തിരുവനന്തപുരം : എയര്‍ ഇന്ത്യ സാറ്റ്സിലെ ഉദ്യോഗസ്ഥനെതിരേ വ്യാജപീഡന പരാതി ചമച്ചെന്ന കേസില്‍ കുറ്റപത്രത്തിന് പിന്നില്‍ ശിവശങ്കറിന്റെ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടാകാമെന്ന് സ്വപ്ന സുരേഷ്. കേസില്‍ ക്രൈംബ്രാഞ്ച് ഇത്രപെട്ടന്ന് നല്‍കിയതിന് പിന്നില്‍ ശിവശങ്കറാണെന്നാണ് താന്‍ കരുതുന്നതെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
കേസുകളെല്ലാം കൂട്ടി വായിക്കുകയാണ്. മാധ്യമങ്ങള്‍ക്ക് മുമ്പാകെ താന്‍ തുറന്ന് സംസാരിച്ചതിന്റെ അനന്തര ഫലം ആയിരിക്കാം ഇത്തരത്തില്‍ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം വേഗത്തിലാക്കിയതിന് പിന്നില്‍. ഇതിനായി ശിവശങ്കര്‍ തന്റെ അധികാരവും ഉപയോഗപ്പെടുത്തിയിട്ടുണ്ടാകാം. എന്തും നേരിടാന്‍ താനിപ്പോള്‍ തയ്യാറാണ്. കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ വിഷയത്തെ കുറിച്ച് സംസാരിക്കുന്നില്ല.
ശിവശങ്കര്‍ തനിക്കെതിരെ നടത്തിയ ആരോപണങ്ങള്‍ക്ക് എതിരെ മാത്രമാണ് താന്‍ പ്രതികരിച്ചത്. ശിവശങ്കറിനൊപ്പം ആര് നില്ക്കും നില്‍ക്കില്ല എന്നത് ഒരു വിഷയമല്ല. തനിക്കെതിരെ നടത്തിയ ആരോപണങ്ങളില്‍ പ്രതികരിച്ചു. അതെന്റെ അവകാശമാണ്. അതിനുള്ള സ്വാതന്ത്യമുണ്ടെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
ശിവശങ്കറിന്റെ പുസ്തകത്തിനെതിരെ പ്രതികരിച്ചതിലുള്ള ആക്രമണമാണ് ഇപ്പോള്‍ തനിക്കെതിരെ നടക്കുന്നത്. ഒന്നുകില്‍ ആക്രമണം, മരണം അല്ലെങ്കില്‍ ജയില്‍ എന്നാണ് വിശ്വസിക്കുന്നത്. വരും ദിവസങ്ങളില്‍ എന്ത് സംഭവിക്കുമെന്ന് തനിക്കറിയില്ല. ശക്തനായ ഉദ്യോഗസ്ഥനെതിരെയാണ് വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. എന്തിനേയും നേരിടാന്‍ തയ്യാറാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എയര്‍ ഇന്ത്യ സാറ്റ്സിലെ ഉദ്യോഗസ്ഥനെതിരേ വ്യാജ പീഡന പരാതി ചമച്ചെന്ന കേസില്‍ സ്വപ്ന സുരേഷ് ഉള്‍പ്പടെ 10 പേര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കിയിരിക്കുന്നത്. സാറ്റ്സ് വൈസ് ചെയര്മാന് ബിനോയ് ജേക്കബാണ് കേസിലെ ഒന്നാംപ്രതി. സ്വപ്ന സുരേഷ് രണ്ടാംപ്രതി സ്ഥാനത്താണ്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: