കൊച്ചി:പിവി ശ്രീനിജന് എംഎല്‍എയെ കിഴക്കമ്പലത്ത് കാലുകുത്താന്‍ അനുവദിക്കില്ലെന്ന ഭീഷണിയുയര്‍ത്തി ട്വന്റി 20 പ്രവര്‍ത്തകര്‍. ദീപുവിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആലുവയിലെ ആശുപത്രിക്ക് മുന്നില്‍ പ്രകടനം നടത്തവേ എംഎല്‍എയെ കിഴക്കമ്പലത്ത് കാലുകുത്താന്‍ അനുവദിക്കില്ലെന്ന മുദ്രാവാക്യങ്ങള്‍ പ്രവര്‍ത്തകര്‍ മുഴക്കിയിരുന്നു.
കൊലപാതകത്തിന് എംഎല്‍എയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയെന്ന് ട്വന്റി 20 പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഒരു അസുഖവുമില്ലാത്ത ആളായിരുന്നു ദീപു. എന്നാല്‍ ദീപുവിന് ലിവര്‍ സിറോസിസ് ആണെന്നാണ് എംഎല്‍എ പ്രചരിപ്പിക്കുന്നതെന്നും ട്വന്റി20 പ്രവര്‍ത്തകര്‍ പറയുന്നു.
എംഎല്‍എയുടെ ഗൂഢാലോചനപ്രകാരം ആശുപത്രി അധികൃതര്‍ ഇതിന് കൂട്ടുനില്‍ക്കുകയാണ് എന്നും ട്വന്റി 20 ആരോപിക്കുന്നു. പോസ്റ്റ് മോര്‍ട്ടം അട്ടിമറിയ്ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും വിശദമായ പോസ്റ്റ്മോര്‍ട്ടം വേണമെന്ന് ആവശ്യപ്പെട്ട് ട്വന്റി 20 ഡിവൈഎസ്പിക്ക് പരാതി നല്കി.
എറണാകുളം കിഴക്കമ്പലത്ത് വിളക്കണയ്ക്കല്‍ സമരത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റാണ് ട്വന്റി 20 പ്രവര്ത്തകന് ദീപു മരിച്ചത്. ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിലെ വഴിവിളക്കുകള്‍ മികച്ചതാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കാനുദ്ദേശിച്ച സ്ട്രീറ്റ് ലൈറ്റ് ചലഞ്ച് പദ്ധതിയെ തകര്‍ക്കാന്‍ എംഎല്‍എ. ശ്രമിക്കുന്നു എന്നാരോപിച്ച് നടത്തിയ വിളക്കണയ്ക്കല്‍ സമരത്തിലാണ് ദീപുവിന് മര്‍ദനമേറ്റത്. മര്‍ദനത്തിന് പിന്നില്‍ സിപിഐഎം ആണെന്നും എംഎല്‍എയുടെ അറിവോടെയാണ് അക്രമം നടന്നതെന്നുമാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: