മുംബൈ: ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസാണെന്ന് പൊതുവേദിയില്‍ പ്രസംഗിച്ച കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ നല്കിയ മാനനഷ്ടക്കേസില്‍ ഈ മാസം പത്തിന് വിചാരണ തുടങ്ങും. ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജേഷ് കുന്ദെ നല്കിയ ഹര്‍ജിയില്‍ ഭിവണ്ടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് നടപടികള്‍.
അഞ്ചാം തീയതി കേസ് പരിഗണിക്കാന്‍ ഇരുന്നതാണെങ്കിലും കുന്ദെയ്ക്ക് അന്ന് അസൗകര്യം ഉള്ളതിനാല്‍ മജിസ്ട്രേറ്റ് ജെവി പലിവാള്‍ പത്തിലേക്ക് മാറ്റുകയായിരുന്നു. ജനപ്രതിനിധികളുള്‍പ്പെട്ട കേസുകളില്‍ വാദം വേഗത്തിലാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ടെന്നും അതിനാല്‍ ഇനി നീട്ടാനാവില്ലെന്നും കോടതി രാഹുലിന്റെ അഭിഭാഷകന് നാരായണ അയ്യരോട് പറഞ്ഞു.
തന്റെ കക്ഷിയും പ്രതിയുമായ രാഹുല്‍ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കിലാണെന്നു പറഞ്ഞപ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 2014ലെ തെരഞ്ഞെടുപ്പു സമയത്താണ് രാഹുല്‍ ഭിവണ്ടിയിലെ പൊതുയോഗത്തില്‍ ആര്‍എസ്എസിനെതിരായ ആരോപണം ഉന്നയിച്ചത്. ദിവസങ്ങള്‍ക്കുള്ളില്‍ കേസ് നല്‍കിയെങ്കിലും നടപടികള്‍ ഇഴഞ്ഞു നീങ്ങുകയാണ്. 2018ല്‍ കോടതി രാഹുലിന് കുറ്റപത്രം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: