തിരുവല്ല: സംസ്ഥാനത്ത് ലൈഫ് ഭവന പദ്ധതി രണ്ടാംഘട്ടത്തിന്റെ ഭാഗമായി ഭൂരഹിത, ഭവനരഹിതരുടെ വീട് നിര്‍മാണത്തിന് കടമ്പകളേറെ. 1.78 ലക്ഷം പേര്‍ക്ക് രണ്ടാംഘട്ടത്തില്‍ വീട് വയ്ക്കാന്‍ കുറഞ്ഞത് മൂന്നു സെന്റ് ഭൂമി വീതമെങ്കിലും കണ്ടെത്തണം. ഇവരില്‍ ഭൂരിപക്ഷവും ദളിത്, പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ടവരാണ്.
ഭൂരഹിതരായവരുടെ വിഭാഗത്തില്‍ അപേക്ഷിച്ച 2.33 ലക്ഷം പേരില്‍ നിന്നാണ് 1.78 ലക്ഷം പേരെ തെരഞ്ഞെടുത്തത്. പാട്ടക്കാലാവധി കഴിഞ്ഞ 60,000 ഏക്കര്‍ ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുക്കാന്‍ മടിക്കുമ്പോഴാണ് വീട് വയ്ക്കാന്‍ ഒരു തുണ്ടു ഭൂമിക്കായി ഇവര്‍ സര്‍ക്കാരിന്റെ കനിവു കാത്തു കഴിയുന്നത്. ഭൂരഹിതരെ കണ്ടെത്തി ഭൂമി നല്‍കാനുള്ള ഭൂരഹിത കേരളം പദ്ധതിയും സ്തംഭിച്ചു.
ഭൂരഹിതര്‍ക്ക് ഭൂമി കണ്ടെത്താനുള്ള ഉത്തരവാദിത്വം തദ്ദേശ സ്ഥാപനങ്ങളെ ഏല്‍പ്പിച്ച് സര്‍ക്കാര്‍ കൈയൊഴിയുകയാണ്. സ്പോണ്‍സര്‍ഷിപ്പിലൂടെയും മറ്റും ഭൂമി കണ്ടെത്താനാണ് നിര്‍ദേശം. ഇതിന് തദ്ദേശ വകുപ്പ് മനസ്സോടിത്തിരി മണ്ണ് എന്ന പേരില്‍ കാമ്പയിന് ആരംഭിച്ചു. എന്നാല്‍, ഉത്തരവാദിത്വം തദ്ദേശ സ്ഥാപനങ്ങളുടെ തലയില്‍ വന്നതോടെ സ്പോണ്‍സര്‍മാരെ തേടി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നെട്ടോട്ടം തുടങ്ങി.
ഭൂരഹിതര്‍ക്ക് ഭൂമി കണ്ടെത്താന്‍ സര്‍ക്കാര്‍ നല്‍കുന്നത് രണ്ടു ലക്ഷം രൂപയാണ്. ഈ തുക ഉപയോഗിച്ച് കുറഞ്ഞത് മൂന്നു സെന്റ് സ്ഥലം വാങ്ങണം. ഇതില്‍ രണ്ടു പ്രശ്നങ്ങള്‍ സര്‍ക്കാര്‍ കാണുന്നില്ല. മൂന്നു സെന്റ് മാത്രമായി ലഭിക്കുക പ്രയാസമാണ്. രണ്ട് ലക്ഷം രൂപയ്ക്ക് മൂന്നു സെന്റ് കിട്ടാനും ബുദ്ധിമുട്ടാണ്. ലഭിച്ചാല്‍ തന്നെ വീട് വയ്ക്കാന്‍ അനുയോജ്യമാകണമെന്നില്ല. ഈ സാഹചര്യത്തില്‍ ഭൂമി സര്‍ക്കാര്‍ നേരിട്ടു വാങ്ങി നല്‍കുകയോ ഭൂമി വാങ്ങാനുള്ള തുക കൂട്ടുകയോ ചെയ്യണം. സ്പോണ്‍സര്‍ഷിപ്പിലൂടെ എത്ര പേര്‍ക്ക് ഭൂമി കണ്ടെത്തി കൊടുക്കാന്‍ കഴിയുമെന്നതില്‍ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സംശയമുണ്ട്.
പിഎംഎവൈ (നഗരം): കേന്ദ്ര വിഹിതം അനുവദിച്ചു
പ്രധാനമന്ത്രി ആവാസ് യോജന (നഗരം) – ലൈഫ് ഭവന പദ്ധതി പ്രകാരം 30 നഗരസഭകളിലെ 10,465 ഗുണഭോക്താക്കള്‍ക്ക് വീട് വയ്ക്കാന്‍ കേന്ദ്ര വിഹിതം അനുവദിച്ചു. ആകെ കേന്ദ്ര വിഹിതം 73.12 കോടി രൂപ. ഇതില്‍ 29.25 കോടിയാണ് ഇപ്പോള്‍ അനുവദിച്ചത്. കേന്ദ്ര സര്‍ക്കാര്‍ വിഹിതത്തിന് ഗുണഭോക്താക്കള്‍ക്കുള്ള ആനുപാതിക സംസ്ഥാന വിഹിതം 9.75 കോടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: