കണ്ണൂര്‍: രണ്ടാം പിണറായി സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയെന്ന് വിശേഷിപ്പിച്ച് ആരംഭിക്കാനിരിക്കുന്ന കെ റെയില്‍ പദ്ധതിക്കെതിരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം കനക്കുന്നു. ജില്ലയിലെ പാര്‍ട്ടിഗ്രാമങ്ങളില്‍ നിന്നടക്കം കടുത്ത എതിര്‍പ്പുകളാണ് ഉയരുന്നത്. പ്രതിരോധിക്കാരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം പറയാനാവാതെ പതറുകയാണ് സിപിഎമ്മും സംസ്ഥാന ഭരണകൂടവും.
പാര്‍ട്ടി കൊണ്ടുവരുന്ന പദ്ധതിക്കെതിരെ പാര്‍ട്ടി ഗ്രാമങ്ങളിലെ ജനങ്ങളും പാര്‍ട്ടി അംഗങ്ങളും ഉള്‍പ്പെടെ പ്രതിഷേധവുമായി മുന്നോട്ട് വരുന്നത് നേതൃത്വത്തിന് വലിയ തലവേദനയാവുകയാണ്. പാര്‍ട്ടി ശക്തികേന്ദ്രമായ കണ്ണൂരില്‍ എതിര്‍പ്പുകളില്ലാതെ സര്‍വ്വേ പൂര്‍ത്തിയാക്കാനും അതുവഴി മറ്റു ജില്ലകളിലെ എതിര്‍പ്പുകള്‍ക്ക് തടയിടാനും കഴിയുമെന്ന കണക്കുകൂട്ടലുകളെല്ലാം സര്‍വ്വേ ആരംഭിച്ചതോടെ പൂര്‍ണമായും തെറ്റിയിരിക്കുകയാണ്. പ്രതിഷേധം ഉണ്ടാകില്ലെന്ന കണക്കുകൂട്ടലിലാണ് ഏറ്റവുമവസാനഘട്ടം നിര്‍മ്മാണം നടക്കേണ്ട കണ്ണൂര്‍ ജില്ലയില്‍ ഏറ്റവുമാദ്യം സര്‍വ്വേ ആരംഭിച്ചത്.
ജില്ലയിലെ സിപിഎം ശക്തികേന്ദ്രമായ പയ്യന്നൂരിലാണ് സര്‍വ്വേയ്ക്ക് തുടക്കം കുറിച്ചത്. രണ്ടാം ദിവസ സര്‍വ്വേ മുതല്‍ തന്നെ പ്രതിഷേധവും തുടങ്ങിയിരുന്നു. സ്ത്രീകള്‍ അടക്കമുള്ളവര്‍ തങ്ങളുടെ പ്രതിഷേധം ശക്തമായി പ്രകടിപ്പിക്കുകയും സര്‍വ്വേയോട് നിസ്സഹകരിക്കുകയും ചെയ്തു. പലരും ചോദ്യാവലിക്ക് മറുപടി നല്‍കാതെ മാറി നില്‍ക്കുകയായിരുന്നു.
പയ്യന്നൂര്‍ കാനം, കുഞ്ഞിമംഗലം, മാടായി, ഏഴോം, ചിറക്കല്‍, കണ്ണൂര്‍ തളാപ്പ്, താണ എന്നിവിടങ്ങളില്‍ കടുത്ത എതിര്‍പ്പുകളുയര്‍ന്നതിന് പുറമെ, സര്‍വ്വേക്കല്ലുകള്‍ പിഴുതു മാറ്റുന്നതു വരെ പ്രതിഷേധമെത്തി. ഏറ്റവുമൊടുവില്‍ ഇന്നലെ താഴെചൊവ്വയിലും നാട്ടുകാര്‍ സര്‍വ്വേക്കെത്തിയവര്‍ക്കെതിരെ ശക്തമായ പ്രതിഷേധം നടത്തി. ചിറക്കലില്‍ പ്രതിഷേധിച്ചവരെ കോടതി റിമാന്‍ഡ് ചെയ്യുന്ന സ്ഥിതിവരെയുണ്ടായി.
കെ-റെയില്‍ പദ്ധതിക്കെതിരെയുള്ള പ്രതിഷേധത്തില്‍ ബിജെപി ഉള്‍പ്പെടെ വിവിധ പാര്‍ട്ടികളില്‍പ്പെട്ടവര്‍ സജീവമായി രംഗത്തുണ്ടെങ്കിലും സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ ഒട്ടുമിക്ക സ്ഥലങ്ങളിലും പ്രതികരിക്കാതെ മാറിനില്‍ക്കുന്ന അവസ്ഥയാണ്. എന്നാല്‍ പാര്‍ട്ടി അനുഭാവികളും മെമ്പര്‍മാരുമടക്കം പലയിടത്തും പരസ്യമായി സമരരംഗത്ത് സജീവമാണ്. പദ്ധതിക്ക് എല്ലാ അനുമതികളും ലഭിച്ചു കഴിഞ്ഞുവെന്നാണ് സിപിഎം നടത്തുന്ന പ്രചാരണം.
സര്‍വ്വേയില്‍ കല്ലിടാന്‍ ഹൈക്കോടതി ഡിവിഷന് ബഞ്ച് അനുമതി നല്‍കിയതോടെ ഈ പ്രചാരണത്തിന് ശക്തിയേറി. എന്നാല്‍ പദ്ധതിയുടെ ആവശ്യകത പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായവരെ പോലും കൃത്യമായി ബോധ്യപ്പെടുത്താന്‍ ഇതുവരെ സിപിഐഎം നേതൃത്വത്തിന് സാധിച്ചിട്ടില്ല. പാര്‍ട്ടി അനുകൂല വാട്സ് ആപ്പ് ഗ്രൂപ്പുകളിലടക്കം പദ്ധതി അനുകൂല ക്യാപ്സ്യൂളുകള് തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാല്‍ ഇത്തരം ഗ്രൂപ്പുകളില്‍ തന്നെ എതിര്‍ശബ്ദങ്ങള്‍ ഉയരുന്നുണ്ട്. കെ-റെയില്‍ പദ്ധതിക്കെതിരെ കവിതയെഴുതിയതിന് സമൂഹമാധ്യമങ്ങളില്‍ ആക്രമണത്തിന് വിധേയനായ കവി റഫീഖ് അഹമ്മദിന് പിന്നാലെ, കണ്ണൂര്‍ ജില്ലയില്‍ സമൂഹമാധ്യമത്തില്‍ കെ-റെയിലിനെതിരെ പോസ്റ്റിട്ട ഇടതു സഹയാത്രികനായ കവി മാധവന് പുറച്ചേരിയും സമാനമായ ആക്രമണങ്ങളെ നേരിടുകയാണ്.
കമ്യുണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ ത്യാഗോജ്വലമായ സംഭാവനകള്‍ നല്കിയ നേതാവിന്റെ മകന് കൂടിയാണിദ്ദേഹം. പദ്ധതിക്കെതിരായ സമരവേദിയില്‍ മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളും ഒറ്റക്കെട്ടായി അണിനിരക്കുന്നത് സിപിഎം നേതൃത്വത്തിനും സംസ്ഥാന ഭരണകൂടം അണികളെ തന്നെ കൃത്യമായി ബോധ്യപ്പെടുത്താനാവാത്ത പദ്ധതിയെ രാഷ്ട്രീയ എതിരാളികളെ എങ്ങനെ ബോധ്യപ്പെടുത്തുമെന്നതാണ് ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: