കോഴിക്കോട്: സംസ്ഥാന കമ്മിറ്റിയും സെക്രട്ടേറിയറ്റും കൗണ്‍സിലും പിരിച്ചുവിട്ട ഐഎന്‍എല്‍ ദേശീയ നേതൃത്വത്തിന്റെ നടപടി അംഗീകരിക്കില്ലെന്ന് അബ്ദുള്‍ വഹാബ് വിഭാഗം വ്യക്തമാക്കിയതോടെ പാര്‍ട്ടിയില്‍ വീണ്ടും പിളര്‍പ്പ് ഉറപ്പായി. ഐഎന്‍എല്‍ കേരള ഘടകമായി മുന്നോട്ടുപോകുമെന്നാണ് ദേശീയ നേതൃത്വം പിരിച്ചുവിട്ട സംസ്ഥാന കമ്മിറ്റിയുടെ അധ്യക്ഷന്‍ അബ്ദുള്‍ വഹാബ് ഇന്നലെ വ്യക്തമാക്കിയത്. പുതിയ സംഭവങ്ങളെ കുറിച്ച് അബ്ദുള്‍ വഹാബ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരുമായി സംസാരിച്ചു.
നേരത്തെ പിളര്‍പ്പ് ഇല്ലാതാക്കാന്‍ മാധ്യസ്ഥം വഹിക്കുകയും ഇരുവിഭാഗങ്ങളുമായി സമവായ ചര്‍ച്ച നടത്തുകയും ചെയ്തത് കാന്തപുരമായിരുന്നു. അതേസമയം, ഐഎന്‍എല്ലിലെ പ്രശ്നങ്ങള്‍ ഇടതുമുന്നണിക്ക് പുതിയ തലവേദനയാവുകയാണ്. മുമ്പ് പ്രവര്‍ത്തകരും നേതാക്കളും തെരുവില്‍ ഏറ്റുമുട്ടുന്ന അവസ്ഥവരെ എത്തിയപ്പോള്‍ മുന്നണിയില്‍ നിന്ന് പുറത്താക്കുമെന്ന് സിപിഎം നേതൃത്വം മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. അന്ന് പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരമാണ് കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ ഇരുവിഭാഗങ്ങളുമായി ചര്‍ച്ച നടത്തി താത്കാലികമായി പ്രശ്നം പരിഹരിച്ചത്. പുതിയ വിഷയങ്ങള്‍ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച ചേര്‍ന്ന ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് സംസ്ഥാന നേതൃസമിതികളെ പിരിച്ചുവിടാന്‍ തീരുമാനിച്ചത്. ഈ യോഗത്തില്‍ അബ്ദുള്‍ വഹാബ് പങ്കെടുത്തിരുന്നില്ല. മാര്‍ച്ച് 31നുള്ളില്‍ അംഗത്വവിതരണവും സംഘടനാതെരഞ്ഞെടുപ്പും പൂര്‍ത്തിയാക്കാന്‍ അഹമ്മദ് ദേവര്‍കോവിലിന്റെ നേതൃത്വത്തിലുള്ള ഏഴംഗ അഡ്ഹോക് കമ്മിറ്റിയെയും ദേശീയ കൗണ്‍സില്‍ യോഗം തെരഞ്ഞെടുത്തു.
പാര്‍ട്ടിയില്‍ രണ്ട് ചേരികള്‍ക്ക് നേതൃത്വം നല്കുന്ന അബ്ദുള്‍ വഹാബിനെയും കാസിം ഇരിക്കൂറിനെയും അഡ്ഹോക് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ തന്നെ ഉള്‍പ്പെടുത്തിയത് ആളുകളെ ബോധ്യപ്പെടുത്താന്‍ മാത്രമാണെന്നും ഔദ്യോഗികമായി ഒരു അറിയിപ്പും ഇതുവരെ കിട്ടിയിട്ടില്ലെന്നും ഉടന്‍ സംസ്ഥാന കൗണ്‍സില്‍ വിളിച്ചുചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: