ന്യൂദല്‍ഹി: ഇന്ത്യയില്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുകയാണെന്നും അവരെ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്നും പാകിസ്ഥാന് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ ഈ അഭിപ്രായപ്രകടനം.
ഹിജാബ് ധരിക്കാന്‍ വിസമ്മതിക്കുന്ന കോളേജ് അധികൃതര്‍ മൗലികാവകാശങ്ങള്‍ ലംഘിക്കുകയാണെന്നും ഖുറേഷി കുറ്റപ്പെടുത്തി. ഇന്ത്യയില്‍ മുസ്ലിങ്ങളെ ചേരിയിലേക്ക് തള്ളുകയാണെന്നും അദ്ദേഹം ആരോപിച്ചു.
എന്നാല്‍ ഷിയാകളെയും ബലൂചികളെയും അഹമ്മദിയകളേയും ഹിന്ദുക്കളേയും സിഖുകാരെയും ക്രൂരമായി പീഡിപ്പിക്കുന്ന പാകിസ്ഥാന് ഇന്ത്യയെ വിമര്‍ശിക്കാന്‍ എന്തധികാരമാണുള്ളതെന്ന് ബിജെപി വക്താവ് ഷേഹ്സാദ് പൂനവാല ചോദിച്ചു. ഹിജാബിന് വേണ്ടി സമരം ചെയ്യുന്ന ഒരു പെണ്കുട്ടിക്കെതിരെപ്പോലും കര്ണ്ണാടകസര്ക്കാരോ കോളെജധികൃതരോ അച്ചടക്കനടപടി എടുത്തിട്ടില്ല. ഇവരുടെ പ്രശ്നം കര്‍ണ്ണാടകഹൈക്കോടതി കേട്ടുകൊണ്ടിരിക്കുകയാണെന്നും അല്ലാതെ പാകിസ്ഥാനിലേതു പോലെ എതിര്‍ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്നില്ലെന്നും ഷേഹ്സാദ് പൂനവാല പറഞ്ഞു.
അതിഭീകരമായ മതനിന്ദാ നിയമത്തിന്റെ പേരില്‍ സ്ത്രീകളെ പാകിസ്ഥാന് അടിച്ചമര്‍ത്തുകയാണ്. ചൈനയില്‍ ഉയ്ഗുര് മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്യുന്ന ചൈനയ്ക്കെതിരെ ഒരു വാക്കുപോലും ഉച്ചരിക്കാന്‍ പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് ധൈര്യപ്പെട്ടിട്ടില്ല.- ഷേഹ്സാദ് പൂനാവാല വിമര്‍ശിച്ചു.
സ്ത്രീകള്‍ക്കെതിരെ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് പല പിന്തിരിപ്പന് പ്രസ്താവനകളും നടത്തിയിട്ടുണ്ട്. സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നത് സ്ത്രീകള്‍ ചെറിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് മൂലമുള്ള പ്രലോഭനത്താലാണെന്ന് വരെ ഇമ്രാന് ഖാന് പറഞ്ഞതായും ഷേഹ്സാദ് പൂനാവാല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: