വാസ്കോ: ടീമിലെ കൊവിഡ് വ്യാപനത്തിനുശേഷം യഥാര്‍ഥ ഫോമിലേക്കുയരാന്‍ മഞ്ഞപ്പട പാടുപെടുകയാണ്. കൊവിഡിനുശേഷം കളിച്ച നാലു മത്സരങ്ങള്‍ രണ്ട് ജയവും രണ്ട് തോല്‍വിയും ഏറ്റുവാങ്ങി. അഞ്ചാം മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് ഇന്ന് എടികെ മോഹന്‍ ബഗാനെ നേരിടും. തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30 ന്് കളി തുടങ്ങും. സ്റ്റാര്‍ സ്പോര്‍ട്്സില്‍ തത്സമയം കാണാം.
അവസാന മത്സരത്തില്‍, പോയിന്റ് നിലയില്‍ പിന്നില്‍ നില്ക്കുന്ന ഈസ്റ്റ് ബംഗാളിനെതിരെ ബ്ലാസ്റ്റേഴ്സ് കഷ്ടിച്ചാണ് വിജയം നേടിയത്. ഇനിയും ഫോമിലേക്കുയര്‍ന്നില്ലെങ്കില്‍ അത് പ്ലേഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാകും. കാരണം, ശക്തരായ എതിരാളികളെയാണ് ബ്ലാസ്റ്റേഴ്സിന് അവസാന മത്സരങ്ങളില്‍ നേരിടാനുള്ളത്.
പതിനഞ്ച് മത്സരങ്ങളില്‍ ഇരുപത്തിയാറ് പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് നിലയില്‍ നാലാം സ്ഥാനത്താണ്. അതേസമയം, എടികെ മോഹന്‍ ബഗാന് പതിനഞ്ച് മത്സരങ്ങളില്‍ ഇരുപത്തിയൊമ്പത് പോയിന്റുമായി രണ്ടാം സ്ഥാനത്തും.
ഫോമിലേക്കുയര്‍ന്നാല്‍ ബ്ലാസ്റ്റേഴ്സിന് എടികെയോട് പകരം വീട്ടാം. ഉദ്ഘാടന മത്സരത്തില്‍ എടികെ 4-2 ന് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയിരുന്നു. ബ്ലാസ്റ്റേഴ്സിനെതിരെ എടികെയ്ക്ക് മികച്ച റിക്കാര്‍ഡാണുള്ളത്. എടികെക്കെതിരെ അവസാനം കളിച്ച മൂന്ന് മത്സരങ്ങളില്‍ ഒന്നില്‍പ്പോലും ബ്ലാസ്റ്റേഴ്സിന് വിജയിക്കാനായില്ല. എടികെയെ ഇന്ന്് മറികടന്നാല്‍ ബ്ലാസ്റ്റേഴ്സിന് രണ്ടാം സ്ഥാനത്തേക്ക് ഉയരാനാകും. പ്ലേ ഓഫ് പ്രതീക്ഷകളും നിലനിര്‍ത്താം.
എടികെ മോഹന്‍ ബഗാന് മിന്നുന്ന ഫോമിലാണ്. അവസാനം കളിച്ച മൂന്ന് മത്സരങ്ങളിലും അവര്‍ വിജയക്കൊടി പാറിച്ചു. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരോടാണ് അവസാന രണ്ട് മത്സരങ്ങിലും എടികെ വിജയിച്ചത്. വിദേശ താരങ്ങളായ അഡ്രിയാന്‍ ലൂണ, അല്‍വാരോ വാസ്കെസ്, ജോര്‍ഗെ പെരേര, മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ കരുത്ത്. റോയ് കൃഷ്ണയാണ് എടികെയുടെ തുറുപ്പ് ചീട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: