തൊടുപുഴ: തകര്‍ന്ന് കിടക്കുന്ന മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡില്‍ നവീകരണ ജോലികള്‍ ആരംഭിച്ചു. നഗരസഭ 14 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. ഒരാഴ്ചക്കുള്ളില്‍ ജോലികള്‍ തീര്‍ക്കാനാണ് ലക്ഷ്യമിടുന്നത്. നേരത്തെ കുഴിയടക്കാന്‍ പാറമക്ക് നിരത്തിയതോടെ സ്റ്റാന്‍ഡിലാകെ പൊടി നിറഞ്ഞത് ജനുവരി 8ന് ജന്മഭൂമി വാര്‍ത്തയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ ഇടപെടല്‍ വരുന്നത്.
സ്റ്റാന്‍ഡിലെ വ്യാപാരികള്‍ക്കും യാത്രക്കാര്‍ക്കും ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്കും ജില്ലാ ആശുപത്രിയിലേക്ക് വരുന്ന രോഗികള്‍ക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ആയിരക്കണക്കിന് ആളുകളാണ് മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡിനെ ദിനംപ്രതി ആശ്രയിക്കുന്നത്. സംഭവത്തില്‍ വ്യാപാരികളും ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. വിദ്യാര്‍ത്ഥികളടക്കം ദിനവും നൂറ് കണക്കിന് യാത്രക്കാര്‍ എത്തുന്ന നഗരത്തിലെ കിഴക്കന്‍ മേഖലയിലെ ഏക ബസ്സ് സ്റ്റാന്റ് കൂടിയാണ് മങ്ങാട്ടുകവല.
രണ്ട് പതിറ്റാണ്ടോളം പഴക്കമുള്ള ബസ് സ്റ്റാന്റ് ഇക്കാലമത്രയും കുഴികള്‍ നിറഞ്ഞാണ് കിടന്നിരുന്നത്. അറ്റകുറ്റപണി നടത്തുന്നതിന് പിന്നാലെ തന്നെ കുഴികള്‍ രൂപപ്പെടുന്നതും ഇവിടെ പതിവാണ്. എല്ലാ സൗകര്യവും ഉണ്ടായിട്ടും ഇത് കൃത്യമായി വിനിയോഗിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതാണ് മങ്ങാട്ടുക്കവല ബസ് സ്റ്റാന്‍ഡിന് ശാപമായി മാറുന്നത്. സ്റ്റാന്‍ഡിന് സമീപത്തെ അനധികൃത കച്ചവടങ്ങളും വാഹന പാര്‍ക്കിങ്ങും നിയന്ത്രിക്കാന്‍ പോലും അധികൃതര്‍ക്ക് ആയിട്ടില്ല.
14 ലക്ഷം അനുവദിച്ചു: ചെയര്മാന്
അതേ സമയം ടാറിങ്ങിനായി 13 ലക്ഷമാണ് അനുവദിച്ചിരിക്കുന്നതെന്ന് നഗരസഭ ചെയര്മാന് സനീഷ് ജോര്‍ജ് പറഞ്ഞു. നവീകരണം കഴിയുമ്പോള്‍ സ്റ്റാന്‍ഡിന് പൊക്കം കൂടുമെന്നതിനാല്‍ വെള്ളക്കെട്ടിന് സാധ്യതയുണ്ട്. ഇത് മറികടക്കാനാണ് ഐറിഷ് ഓട നിര്‍മിക്കുന്നതിനാണ് ഒരു ലക്ഷം മാറ്റി വെച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ട് മാസത്തിനുള്ളില്‍ സ്റ്റാന്‍ഡിലെ ഷോപ്പിങ് കോപ്ലക്സ് തുറന്ന് നല്‍കും. വൈദ്യുതി കണക്ഷന് ആവശ്യമായ ട്രാന്‍സ്ഫോര്‍മര്‍ എത്തിച്ച് കഴിഞ്ഞു. ഷോപ്പിങ് കോപ്ലക്സ് തുറന്ന് നല്കിയാല് ഉടനെ തന്നെ ഇതിന് സമീപത്തെ അനധികൃത കച്ചവടങ്ങളും ഒഴിപ്പിക്കും. ടാറിങ് ജോലികള്‍ക്കൊപ്പം തന്നെ സ്റ്റാന്‍ഡിലെ പഴയ കംഫര്‍ട്ട് സ്റ്റേഷനും
പൊളിച്ച് നീക്കും. പുതിയ കംഫര്‍ട്ട് സ്റ്റേഷന് ഷോപ്പിങ് കോപ്ലക്സില്‍ നിര്‍മിച്ചിട്ടുണ്ട്. ഇതും അറ്റകുറ്റപണി തീരുന്ന മുറയ്ക്ക് പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കുമെന്നും ചെയര്മാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: