കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസ് പരിഗണിക്കവേ സ്വപ്ന സുരേഷിന്റെ വക്കാലത്ത് ഒഴിയുകയാണെന്ന് അഭിഭാഷകന്. കൊച്ചി എന്‍ഐഎ കോടതിയില്‍ ഇന്ന് കേസ് പരിഗണിക്കുന്നതിനിടെയാണ് അഭിഭാഷകനായ സൂരജ് ടി. പിന്മാറുകയാണെന്ന് അറിയിക്കുകയായിരുന്നു. വക്കാലത്ത് ഒഴിയുന്നതിന്റെ കാരണം വ്യക്തമാക്കാനാകില്ലെന്നും അഭിഭാഷകന് പറഞ്ഞു.
സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം സ്വപ്നയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തിയിരുന്നു. വിശദമായി ചോദ്യം ചെയയ്യാന്‍ നോട്ടീസ് നല്‍കിയിരിക്കേയാണ് ഇപ്പോള്‍ അഭിഭാഷകന് കേസ് ഒഴിയുന്നതായി അറിയിച്ചത്.
സൂരജ് കേസില്‍ നിന്നും പിന്മാറിയതോടെ ഇന്ന് എന്‍ഐഎ പരിഗണിക്കാനിരുന്ന കേസ് മാറ്റിവെച്ചു. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ നടത്തിയ തെരച്ചിലില്‍ പിടിച്ചെടുത്ത സ്വര്‍ണ്ണാഭരണങ്ങളും, വിദേശ കറന്‍സികളും രേഖകളും വിട്ട് നല്‍കണമെന്ന ഹര്‍ജിയാണ് എന്‍ഐഎ കോടതി ഇന്ന് പരിഗണിക്കാനിരുന്നത്.
കസറ്റഡിയില്‍ കഴിവേ കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി നിര്‍ബന്ധിച്ചതായി സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നിരുന്നു. എന്നാല്‍ ശബ്ദരേഖയ്ക്ക് പിന്നില്‍ എം. ശിവശങ്കറാണെന്നും, അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് അത്തരത്തില്‍ മൊഴി നല്‍കിയതെന്നും സ്വപ്ന അടുത്തിടെ മാധ്യമങ്ങള്‍ക്ക് മുമ്പാകെ വെളിപ്പെടുത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വപ്നയെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. പുറത്തുവന്ന സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇഡിക്കെതിരെ കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ഇത് റദ്ദാക്കിയെങ്കിലും സര്‍ക്കാര്‍ ഇതിനെതിരെ ഡിവിഷന് ബഞ്ചിനെ സമീപിച്ചിരിക്കുകയാണ്. ഈ കേസില്‍ സ്വപ്നയുടെ വെളിപ്പെടുത്തല്‍ നിര്‍ണായകമാകുമെന്നാണ് ഇഡി ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: