍ നാടിനു വലിയ തോതില്‍ സേവനം ചെയ്യുന്നവരാണ്. അവരെ സമീപിക്കേണ്ടതും ആരീതിയില്ത്തന്നെയാകണം. അവരോട് ശത്രുതാഭാവം ഉണ്ടാകരുത്. അപൂര്‍വം ചിലര്‍ക്കെങ്കിലും ഈ മനോഭാവമുണ്ടാകുന്നുവെന്നത് അതീവ നിര്‍ഭാഗ്യകരമാണ്. അതു പൂര്‍ണമായി ഉപേക്ഷിക്കണം. വല്ലാത്ത അതിമോഹത്തിന് ഇരയാകുന്ന ചില ഉദ്യോഗസ്ഥരുണ്ട്. വലിയ നിക്ഷേപം വരുമ്പോള്‍ അതിന്റെ തുക കണക്കുകൂട്ടി അതിന്റെ ഭാഗമായി ഒരു തുക നിശ്ചയിച്ച് അതു വേണമെന്നു പറയാന്‍ മടികാണിക്കാത്ത ചിലര്‍ കേരളത്തിലുണ്ടെന്നാണു കേള്‍ക്കുന്നത്. അത്തരം ആളുകള്‍ ജയിലില്‍ പോകേണ്ടിവരും. ഇത്തരം പ്രവണതകള്‍ ഒരു കാരണവശാലും അംഗീകരിക്കില്ല. ജനങ്ങളാണ് ഏതു സര്‍ക്കാരിന്റേയും യജമാനന്മാരെന്നു കാണണം. ഈ മനോഭാവത്തോടെയാകണം കാര്യങ്ങള്‍ നടക്കേണ്ടത്. നേട്ടങ്ങള്‍ക്കിടയിലും ഇത്തരം ചില പോരായ്മകള്‍ സംസ്ഥാനത്തു നിലനില്‍ക്കുന്നുണ്ട്. അതു തിരുത്താന്‍ കൂട്ടായ ശ്രമം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് നിലവില്‍ വന്നതോടെ മുപ്പതിനായിരത്തോളം ഉദ്യോഗസ്ഥര്‍ ഒറ്റ വകുപ്പിന്റെ ഭാഗമായി മാറിയിരിക്കുകയാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഏകീകൃത വകുപ്പിനായുള്ള സ്റ്റേറ്റ് സര്‍വീസ് സ്പെഷ്യല്‍ റൂള്‍സും സബോര്‍ഡിനേറ്റ് സര്‍വീസ് റൂള്‍സും രൂപപ്പെടുത്തുന്നത് അവസാന ഘട്ടത്തിലാണ്. വകുപ്പിന്റെ സംഘടനാ രൂപം തയാറായിക്കഴിഞ്ഞിട്ടുണ്ട്. ഉദ്യോഗസ്ഥ വിന്യാസം കൃത്യ നിര്‍വഹണ കാര്യക്ഷമമാക്കാനുതകുംവിധമായിരിക്കും. മൂന്നു തട്ടില്‍ത്തന്നെ തീരുമാനമെടുക്കാന്‍ കഴിയുന്ന സംവിധാനവും വകുപ്പില്‍ ഒരുക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.
വകുപ്പിന്റെ ഫലപ്രദമായ പ്രവര്‍ത്തനത്തിനുവേണ്ട ഫണ്ട് സര്‍ക്കാര്‍ ലഭ്യമാക്കും. ആറാം ധനകാര്യ കമ്മിഷന് നിര്‍ദേശിക്കുംവിധം ഡെവലപ്മെന്റ് ഗ്രാന്റിലും മെയിന്റനന്‍സ് ഗ്രാന്റിലും ജനറല്‍ പര്‍പ്പസ് ഗ്രാന്റിലുമുള്ള വര്‍ധന അംഗീകരിച്ചിട്ടുണ്ട്. ചരക്കു സേവന നികുതി നടപ്പാക്കിയതിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങള്‍ക്കു വിനോദ നികുതി ഇനത്തില്‍ വന്ന നഷ്ടം സര്‍ക്കാര്‍ നികത്തും. എല്ലാ പഞ്ചായത്തുകളിലും എന്‍ജിനിയര്‍മാരെ വിന്യസിക്കുകയും ഓവര്‍സിയര്‍ തസ്തിക സൃഷ്ടിക്കുകയും ചെയ്തു.
പുനര്‍വിന്യാസത്തിലൂടെയോ പുതിയ തസ്തിക സൃഷ്ടിക്കുന്നതുവഴിയോ രണ്ടു തസ്തികള്‍ വീതം അധികമായി ഓരോ തദ്ദേശ സ്ഥാപനങ്ങള്‍ക്കും നല്‍കും. ഗ്രാമ സഭയിലെ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. അയല്‍ക്കൂട്ടങ്ങളേയും റസിഡന്റ്സ് അസോസിയേഷനുകളേയും താഴേത്തട്ടിലുള്ള വിവിധ സാമൂഹിക കൂട്ടായ്മകളേയും ഗ്രാമസഭകളുമായി ബന്ധപ്പെടുത്താനുള്ള സംവിധാനമൊരുക്കും. വാര്‍ഡ് വികസന സമിതി കരുത്തുറ്റതാക്കും. ആസൂത്രണത്തിനും നിര്‍വഹണത്തിനും സന്നദ്ധാടിസ്ഥാനത്തിലുള്ള വിദഗ്ധരുടെ പങ്കാളിത്തം ഉറപ്പാക്കണം. ഓരോ പ്രദേശത്തും ഇത്തരം കാര്യങ്ങളില്‍ ക്രിയാത്മക സംഭാവന നല്കാന് ശേഷിയുള്ളവരുടെ സഹായം സ്വീകരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം. സര്‍ക്കാര്‍ സേവനങ്ങള്‍ പൗരന്റെ അവകാശമാണെന്ന ബോധ്യം എല്ലാവരുടേയും മനസിലുണ്ടാകണം. പൗരാവകാശ രേഖ പ്രസിദ്ധീകരിക്കണം. ഇതു നടപ്പാക്കുന്നതു സംബന്ധിച്ച ഓഡിറ്റ് റിപ്പോര്‍ട്ട് ഗ്രാമസഭകളില്‍ സമര്‍പ്പിക്കണം.
വികസന പ്രശ്്നങ്ങളെ തദ്ദേശ സ്ഥാപനങ്ങള്‍ വിശാലമായ കാഴ്ചപ്പാടോടെ സമീപിക്കണം. നഗരവത്കരണം, മാലിന്യ സംസ്കരണം, വയോജന സംരക്ഷണം, ദുരന്ത നിവാരണം തുടങ്ങി കഴിയാവുന്നത്ര വിഷയങ്ങളില്‍ പ്രാദേശിക തലത്തില്‍ പരിഹാരം കണ്ടെത്തണം. സര്‍ക്കാര്‍ ആവിഷ്കരിച്ചിരിക്കുന്ന വാതില്‍പ്പടി സേവനം എന്ന ആശയം പൂര്‍ണ തോതില്‍ പ്രാവര്‍ത്തികമാക്കുന്നതിനു വൊളന്റിയര്‍മാരെ നല്ല രീതിയില്‍ ഉപയോഗപ്പെടുത്തുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു വലിയ പങ്കു വഹിക്കാനുണ്ട്. പ്രാദേശിക സര്‍ക്കാരുകള്‍ക്കു കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്കി അവരുടെ ഇടപെടലുകള്‍ കൂടുതല്‍ വിപുലവും ഊര്‍ജസ്വലവുമാക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സ്വരാജ് ട്രോഫി ചടങ്ങില്‍ മുഖ്യമന്ത്രി വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: