തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ ‘നമ്പര്‍ വണ്‍’ ആക്കാന്‍ മുമ്പ് ആരോഗ്യ വകുപ്പ് പൂഴ്ത്തിയ മരണക്കണക്കുകള്‍ ഇപ്പോള്‍ സര്‍ക്കാരിന് തിരിച്ചടിയാകുന്നു. പൂഴ്ത്തിവച്ച മരണകണക്കുകള്‍ കൂട്ടത്തോടെ റിപ്പോര്‍ട്ട് ചെയ്യേണ്ടിവന്നതോടെ പ്രതിരോധത്തിലായ സര്‍ക്കാര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരെ (ഡിഎംഒ) കരുവാക്കുന്നു. കൊവിഡ് മരണക്കണക്കില്‍ ഇരട്ടിപ്പുണ്ടായെന്ന് കാണിച്ചാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ആരോഗ്യ സെക്രട്ടറി നോട്ടീസ് നല്‍കുന്നത്.
ആരോഗ്യ സെക്രട്ടറി ഇറക്കിയ ഉത്തരവുകള്‍ പ്രകാരമാണ് ഡിഎംഒമാര്‍ ഇത്രയും കാലം പ്രവര്‍ത്തിച്ചിരുന്നത്. അന്തര്‍ദേശീയ മാനദണ്ഡങ്ങളും ഐസിഎംആര്‍ മാര്‍ഗരേഖകളും തെറ്റായി വ്യാഖ്യാനിച്ച് കൊവിഡ് മരണങ്ങള് കുറച്ചുകാണിക്കുകയായിരുന്നു ഇതുവരെ ആരോഗ്യ വകുപ്പ്. ആരോഗ്യവിദഗ്ധര്‍ ഇത് ചൂണ്ടിക്കാണിച്ചപ്പോള്‍ തിരുത്താതെ സര്‍ക്കാരിന് വേണ്ടി ന്യായീകരണങ്ങള്‍ നിരത്തുകയായിരുന്നു ആരോഗ്യ സെക്രട്ടറിയും കൂടെയുള്ള ഉദ്യോഗസ്ഥരും.
ഒന്നാം തരംഗത്തിലെയും രണ്ടാം തരംഗത്തിലേയും കൊവിഡ് മരണങ്ങള് അതത് ആശുപത്രികളില്‍ തീരുമാനിക്കാതെ സംസ്ഥാന തലത്തില്‍ ഓഡിറ്റിങ് കമ്മിറ്റി ഉണ്ടാക്കി കണക്കില്‍ വെള്ളം ചേര്‍ത്തു. ആശുപത്രികളില്‍ നിന്നുള്ള മരണക്കണക്കുകള്‍ ജില്ലകളില്‍ ക്രോഡീകരിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലേക്കും അവിടെ നിന്ന് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസിലേക്കുമാണ് നല്‍കുന്നത്. ഇതില്‍ വെട്ടിക്കുറയ്ക്കലുകള്‍ നടത്തിയാണ് മരണ സംഖ്യ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിരുന്നത്. ഇതിനെതിരെ വ്യാപക പരാതി ഉയരുകയും സുപ്രീംകോടതി ഇടപെടല്‍ ഉണ്ടാവുകയും ചെയ്തതോടെ പൂഴ്ത്തിവച്ചിരുന്ന മരണക്കണക്ക് പുറത്തുവിടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. തുടര്‍ന്ന് 2020 ജനുവരി 30 മുതല്‍ 2021 ജൂണ്‍ 17 വരെയുള്ള യഥാര്‍ഥ മരണകണക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ ആരോഗ്യ സെക്രട്ടറി ജില്ലാമെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
കൈയിലുണ്ടായിരുന്ന കണക്കും അപ്പീല്‍ വഴി ലഭിച്ചതും ചേര്‍ത്ത് ജില്ലകളില്‍ നിന്ന് വലിയതോതില്‍ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു തുടങ്ങി. സര്‍ക്കാര്‍ പൂഴ്ത്തിവച്ച കണക്കുകള്‍ പുറത്തുവന്നതോടെ ഡേറ്റാ എന്‍ട്രിയില്‍ ഉണ്ടായേക്കാവുന്ന സാങ്കേതിക പ്രശ്നം മൂലം ഏതാനും കണക്കില്‍ നേരിയ ഇരട്ടിപ്പ് ഉണ്ടായി. ഫണ്ടില്ല എന്ന് പറഞ്ഞ് കൊവിഡ് ബ്രിഗേഡിലെ ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരെ പിരിച്ചുവിട്ടിരുന്നു. ചില മരണങ്ങള് പട്ടികയില്‍ രണ്ടുതവണ ചേര്‍ത്തു. മരണനിരക്ക് ഉയരാന്‍ കാരണം ഇതാണെന്ന് വരുത്തിതീര്‍ക്കാനാണ് ഡിഎംഒമാര്ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്.
കോഴിക്കോട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ കണക്കിലാണ് ഇരട്ടിപ്പ് കണ്ടെത്തിയത്. പതിനഞ്ചു ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം 29നാണ് മെമ്മോ നല്‍കിയത്. മറുപടി നല്കാതിരിക്കുകയോ മറുപടി തൃപ്തികരമല്ലാതിരിക്കുകയോ ചെയ്താല്‍ നടപടി ഉണ്ടാകുമെന്നാണ് ഉത്തരവില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: