ആലപ്പുഴ : മുഖ്യമന്ത്രി പിണറായി വിജയനുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കൂടിക്കാഴ്ച നടത്തി. ആലപ്പുഴ സിപിഎം ജില്ലാ സമ്മേളനത്തിന് എത്തിയ മുഖ്യമന്ത്രി താമസിക്കുന്ന സ്വകാര്യ റിസോര്‍ട്ടില്‍ വെള്ളാപ്പള്ളിയെത്തി കൂടിക്കാഴ്ച നടത്തുകയായിരുന്നു.
എന്നാല്‍ രാഷ്ട്രീയവും എസ്എന്‍ഡിപി യോഗം സംബന്ധിച്ച തെരഞ്ഞെടുപ്പും ഇരുവരും ചര്‍ച്ച ചെയ്തില്ലെന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു. കോടതി വിധിയെ ചിലര്‍ തെറ്റായി വ്യാഖ്യാനിക്കുകയാണ്. അന്തിമ വിജയം തനിക്കായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം സമുദായാംഗങ്ങളായ എല്ലാവര്ക്കും വോട്ടവകാശം നല്‍കിക്കൊണ്ടുള്ള ഹൈക്കോടതി വിധി മറികടക്കാന്‍ സംസ്ഥാനസര്‍ക്കാരിനെ സമീപിക്കാന്‍ എസ്എന്‍ഡിപി യോഗം തീരുമാനിച്ചിരിക്കുകയാണ്. പ്രാതിനിധ്യവോട്ടവകാശം വഴിയാണ് വെള്ളാപ്പള്ളി നടേശന് ഇത്രയും വര്‍ഷങ്ങളായി യോഗം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്.
ഇതിനായി കമ്പനി നിയമത്തില്‍ ഇളവ് തേടി സംസ്ഥാന സര്‍ക്കാരിനെ സമീപിക്കാനാണ് യോഗത്തിന്റെ തീരുമാനം. ചേര്‍ത്തലയില്‍ ചേര്‍ന്ന എസ്എന്‍ഡിപി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനമുണ്ടായത്. ആറ് മാസത്തിനകം ഇതിനുള്ള അനുമതി വാങ്ങി എടുക്കലാണ് ലക്ഷ്യം. കമ്പനി നിയമത്തില്‍ ഭേദഗതി വരുത്താന്‍ അനുമതി കിട്ടിയാല്‍ ഇത് കോടതിയെ ബോധ്യപ്പെടുത്തണം. അതിന് ശേഷം സംഘടനാതെരഞ്ഞെടുപ്പിലേക്ക് നീങ്ങാമെന്നുമാണ് തീരുമാനമായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: