തൃശ്ശൂര്‍: കാട്ടാനകള്‍ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം വര്‍ധിച്ച സാഹചര്യത്തില്‍ വനാതിര്‍ത്തികളില്‍ പ്രവര്‍ത്തനരഹിതമായ വൈദ്യുതവേലി പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. അതിരപ്പിള്ളി മേഖലയിലാണ് കാട്ടനശല്യം രൂക്ഷമായി കൊണ്ടിരിക്കുന്നത്.
വെറ്റിലപ്പാറ, പിള്ളപ്പാറ, കൊന്നക്കുഴി തുടങ്ങിയിടങ്ങളില്‍ കാട്ടാനക്കൂട്ടം വ്യാപകമായ നാശമാണ് വിതക്കുന്നത്. ചാലക്കുടി, പാരിപ്പള്ളി മേഖലകളില്‍ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷികള്‍ നശിപ്പിച്ചതാണ് ഒടുവിലത്തെ സംഭവം. എണ്ണപ്പന തോട്ടത്തിലിറങ്ങിയ ആനക്കൂട്ടം നിരവധി പനകള്‍ പിഴുതെറിഞ്ഞിരുന്നു. വാഴ, കപ്പ, കവുങ്ങ് തുടങ്ങിയ കൃഷികളെല്ലാം നശിപ്പിക്കുകയാണ് ആനക്കൂട്ടം. പത്തോളം ഏക്കര്‍ സ്ഥലത്തെ കൃഷിയാണ് കാട്ടാനകള്‍ നശിപ്പിച്ചത്.
വന്യമൃഗങ്ങളുടെ ആക്രമണം തടയാന്‍ വനാതിര്‍ത്തികളിലെ വൈദ്യുതിവേലി പുന:സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതര്‍ നടപടിയെടുക്കുന്നില്ല. നിരവധി സ്ഥലങ്ങളില്‍ ഇപ്പോഴും വൈദ്യുതിവേലി പൂര്‍ത്തിയാക്കാനുണ്ട്. ജില്ലയിലെ വനാതിര്‍ത്തിയില്‍ ഏറിയ ഭാഗങ്ങളിലും സോളാര്‍വേലി നിര്‍മിച്ചിട്ടുണ്ടെങ്കിലും പൂര്‍ത്തീകരിച്ചിട്ടില്ലെന്ന് നാട്ടാകാര്‍ പറയുന്നു.
വൈദ്യുതവേലി ഒഴിവായ ഭാഗങ്ങളും ചിലയിടങ്ങളിലുണ്ട്. പാറക്കൂട്ടങ്ങളോടു ചേര്‍ന്നുള്ള ഭാഗങ്ങളിലും മറ്റുമാണ് വേലി നിര്‍മിക്കാനുള്ളത്. ഇതുവഴിയും കാട്ടാനകള്‍ കൂട്ടത്തോടെ ഇറങ്ങുന്നുണ്ട്. ആഴ്ചകള്‍ക്കു മമ്പാണ് കൊന്നക്കുഴിയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ചത്. വീടുകള്‍ക്കു സമീപം വരെ ആനകള്‍ എത്തിയിരുന്നു. ഇവിടെ വൈദ്യുതവേലി പ്രവര്‍ത്തനരഹിതമായതാണ് ആനകള്‍ ഇറങ്ങാന്‍ കാരണം. ഇതിന് മുമ്പ് നമ്പ്യാര്‍മലയില്‍ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷികള്‍ നശിപ്പിച്ചിരുന്നു.
ഇവിടെ രണ്ടു കിലോമീറ്ററോളം സോളാര്‍വേലി നിര്‍മിച്ചിരുന്നില്ല. അതുവഴിയാണ് കാട്ടാനകള്‍ ഇറങ്ങിയത്. വേലി നിര്‍മിച്ച ഭാഗത്തു കൂടെയും വന്യമൃഗങ്ങള്‍ക്കു കടന്നുവരാവുന്ന അവസ്ഥയാണ്. വേലിയില്‍ വൈദ്യുതപ്രവാഹമില്ലാത്തതാണ് കാരണം. ഒരു പതിറ്റാണ്ടു മുമ്പാണ് ലക്ഷങ്ങള്‍ ചെലവഴിച്ച് ഇവിടെ സോളാര്‍വേലി നിര്‍മിച്ചത്. കുറച്ചുകാലം നന്നായി പ്രവര്‍ത്തിച്ചുവെങ്കിലും പിന്നീട് വേലി കാടുകയറി നശിക്കുകയായിരുന്നു.
സ്വകാര്യവ്യക്തികളുടെ പറമ്പിലൂടെയാണ് സോളാര്‍വേലി സ്ഥാപിച്ചത്. ഏക്കര്‍ കണക്കിനു ഭൂമിയുള്ളവര്‍ കാട് യഥാസമയം വൃത്തിയാക്കാന്‍ തയാറായില്ല. കാടുമൂടിയതോടെയാണ് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം വൈദ്യുതവേലി പ്രവര്‍ത്തനരഹിതമായത്. വന്യമൃഗങ്ങള്‍ കാട് കയറുന്നത് തടയാനും വൈദ്യുതി വേലിയുടെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ടുകൊണ്ടുപോകാനും വാച്ചര്‍മാരെ നിയമിക്കണമന്ന് ഫോറസ്റ്റ് വകുപ്പിനോട് നാട്ടുകാര്‍ ആവശ്യപ്പെട്ടുവെങ്കിലും നടപ്പായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: