കൊച്ചി : പീഡന ആരോപണത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന വ്ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ കീഴടങ്ങി. ഇന്ന് രാവിലെ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ അഭിഭാഷകനൊപ്പം എത്തി കീഴടങ്ങുകയായിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശ പ്രകരമാണ് കീഴടങ്ങല്‍. കേസുമായി ബന്ധപ്പെട്ട് ശ്രീകാന്തിന് ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. അതിനാല്‍ ശ്രീകാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയാല്‍ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കി ജാമ്യം നല്‍കും.
കൊച്ചിയിലെ ഫ്ളാറ്റില്‍വെച്ചും ഹോട്ടലില്‍വെച്ചും യുവതിയെ പീഡിപ്പിച്ചെന്നതാണ് ശ്രീകാന്ത് വെട്ടിയാറിനെതിരെയുള്ള കേസ്. കൊല്ലം സ്വദേശിയായ യുവതിയാണ് പരാതിക്കാരി. എന്നാല്‍ ബലാത്സംഗ ആരോപണം നിലനില്‍ക്കില്ലെന്നും യുവതി തന്റെ അടുത്ത സുഹൃത്തായിരുന്നെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. യുവതിയുടെ പരാതിയില്‍ ബലാത്സംഗ കുറ്റം ചുമത്തി എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്.
യുവതി കൊച്ചിയില്‍ താമസിക്കവെയാണ് ശ്രീകാന്തുമായി പരിചയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പിറന്നാള്‍ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്ളാറ്റില്‍ വെച്ചും പിന്നീട് കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ വെച്ചും ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് ആരോപണം. കേസ് രജിസ്റ്റര്‍ ചെയ്തതോടെ ശ്രീകാന്ത് വെട്ടിയാര്‍ ഒളിവില്‍ പോവുകയായിരുന്നു.
ആദ്യം സമൂഹ മാധ്യമങ്ങള്‍ വഴിയാണ് പരാതിക്കാരി ശ്രീകാന്തിനെതിരെ മീ ടൂ ആരോപണം ഉന്നയിക്കുകയും പിന്നാലെ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ‘വിമന്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ്’ എന്ന പേജ് വഴിയായിരുന്നു യുവതി മീ ടൂ ആരോപണം ഉന്നയിച്ചത്.
പരാതിയില്‍ നിന്ന് പിന്തിരിപ്പിക്കാന് ശ്രീകാന്ത് വെട്ടിയാര്‍ സുഹൃത്തുക്കള്‍ വഴി പലവട്ടം സമ്മര്‍ദ്ദം ചെലുത്തിയെന്നും ആരോപണമുണ്ട്. ശ്രീകാന്തിനെ സഹായിച്ച സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ശ്രീകാന്ത് വെട്ടിയാറിനെതിരെ ഇതിന് മുമ്പും മറ്റൊരു മീ ടൂ ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: