മാതമംഗലം (കണ്ണൂര്‍): സിഐടിയു പ്രവര്‍ത്തകരുടെ നിരന്തര ഭീഷണിയും സമരവും കാരണം കണ്ണൂര്‍ മാതമംഗലത്ത് മാസങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനമാരംഭിച്ച ഹാര്ഡ്വെയര് ഷോപ്പ് പൂട്ടി. മാതമംഗലത്തെ എസ്ആര്‍ അസോസിയേറ്റ്സ് എന്ന ഹാര്ഡ്വെയര് സ്ഥാപനമാണ് സിഐടിയു തൊഴിലാളികളുടെ ഭീഷണിയെ തുടര്‍ന്ന് കടയുടമ പൂട്ടിയത്.
സാധനം വാങ്ങാനെത്തുന്നവരെ സമരക്കാര്‍ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയാണെന്നും സ്ഥാപനം തുറന്നുപ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ലെന്നും ഉടമ റബീ മുഹമ്മദ് പറയുന്നു. 70 ലക്ഷം മുടക്കി തുറന്ന സ്ഥാപനം മാസങ്ങള്‍ക്കകം പൂട്ടേണ്ട സ്ഥിതിയിലെത്തിച്ചതായി ഉടമ വ്യക്തമാക്കി. കയറ്റിറക്ക് തൊഴില്‍ പ്രശ്നമാണ് സമരത്തിലേക്ക് നയിച്ചതെന്നാണ് സിഐടിയു വാദം. തൊഴിലാളികളെ ചരക്കിറക്കാന്‍ അനുവദിച്ചില്ലെങ്കില്‍ സമരം നിര്‍ത്തില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
ആറ് മാസം മുമ്പാണ് ഹാര്‍ഡ് വെയര്‍ഷോപ്പ് തുടങ്ങിയത്. സ്വന്തം തൊഴിലാളികള്‍ക്ക് സാധനങ്ങള്‍ ഇറക്കാന്‍ ലേബര്‍ കാര്‍ഡ് വാങ്ങി പ്രവര്‍ത്തിക്കുകയായിരുന്നു കടയുടമ. എന്നാല്‍ അന്നു തന്നെ സിഐടിയുക്കാര്‍ തടയുകയും ഉടമയെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസെടുത്തതോടെ കടയ്ക്ക് മുന്നില്‍ സിഐടിയുകാര്‍ സമരം ആരംഭിച്ചു. കയറ്റിറക്കിന് തൊഴിലാളികളെ നിയമിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയോടെ സിഐടിയു അനിശ്ചിതകാല സമരത്തിലേക്ക് പോവുകയായിരുന്നു. പഞ്ചായത്ത് നോട്ടീസ് നല്‍കിയതിനാലാണ് സ്ഥാപനം പൂട്ടിയതെതാണ് തൊഴില്‍ മന്ത്രി ഇതെക്കുറിച്ച് പറയുന്നത്. അതേസമയം ലൈസന്‍സ് റദ്ദാക്കിയിട്ടില്ലെന്നും സ്ഥാപനം അനുമതിയില്‍ കൂടുതല്‍ സ്ഥലം ഉപയോഗിക്കുന്നത് ക്രമപ്പെടുത്താനുള്ള നോട്ടീസ് മാത്രമാണ് നല്‍കിയതെന്നും എരമം കുറ്റൂര്‍ പഞ്ചായത്ത് അധികൃതര്‍ വിശദീകരിച്ചു.
സമരം കാരണമല്ല, ലൈസന്‍സ് ഇല്ലാത്തത് കൊണ്ടാണ് മാതമംഗലത്തെ ഹാര്ഡ്വെയര് സ്ഥാപനം പൂട്ടേണ്ടി വന്നതെന്ന തൊഴില്‍ മന്ത്രിയുടെ വാദം ഇതോടെ പൊളിഞ്ഞു. പരാതിക്ക് പിന്നില്‍ സിഐടിയു ആണെന്നും നോട്ടീസിന് മറുപടി നല്‍കുമെന്നും സ്ഥാപന ഉടമ വ്യക്തമാക്കി. കടയിലേക്കു വരുന്നവരെ സിഐടിയു പ്രവര്‍ത്തകര്‍ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ്. കട തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാര്‍ സഹായിക്കണമെന്നും റബീ മുഹമ്മദ് പറഞ്ഞു. തൊഴില്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സമരമെന്നും കട അടച്ചുപൂട്ടാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും സിഐടിയു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: