അഹമ്മദാബാദ്: വീഡിയോ കോണ്‍ഫറന്‍സ് വഴി കേസില്‍ വാദം കേള്‍ക്കുന്നതിനിടെ കോള കുടിച്ച പോലീസ് ഉദ്യോഗസ്ഥന് കോടതിയുടെ ശിക്ഷ. നൂറു കാന്‍ കോള വാങ്ങി അഭിഭാഷകര്‍ക്ക് സൗജന്യമായി നല്‍കാനാണ് ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാറും ജസ്റ്റിസ് അശുതോഷ് ജെ. ശാസ്ത്രിയും ഉള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചത്.
വാദം തുടങ്ങുമ്പോഴാണ് ഒരു പോലീസ് ഉദ്യോഗസ്ഥന് കോള കാന്‍ പൊട്ടിച്ച് കുടിക്കുന്നത് കോടതിയുടെ ശ്രദ്ധയില്‍പെട്ടത്. ഉദ്യോഗസ്ഥന്റെ അനൗചിത്യവും കോടതിയെ നിസാരമായി കണ്ട മനോഭാവവും ജഡ്ജിമാരെ രോഷാകുലരാക്കി. കാര്യഗൗരവം കണ്ടറിഞ്ഞ ഗവ. പ്ലീഡര്‍ മാപ്പു പറഞ്ഞുവങ്കിലും കോടതി പരിഗണിച്ചില്ല. ഉദ്യോഗസ്ഥന്റെ കൈയില്‍ കോള കാനാണ്. അതില്‍ എന്താണെന്ന് അറിയില്ല. ഐപിഎസ് ഓഫീസറാണോ, ഇങ്ങനെയാണോ പെരുമാറേണ്ടത്, കോടതിയില്‍ നേരിട്ട് വരണമെങ്കിലും കോളയുമായി വരുമോ, ചീഫ് ജസ്റ്റിസ് ചോദിച്ചു. ഒരു ദിവസം വാദത്തിനിടെ സമൂസ തിന്നുകൊണ്ടിരുന്ന ഒരു അഭിഭാഷകന്റെ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂസ കഴിക്കുമ്പോള്‍ ഞങ്ങള്‍ക്കും തിന്നാന്‍ തോന്നും. അതിനാല്‍ ഒന്നുകില്‍ തിന്നരുത്. അല്ലെങ്കില്‍ എല്ലാവര്ക്കും വാങ്ങി നല്‍കണം, അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് കോള കുടിച്ച പോലീസ് ഉദ്യോഗസ്ഥന് നൂറു കാന്‍ കോള വാങ്ങി ബാര്‍ അസോസിയേഷനില്‍ വിതരണം ചെയ്യാന്‍ കോടതി നിര്‍ദേശിച്ചു. അതല്ലെങ്കില്‍ അയാള്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ ചീഫ് സെക്രട്ടറിയോട് നിര്‍ദേശിക്കും. കോളയുടെ അത്രയും കുടപ്പമില്ലാത്ത ലൈം ജ്യൂസ് ആയാലോ എന്നായി ഒരു മുതിര്‍ന്ന അഭിഭാഷകന്റെ ചോദ്യം. എന്നാല്‍, അമൂല്‍ ജ്യൂസ് മതിയെന്നായി ചീഫ് ജസ്റ്റിസ്. കോടതിയിലുണ്ടായിരുന്ന എല്ലാവര്ക്കും ജൂസ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അദ്ദേഹം ഗവ. പ്ലീഡറോട് നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: