ഇടുക്കി: ജില്ലാ പോലീസ് ഡോഗ് സ്ക്വാഡിന്റെ ചരിത്രത്തിലാദ്യമായി കഡാവര്‍ ഡോഗ് ഏയ്ഞ്ചലെത്തി. സംസ്ഥാന പോലീസിലെ മൂന്നാമത്തേ കഡാവര്‍ ഡോഗ് ആണ് ഇടുക്കി ഡോഗ് സ്ക്വാഡിന്റെ ഭാഗമാകുന്നത്.
തുടര്‍ച്ചയായി പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് പ്രത്യേകം പരിശീലനം ലഭിച്ച ബെല്‍ജിയം മലിനോയ്സ് ഇനത്തില്‍പ്പെട്ട നായ ഇടുക്കിയിലെത്തുന്നത്. വിവിധ പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുന്ന സ്ഥലങ്ങളില്‍ കാണാതായ മനുഷ്യശരീരങ്ങള്‍ കണ്ടെത്തുവാന്‍ ഏയ്ഞ്ചലിനാകും. അഴുകിയ മനുഷ്യ അവശിഷ്ടങ്ങളുടെ മണം പിടിക്കാന്‍ പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളെയാണ് കഡാവര്‍ ഡോഗ് എന്ന് വിളിക്കുന്നത്.
അസാധാരണമായ ബുദ്ധിശക്തിയും ശക്തമായ ട്രാക്കിംഗ് കഴിവുകളും ഏകദേശം 15 അടി വരെ മണ്ണിനടിയില്‍ അകപ്പെട്ട മൃതദേഹങ്ങള്‍ കണ്ടുപിടിക്കാന്‍ കഴിവ് ഉള്ളതുമായ ഡോഗാണ് ഏയ്ഞ്ചല്‍. ദുര്‍ഘടമായ വഴിയിലൂടെയും ഉയരമുള്ള സ്ഥലങ്ങളിലേക്കും സഞ്ചരിക്കുവാനുള്ള കഴിവ് ഏയ്ഞ്ചലിന് ഉണ്ട്.
പെട്ടിമുടി ദുരന്തമുണ്ടായപ്പോള്‍ മൃതദേഹങ്ങള്‍ കണ്ടുപിടിക്കുവാനായി സമീപ ജില്ലയില്‍ നിന്നായിരുന്നു കഡാവര്‍ ഡോഗിനെ കൊണ്ടുവന്നിരുന്നത്. ഇടുക്കി ജില്ലാ നാര്‍ക്കോട്ടിക് സെല്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എ.ജി. ലാലിന്റെ നേതൃത്വത്തില്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് സബ് ഇന്‍സ്പെക്ടര്‍ റോയി തോമസ്സ്, ഹാന്‍ഡ്ലര്‍മാര്‍ സിവില്‍ പോലീസ് ഓഫീസര്‍മരായ ജിജോ റ്റി. ജോണ്‍, അഖില്‍ റ്റി. എന്നിവര്‍ക്കാണ് ഏയ്ഞ്ചലിന്റെ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: