പാലക്കാട്: മലമ്പുഴയിലെ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ 24 മണിക്കൂര്‍ പിന്നിട്ടിട്ടും ഫലം കണ്ടില്ല. യുവാവിനെ രക്ഷിക്കാന്‍ നാവികസേനയുടെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുളള സഹായം തേടിയതായി ജില്ലാ കളക്ടര്‍ മൃണ്മയി ജോഷി അറിയിച്ചു.പാറയിടുക്കിലേക്ക് വീണ് കാലിന് പരിക്കേറ്റ നിലയില്‍ യുവാവിനെ കാണാമെങ്കിലും അവിടേക്ക് എത്തിപറ്റുന്നതിന് വളരെ ബുദ്ധിമുട്ടുണ്ടെന്നും കളക്ടർ അറിയിച്ചു.
ആദ്യഘട്ടമായി രക്ഷിക്കാന്‍ റോപ് നല്‍കിയുളള ശ്രമം പരാജയപ്പെട്ടു. രണ്ടാമത് സാദ്ധ്യതയായി പര്‍വതാരോഹകരുടെ സഹായം തേടാനും ആലോചനയുണ്ട്.ഇതിനായി കോഴിക്കോട് നിന്നുമുളള പര്‍വതാരോഹകരോട് സ്ഥലത്തേക്ക് എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തിങ്കളാഴ്ച ഉച്ചയോടെയാണ് ചെറാട് മലയിലെ ചെങ്കുത്തായ ഭാഗമായ കുറുമ്പാച്ചി മലയിലേക്ക് ബാബു രണ്ട് കുട്ടികളുമായി എത്തിയത്. പകുതി വഴിയില്‍ വച്ച് കുട്ടികള്‍ പിന്മാറി. എന്നാല്‍ ബാബു വീണ്ടും മലകയറ്റം തുടര്‍ന്നു. ഇതിനിടെയാണ് കാല് തെറ്റി ബാബു പാറക്കെട്ടിനിടയിലേക്ക് വീണത്.
കൂടെ മലകയറിയ കുട്ടികള്‍ നല്കിയ സൂചനയനുസരിച്ച് അഗ്നിരക്ഷാ സേന സ്ഥലം കണ്ടെത്തിയത്. ബാബുവിന് നാവികസേനാ ഹെലികോപ്റ്റര്‍ വഴി ആഹാരവും ഭക്ഷണവും നല്കാന് ശ്രമിക്കുന്നുണ്ട്. ഇതിനൊപ്പം എയര്‍ലിഫ്റ്റ് ചെയ്യാനുളള സാദ്ധ്യതകളും നോക്കുകയാണ്.
മലയുടെ ചുവട്ടില്‍ ബാബുവിന്റെ കുടുംബാംഗങ്ങളും പൊലീസും നാട്ടുകാരും കാത്തിരിക്കുകയാണ്. ട്രക്കിംഗ് നടക്കാത്ത വനമേഖലയിലാണ് ബാബു ഉള്‍പ്പടെ നാലുപേര്‍ ട്രക്കിംഗിന് ഇവിടെയെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: