കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസിയുടെ മരണം കൊലപാതകം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇത് തെളിഞ്ഞത്. പശ്ചിമബംഗാള്‍ സ്വദേശിനി തസ്മി ബീബിയാണ് കൊലപാതകം നടത്തിയത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. കഴുത്തിൽ മുറുകെ പിടിച്ച് ശ്വാസം മുട്ടിച്ചതാണ് യുവതി മരിക്കാൻ കാരണമെന്ന് പോസ്റ്റ്മോർട്ടം പരിശോധനയിൽ വ്യക്തമായി.
സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. എഡിഎംഒ ഡോ പിയൂഷ് നമ്പൂതിരിക്കാണ് അന്വേഷണ ചുമതല. രണ്ട് ദിവസത്തിനുളളല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സൂപ്രണ്ട് ഡോ. കെസി രമേശന് പറഞ്ഞു. മഹാരാഷ്ട്ര സ്വദേശിനിയായ ജിയറാം ജിലോട്ടിനെ ഇന്നലെയാണ് ആശുപത്രിയിലെ സെല്ലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജിയറാം ജിലോട്ട് മരിക്കുന്നതിന് തലേദിവസം സെല്ലില്‍ ബഹളം നടന്നിരുന്നു. കിടക്കയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ബലപ്രയോഗത്തില്‍ കലാശിച്ചത്.
രാത്രിയില്‍ ഭക്ഷണവുമായി ജീവനക്കാര്‍ എത്തിയപ്പോള്‍ ജിലോട്ട് രക്തവാര്‍ന്ന് തറയില്‍ കിടക്കുകയായിരുന്നു. ഈ രക്തം തസ്മി ബീബി തന്റെ മുഖത്ത് തേച്ചു. ഇത് കണ്ട ജീവനക്കാര്‍ വിചാരിച്ചത് പരിക്ക് പറ്റിയത് അവര്‍ക്കായിരിക്കുമെന്നാണ്. ജിലോട്ടിനെ ആരും ശ്രദ്ധിച്ചില്ല. പിറ്റേന്ന് രാവിലെ ആയിട്ടും ജിലോട്ട് ഉണരാത്തതില്‍ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മരണവിവരം അറിയുന്നത്.
ഇന്ന് ഡോക്ടറുടെ പരിശോധനക്ക് ശേഷം തസ്മിയെ അറസ്റ്റ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: