ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് ഇന്ത്യയില്‍ പ്രവര്‍ത്തനം നിര്‍ത്തിയിട്ട് ഏകദേശം നാലു മാസം തികയുന്നു. പക്ഷേ ഫോര്‍ഡ് ആരാധകര്‍ക്ക് പ്രതീക്ഷ നല്കുന്ന നീക്കങ്ങളാണ് നിലവില്‍ നടക്കുന്നത്. ഫോര്‍ഡ് ഇന്ത്യയിലേക്ക് മടങ്ങിവരുന്നതിനുള്ള സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്.
ഇന്ത്യയില്‍ തങ്ങളുടെ കാറുകളുടെ ഉല്‍പ്പാദനം നിര്‍ത്തിയിട്ടും, കേന്ദ്രത്തിന്റെ പിഎല്‍ഐ സ്കീമില്‍ ഫോര്‍ഡ് മോട്ടോറിനെ ഉള്‍പ്പെടുത്തിയതിന്റെ അത്ഭുതത്തിലും കൗതുകത്തിലുമാണ് വാഹനലോകം. കേന്ദ്ര സര്‍ക്കാരിന്റെ പിഎല്‍ഐ സ്കീമിന്റെ ഭാഗമായി ഇവി കാറുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാനാണ് ഇപ്പോള്‍ ഫോര്‍ഡിന്റെ നീക്കം. അതേസമയം ഈ കാറുകള്‍ ഇന്ത്യന്‍ വിപണിയിലേക്കല്ല നിര്‍മിക്കുന്നത് നിലവിലെ തീരുമാനമനുസരിച്ച് പൂര്‍ണമായും കയറ്റുമതി ചെയ്യാന്‍ വേണ്ടിയാണ് ഫോര്‍ഡിന്റെ പദ്ധതി. അതേസമയം ഭാവിയില്‍ ഇന്ത്യയില്‍ ഇവി വാഹനങ്ങള്‍ അവതരിപ്പിക്കാനുള്ള സാധ്യതയും അവര്‍ തള്ളുന്നില്ല. ഫോര്‍ഡിന്റെ സര്‍വീസ് നെറ്റ് വര്‍ക്ക് ഇപ്പോഴും തുടരുന്നതിനാല്‍ ഇന്ത്യയിലേക്കുള്ള മടങ്ങിവരവ് എളുപ്പവുമാണ്.
ആഗോളതലത്തില്‍ 30 ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപമാണ് ഇവിയില്‍ ഫോര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ആ നിക്ഷേപത്തില്‍ പ്രൊഡക്ഷന്‍ ഹബായി ഇന്ത്യയെ മാറ്റാനാണ് ഫോര്‍ഡിന്റെ തീരുമാനം. എന്നിരുന്നാലും ഫോര്‍ഡിന്റെ ഇന്ത്യയിലെ രണ്ട് പ്ലാന്റുകളില്‍ ഏതില്‍ ഇവി കാറുകള്‍ നിര്‍മിക്കുക എന്നതില്‍ വ്യക്തത വന്നിട്ടില്ല. എന്നിരുന്നാലും ഇവി കാറുകള്‍ നിര്‍മിക്കാന്‍ പ്ലാന്റുകളില്‍ വലിയ മാറ്റങ്ങള്‍ വേണ്ടിവരും. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ വില്‍പ്പന അവസാനിപ്പിച്ച ഫോര്‍ഡ് എന്ന അമേരിക്കന്‍ ഭീമന്റെ സര്‍വീസ് നെറ്റ് വര്‍ക്ക് ഇപ്പോഴും ശക്തമായി തുടരുന്നുണ്ട്. 90 ശതമാനത്തിലധികം സര്‍വീസ് സെന്ററുകളും അതുപോലെ തന്നെ നിലനിര്‍ത്തുകയും അഞ്ച് വര്‍ഷം സ്പെയര്‍ പാര്‍ട്സുകള്‍ക്ക് വില കൂടില്ലെന്നും ഫോര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: