ചെറുതോണി: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫില്‍ നിന്ന് ഇടതുപക്ഷം പിടിച്ചെടുത്തു. ഭരണ സ്വാധീനത്തില്‍ വലിയ തോതില്‍ പണമൊഴുക്കിയാണ് അട്ടിമറി നടത്തിയതെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്.
മുന്‍ പ്രസിഡന്റ് രാജി ചന്ദ്രന് കോണ്‍ഗ്രസ് വിട്ട് എല്‍ഡിഎഫില്‍ ചേര്‍ന്നതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. രാജി ചന്ദ്രന് തന്നെ വീണ്ടും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായി. 13 അംഗ ഭരണസമിതിയില്‍ യുഡിഎഫിന്- ഏഴ്, എല്‍ഡിഎഫ്- ആറ് എന്നിങ്ങനെയായിരുന്നു കക്ഷിനില. യുഡിഎഫ് ധാരണ അനുസരിച്ച് ആദ്യ ഒരു വര്‍ഷം കോണ്‍ഗ്രസിലെ രാജിചന്ദ്രനും അടുത്ത രണ്ടര വര്‍ഷം കോണ്‍ഗ്രസിലെ തന്നെ ആന്‍സി തോമസിനും അവസാന ഒന്നര വര്‍ഷം കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനുമായിരുന്നു പ്രസിഡന്റ് സ്ഥാനം.
ഇതനുസരിച്ച് ജനുവരിയില്‍ കാലാവധി തീര്‍ന്നതോടെ രാജി ചന്ദ്രനോട് യുഡിഎഫ് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടു. തുടങ്ങിവെച്ച വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് മൂന്നുമാസം കൂടി അനുവദിക്കണമെന്നായിരുന്നു രാജിയുടെ ആവശ്യം. എന്നാല്‍ യുഡിഎഫ് നേതൃത്വം ഇത് അംഗീകരിക്കാത്തതിനെ തുടര്‍ന്ന് രാജി രാജി വച്ചു. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയോഗം ആന്‍സി തോമസിനെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. യോഗത്തില്‍ രാജിചന്ദ്രന് പങ്കെടുത്തിരുന്നില്ല. ഇന്നലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ ഞെട്ടിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കൊപ്പമാണ് രാജി എത്തിയത്.
സമ്മേളന ഹാളില്‍ എല്‍ഡിഎഫ് മെമ്പര്‍മാര്‍ക്കൊപ്പമാണ് ഇരുന്നത്. രാവിലെ 11ന് നടന്ന തെരഞ്ഞെടുപ്പില്‍ ഡെപ്യൂട്ടി കളക്ടര്‍ ജോളിയായിരുന്നു വരണാധികാരി. എല്‍ഡിഎഫ് നോമിനിയായി രാജി ചന്ദ്രനും യുഡിഎഫ് പ്രതിനിധിയായി ആന്‍സി തോമസും നോമിനേഷന് നല്കി. രാജി ചന്ദ്രന് ഏഴും ആന്‍സി തോമസിന് ആറും വോട്ടും ലഭിച്ചു.
അതേ സമയം പുതിയ ഡിസിസി പ്രസിഡന്റ് സ്ഥാനമേറ്റ ശേഷം മാത്രം മൂന്ന് പഞ്ചായത്തുകളിലാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. ഇതോടെ ഒരു വിഭാഗം ആളുകള്‍ പ്രസിഡന്റിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി കഴിഞ്ഞു.
സംഘര്‍ഷം; കോണ്‍ഗ്രസ് നേതാവിന് പരിക്ക്
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോസ് ഊരക്കാട്ടിന് മര്‍ദനമേറ്റു. തെരഞ്ഞെടുപ്പിന് മുമ്പ് വിപ്പ് നല്‍കുന്നതിന് ബ്ലോക്ക് ഓഫീസിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് ജോസിന് മര്‍ദനമേറ്റത്.
അമ്പതോളം വരുന്ന ഇടത് പ്രവര്‍ത്തകര്‍ കപ്പക്കോലും കാപ്പിവടിയും ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നെന്നാണ് ആക്ഷേപം. പരിക്കേറ്റ ജോസിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാലിടറി യുഡിഎഫ്
അടുത്തിടെ മാത്രം മൂന്ന് പഞ്ചായത്തുകളിലാണ് യുഡിഎഫിന് കാലിടറിയത്. ആകെയുള്ള 52 പഞ്ചായത്തില്‍ 30 ഓളം ഇടത്താണ് ഇപ്പോള്‍ ഇടതുപക്ഷം ഭരണം നടത്തുന്നത്. മൂന്നാര്‍, വാത്തിക്കുടി, കുടയത്തൂര്‍ പഞ്ചായത്തുകളിലെ ഭരണം സമാന രീതിയില്‍ യുഡിഎഫിന് നഷ്ടപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇടുക്കി ബ്ലോക്കിലും അട്ടിമറി അരങ്ങേറിയത്. എല്ലായിടത്തും ഭരണ പങ്കുവയ്ക്കുകയും ആദ്യത്തെ ആളുടെ കാലാവധി അവസാനിക്കുമ്പോള്‍ വലിയ ഓഫര്‍ നല്കി ഇടതുപക്ഷം വിലക്കെടുക്കയും ചെയ്യുന്നതാണ് രീതി.
സംഭവത്തില്‍ ജില്ലയിലെ കോണ്‍ഗ്രസില്‍ വലിയ എതിര്‍പ്പുകളും ഉയര്‍ന്ന് കഴിഞ്ഞു. ഒരു മുന്നണിയായി നിന്ന ശേഷം ജയിക്കുകയും പിന്നീട് കാലുമാറുകയുമാണ് മിക്കയിടത്തും നടക്കുന്നത്. നേരത്തെ ലീഗ് കൗണ്‍സിലര്‍ കാലുമാറിയതോടെ തൊടുപുഴ നഗരസഭയിലെ ഭരണം ഇടതുപക്ഷം പിടിച്ചെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: