ആലപ്പുഴ: സമുദായാംഗങ്ങളായ എല്ലാവര്ക്കും വോട്ടവകാശം നല്കിയ ഹൈക്കോടതി വിധി മറികടക്കുന്നതിന് സംസ്ഥാനസര്‍ക്കാരിനെ സമീപിക്കാന്‍ എസ്എന്‍ഡിപി യോഗം തീരുമാനം. കമ്പനി നിയമത്തില്‍ ഇളവ് തേടാനാണ് സംസ്ഥാന സര്‍ക്കാരിനെ സമീപിക്കുന്നത്. ആറ് മാസത്തിനകം ഇതിനുള്ള അനുമതി വാങ്ങുകയാണ് ലക്ഷ്യം. ചേര്‍ത്തലയില്‍ ചേര്‍ന്ന എസ്എന്‍ഡിപി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. പ്രാതിനിധ്യ വോട്ടവകാശമാണ് ഏറെ വര്‍ഷങ്ങളായി എസ്എന്‍ഡിപിയിലുള്ളത്.
നിലവിലെ കമ്മിറ്റി തുടരുന്നതില്‍ നിയമതടസ്സമില്ലെന്നും യോഗത്തില്‍ വിലയിരുത്തലുണ്ടായി. കമ്പനി നിയമത്തില്‍ ഭേദഗതി വരുത്താന്‍ അനുമതി കിട്ടിയാല്‍ ഇത് കോടതിയെ ബോധ്യപ്പെടുത്തണം. അതിന് ശേഷം സംഘടനാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങാമെന്നുമാണ് തീരുമാനം. നിലവിലെ വോട്ടിങ് രീതി ഹൈക്കോടതി റദ്ദാക്കിയതോടെ ഫെബ്രുവരി അഞ്ചിന് നടക്കാനിരുന്ന തെരഞ്ഞെടുപ്പ് മാറ്റിവച്ചതായി വരണാധികാരി പ്രസ്താവന ഇറക്കിയിരുന്നു. 1974-ല്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പ്രത്യേക ഇളവ് വാങ്ങിയാണ് പ്രാതിനിധ്യ വോട്ടവകാശ രീതിയുമായി നേതൃത്വം മുന്നോട്ടുപോയത്.
വെള്ളാപ്പള്ളി നടേശന് ജനറല്‍ സെക്രട്ടറിയായ ശേഷം 1999ല്‍, 200 പേര്‍ക്ക് ഒരു വോട്ട് എന്ന രീതിയില്‍ ഭരണഘടനാഭേദഗതി കൊണ്ടുവന്നു. എന്നാല്‍ കമ്പനി നിയമപ്രകാരം കേന്ദ്ര ഇളവ് ബാധകമല്ലെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതോടെ സംഘടനയിലെ 32 ലക്ഷം അംഗങ്ങളും വോട്ടെടുപ്പിന്റെ ഭാഗമാകണം.
നോണ്‍ ട്രേഡിങ് കമ്പനി നിയമപ്രകാരം സംസ്ഥാന സര്‍ക്കാരിനെ എസ്എന്‍ഡിപി നേതൃത്വത്തിന് സമീപിക്കാമെന്ന് കോടതി പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവ് വാങ്ങി അപ്പീല്‍ പോകാനാണ് എസ്എന്‍ഡിപി തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: