പാരിസ്: ഹിജാബിന് വിലക്കേര്‍പ്പെടുത്തിയ ദേശീയ ഫുട്ബോള്‍ ഫെഡറേഷന്റെ നടപടിക്കെതിരെ ഫ്രഞ്ച് മന്ത്രി. പ്രകടമായ മതചിഹ്നങ്ങളുമായി മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷനെതിരെയാണ് ഫ്രഞ്ച് ലിംഗനീതി മന്ത്രി എലിസബത്ത് മൊറേനൊ രംഗത്തെത്തിയത്. തീരുമാനത്തിനെതിരെ മുസ്ലിം വനിതാ ഫുട്ബോള്‍ താരങ്ങള്‍ നടത്തുന്ന പ്രതിഷേധത്തെ അവര്‍ പിന്തുണക്കുകയും ചെയ്തു.
മുസ്ലിം സ്ത്രീകള്‍ ധരിക്കുന്ന ഹിജാബിനു പുറമെ ജൂതര്‍ ധരിക്കുന്ന കിപ്പയ്ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ നവംബറിലാണ് ഫുട്ബോള്‍ ഫെഡറേഷന് ഹിജാബ് ധരിക്കുന്നതിനെതിരെ നിയമം കൊണ്ടുവന്നത്. ഇതിനെതിരെ ‘ലെസ് ഹിജാബിയസസ്’ എന്ന പേരിലുള്ള വനിതാ കൂട്ടായ്മ കോടതിയെ സമീപിച്ചിരിക്കുകയാണ്.
പെണ്‍കുട്ടികള്‍ക്ക് തലമറച്ച് ഫുട്ബോള്‍ കളിക്കാമെന്നാണ് നിയമം പറയുന്നതെന്ന് മന്ത്രി എലിസബത്ത് മൊറേനോ പറഞ്ഞു. ‘ഫുട്ബോള്‍ മൈതാനത്ത് ഹിജാബ് നിരോധിത വസ്തുവല്ല. നിയമത്തെ മാനിക്കണമെന്നാണ് ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവരോട് പറയാനുള്ളത്. തങ്ങള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ സ്ത്രീകളെ അനുവദിക്കണം,’ അവര്‍ പറഞ്ഞു. കായിക മത്സരങ്ങളില്‍ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള ബില്‍ കഴിഞ്ഞ മാസം ഫ്രഞ്ച് സെനറ്റിനു മുന്നിലെത്തിയിരുന്നു. വലതുപക്ഷ റിപബ്ലിക്കനുകള്‍ക്ക് ഭൂരിപക്ഷമുള്ള സെനറ്റ് ബില്‍ പാസാക്കുകയും ചെയ്തു. എന്നാല്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള ദേശീയ അസംബ്ലി ഈ ബില്‍ തള്ളിയിരുന്നു.
തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ലെസ് റിപബ്ലിക്കന്‍സ് പ്രതിനിധികളാണ് സെനറ്റില്‍ ബില്‍ അവതരിപ്പിച്ചത്. കളിക്കളത്തില്‍ നിഷ്പക്ഷത നിര്‍ബന്ധമാണെന്ന് പറഞ്ഞായിരുന്നു വിലക്കിനു നീക്കം നടത്തിയത്. ഫ്രഞ്ച് ഭരണകൂടത്തിന്റെ എതിര്‍പ്പിനെ മറികടന്ന് 143നെതിരെ 160 വോട്ടുകള്‍ക്കാണ് ബില്‍ സെനറ്റില്‍ പാസായത്. സ്പോര്‍ട്സ് ഫെഡറേഷനുകള്‍ സംഘടിപ്പിക്കുന്ന പരിപാടികളിലും മത്സരങ്ങളിലും പ്രകടമായ മതചിഹ്നങ്ങള്‍ ധരിച്ച് പങ്കെടുക്കുന്നതിനാണ് ബില്ലില്‍ വിലക്കേര്‍പ്പെടുത്തിയത്. തലമറച്ച് കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നത് അത്ലറ്റുകളുടെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്ന് ബില്ലില്‍ ചൂണ്ടിക്കാട്ടി. നിയമം ഔദ്യോഗികമായി നടപ്പായാല്‍ 2024ലെ പാരിസ് ഒളിംപിക്സിനും ഹിജാബ് നിരോധനം ബാധകമാകുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: