ഏഴു വര്‍ഷം മുമ്പാണ് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. അന്നു മുതല്‍ ഹൃദയമിടിപ്പിനൊപ്പം ഇടക്കിടെ ഒരു തേങ്ങല്‍ കാതിലെത്താറുണ്ട്. സാരമാക്കാറില്ല. എന്തായാലും ഏതോ സ്നേഹനിധിയുടെ ഹൃദയമല്ലെ. സ്നേഹമുള്ളിടത്ത് തേങ്ങലും കരച്ചിലുമൊക്കെയുണ്ടാവുമല്ലോ.
നാലു കൊല്ലം മുന്‍പ് നേത്രപടലവും പിന്നെ കര്ണപടലവും മാറ്റിവെച്ചു. ഇപ്പോള്‍ കാണേണ്ടാത്തത് കാണാനും കേള്‍ക്കേണ്ടാത്തത് കേള്‍ക്കാനും കഴിയുന്നതിലാണ് വിഷമം.
കഴിഞ്ഞ വര്‍ഷം വൃക്ക മാറ്റിവയ്ക്കലും നടന്നു. കശുവണ്ടി വലുപ്പമുള്ള ഒരു കൊച്ചു ശുദ്ധീകരണശാല പ്രവര്‍ത്തിക്കുന്ന ചെറിയ മുഴക്കങ്ങള്‍ ചിലപ്പോള്‍ കേള്‍ക്കാം. കാര്യമായെടുക്കാറില്ല. പുത്തനച്ചി പുരപ്പുറം അടിക്കുമെന്നാണല്ലോ ചൊല്ല്.
വേണ്ടായിരുന്നു ഇതൊക്കെ. ഈ മലയോരത്ത് മൂന്നേക്കറുണ്ടായിരുന്നത് മുപ്പത് സെന്റായി കുറഞ്ഞത് കഷ്ടം.
ഇനിയിപ്പോള്‍ നട്ടെല്ലിനെയാണ് ആസ്പത്രിക്കാര് നോട്ടമിട്ടിരിക്കുന്നത്. മാറ്റിവെക്കുകയോ ഓപ്പറേഷനോ എന്താണാവോ. എന്തായാലൂം നടപ്പില്ല. എല്ലാറ്റിനും ഒരു പരിധിയില്ലേ. ആകെയുള്ളത് എവിടെയും വളയ്ക്കാത്ത ഈ നട്ടെല്ലുമാത്രമാണ്. മരിച്ചാലും അത് മാറ്റിവയ്ക്കാന്‍ സമ്മതപത്രം ഒപ്പിടുന്ന പ്രശ്നമില്ല.
ഭാര്യയോടും മക്കളോടും പിണങ്ങി, സഹായിയുടെ കൈ തട്ടിമാറ്റി, തെന്നിത്തെന്നി പടിയിറങ്ങി അയാള്‍ എങ്ങോട്ടോ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: