ചെറുകോല്‍പ്പുഴ (പത്തനംതിട്ട): ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാലഘട്ടത്തിന് അനുസരിച്ച് മാറ്റം വരുത്തി ഭൗതികവും ആത്മീയവുമായ പുരോഗതി ഒരുപോലെ ഉറപ്പാക്കണമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. 110-ാമത് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
100 വര്‍ഷം മുന്‍പ് അധ്യാത്മിക ഗുരുക്കന്മാരായ ശ്രീനാരായണ ഗുരു ഉള്‍പ്പെടെയുള്ളവര്‍ കൃഷിയും വ്യവസായവും സാമൂഹിക പുരോഗതിക്ക് ആവശ്യമാണെന്നു ഉദ്ബോധിപ്പിരുന്നു. എന്നാല്‍ അവരുടെ ദര്‍ശനത്തെ സമൂഹത്തിന്റെ ഇന്നത്തെ ആവശ്യത്തെ തിരിച്ചറിഞ്ഞ് വേണ്ട മാറ്റങ്ങളോടെ നടപ്പാക്കാന്‍ ഹിന്ദുമത പരിഷത്ത് പോലെയുള്ള പ്രസ്ഥാനങ്ങള്‍ക്ക് കഴിയണം. ജീവിത നിഷേധമല്ല അധ്യാത്മികത. ഒരു നൂറ്റാണ്ടു മുന്‍പ് ഹിന്ദുമത പരിഷത്ത് അധ്യാത്മിക കാര്യങ്ങളില്‍ അക്കാലത്തെ പോരായ്മകളും മൂല്യശോഷണവും അനാചാരങ്ങളും സാംസ്കാരിക ജീര്‍ണതയും പരിഹരിക്കാനാണ് രൂപീകരിച്ചതെങ്കിലും അധ്യാത്മികമായ ഉണര്‍വിനൊപ്പം ഭൗതിക ജീവിതത്തില്‍ മുന്നോട്ട് പോകാനുള്ള മാര്‍ഗ്ഗങ്ങളും പഠിപ്പിക്കാന്‍ ഹിന്ദുമത പരിഷത്തിന് കഴിയണം. വിവാഹ ജീവിതത്തില്‍ കലഹങ്ങളും വേര്‍പിരിയലുമൊക്കെയായി ഭ്രാന്താലയത്തില്‍ നിന്ന് തീര്‍ത്ഥാലയമാക്കി കേരളത്തെ മാറ്റുന്നതിന് ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമിയും ഉള്‍പ്പെടെയുള്ള ആചാര്യന്മാര് വഹിച്ച പങ്ക് വളരെ വലുതാണ്. ആ നവോത്ഥാന കാലം സൃഷ്ടിച്ച മാറ്റമാണ് ഹിന്ദുമതപരിഷത്തിന് കാരണമായത്. സനാതന സംസ്
കൃതി എപ്പോഴൊക്കെ ജീര്‍ണത സംഭവിച്ചിട്ടുണ്ടോ അത് പരിഹരിക്കാന്‍ പുണ്യാത്മാക്കള്‍ ജനിച്ചിട്ടുണ്ട്. ഒരാള്‍ പറയുന്നു മറ്റുള്ളവര്‍ അംഗീകരിക്കുന്നു എന്നതാണ് പല മത സംവിധാനങ്ങളുടെയും രീതി. എന്നാല്‍ സനാതന സംസ്കാരം വിമര്ശനങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയുമാണ് വികാസം പ്രാപിക്കുന്നത്.
ആധുനിക കാലത്ത് ഇന്ത്യക്കാര്‍ ജനപ്രതിനിധികളായ ഒട്ടേറെ രാജ്യങ്ങളുണ്ട്. അവരുടെ ബൗദ്ധികമായ മികവാണ് അവരെ ആ നിലയിലെത്തിച്ചത്. ഇങ്ങനെ കാലത്തിന്റെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ധിഷണാ ശാലികള്‍ ഇപ്പോഴും നമ്മുടെ നാട്ടിലുണ്ട് എന്നത് വിസ്മരിക്കരുത്. അവരുടെ മനുഷ്യ വിഭവശേഷി ഉപയോഗപ്പെടുത്താന്‍ നമുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
വര്‍ക്കല ശിവഗിരിമഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിച്ചു. മാതാ അമൃതാനന്ദമയി മഠത്തിലെ സ്വാമി അഘാമൃതാനന്ദ പുരി, ഹിന്ദുമത മഹാമണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ.കെ. ഹരിദാസ്, ഹിന്ദുമത മഹാമണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം.അയ്യപ്പന്‍കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: