അഡ്വ. എസ്. ജയസൂര്യന്‍
ബജറ്റുകളുടെ ചരിത്രത്തെ ഗതിമാറ്റിയ ബജറ്റാണ് ഇത്തവണ കേന്ദ്രം അവതരിപ്പിച്ചതെങ്കില്‍ കാര്‍ഷികരംഗത്തെ വിപ്ലവ ബജറ്റ് കൂടിയാണ് അത്. സബ്സിഡി നല്‍കിയും, കടം എഴുതിത്തള്ളിയും പലിശരഹിത വായ്പകള്‍ പ്രഖ്യാപിച്ചും, പാക്കേജുകളുടെ പിന്‍ബലത്തോടെയും, എന്നും ദരിദ്രരായി നിലനില്ക്കേണ്ട ഒരു വിഭാഗമാണ് ഭാരതത്തിലെ കര്‍ഷകര്‍ എന്നുള്ള പരമ്പരാഗത വിശ്വാസത്തെ പൊളിച്ചെഴുതുന്നതാണ് ഈ ബജറ്റ്.
കാര്‍ഷിക ഉത്പന്നങ്ങളുടെ മൂല്യവര്‍ധന, ശാസ്ത്രസാങ്കേതിക വിദ്യകളുടെ പിന്തുണ തുടങ്ങിയവയ്ക്കു പുറമെ ഭാരത ചരിത്രത്തില്‍ ആദ്യമായി കാര്‍ഷിക യൂണിവേഴ്സിറ്റികളുടെയും കോളേജുകളുടെയും സിലബസുകള്‍ തന്നെ പൊളിച്ചെഴുതാന്‍ പോകുകയാണ്. കാര്‍ഷിക സഹകരണ സ്ഥാപനങ്ങള്‍ മുഴുവന്‍ അടിയന്തരമായി ഡിജിറ്റലൈസ് ചെയ്യുകയും കമ്പ്യൂട്ടറൈസ് ചെയ്യുകയും അഖിലേന്ത്യാതലത്തില്‍ ഒറ്റ നെറ്റ് വര്‍ക്കിന് കീഴില്‍ കൊണ്ടുവരികയും ചെയ്യാനുള്ള നീക്കം ഗവണ്മെന്റ് കൈക്കൊണ്ട ഗതി മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്.
താങ്ങുവിലയ്ക്ക് പിന്തുണ
ധാന്യ സംഭരണത്തിന് 2.73 ലക്ഷം കോടി രൂപയുടെ വിഹിതം പ്രഖ്യാപിച്ചത്, താങ്ങുവില കാര്യത്തില്‍ സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന പ്രഖ്യാപനമാണ്. കേരളത്തിലെ കേരകര്ഷകരില് നിന്ന് ഉയര്‍ന്ന താങ്ങുവില നല്കി കൊപ്ര സംഭരിക്കാനുള്ള നിര്‍ദ്ദേശവുമുണ്ട്. നാഫെഡ്, നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന് എന്നിവ വഴിയാണ് ഈ സംഭരണം നടക്കുക.
സംഭരണ ഏജന്‍സികള്‍ക്ക് ഒരു ശതമാനം കമ്മീഷന് നല്‍കാനും ക്വിന്റല്‍ ഒന്നിന് 30 രൂപ കൈകാര്യ ചെലവ് കൊടുക്കുവാനും, ഗോഡൗണിലേക്ക് ചരക്ക് എത്തിക്കാനുള്ള ചിലവ് വഹിക്കുവാനും കേന്ദ്രം തയ്യാറായി. മാത്രമല്ല സംഭരണം നടന്ന് മൂന്ന് ദിവസത്തിനകം കര്‍ഷകന്റെ അക്കൗണ്ടില്‍ പണം എത്തിക്കുകയും ചെയ്യും. ഭക്ഷ്യ എണ്ണയ്ക്കു വേണ്ടി വിദേശരാജ്യങ്ങളെ ഇപ്പോഴും ആശ്രയിക്കുന്ന അടിമത്തം അവസാനിപ്പിക്കുക എന്നത് കേന്ദ്ര സര്‍ക്കാരിന്റെ ഇത്തവണത്തെ ലക്ഷ്യമാണ്. ഇതിനായി എണ്ണക്കുരുക്കളുടെ ആഭ്യന്തര ഉല്പാദനം വര്‍ദ്ധിപ്പിക്കുവാനുള്ള നടപടികളിലേക്ക് കേന്ദ്രം കടന്നിരിക്കുന്നു.
കാര്‍ഷികരംഗം ആധുനികീകരിക്കും
പാശ്ചാത്യ-പൗരസ്ത്യ വ്യത്യാസമില്ലാതെ ലോകമെമ്പാടും കാര്‍ഷിക രംഗത്ത് ശാസ്ത്ര സാങ്കേതിക സംവിധാനങ്ങളും ആധുനിക യന്ത്ര സംവിധാനങ്ങളും ഉപയോഗിച്ച് മുന്നേറുമ്പോള്‍ ഭാരതം പരമ്പരാഗത കൃഷിരീതിതന്നെ അവലംബിക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്താനാണ് പിപിപി മോഡല്‍ സ്ഥാപനങ്ങളിലൂടെ ആധുനിക സാങ്കേതികവിദ്യകളും യന്ത്രങ്ങളും കര്‍ഷകരിലേക്ക് കൈമാറുന്നത്.
ഉയര്‍ന്ന വിലയുള്ള കാര്‍ഷിക ഉപകരണങ്ങള്‍ നബാര്‍ഡ് പോലുള്ള കാര്‍ഷിക സ്ഥാപനങ്ങള്‍വഴി കര്‍ഷകര്‍ക്ക് വാടകയ്ക്ക് കിട്ടും. ഇത്തരം ഉപകരണങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വായ്പയും നല്‍കും. വായ്പകള്‍ക്ക് 35 ശതമാനം മുതല്‍ 90 ശതമാനം വരെ സബ്സിഡിയും ഉണ്ടാവും.
ഡ്രോണ്‍ പറക്കും പാടങ്ങള്‍
ആളില്ലാത്ത വിദൂര നിയന്ത്രിത ചെറുവിമാനങ്ങള്‍ ആണ് ഡ്രോണുകള്‍. ഇവ ഉപയോഗിച്ച് വിളവ് തിട്ടപ്പെടുത്താനും കീടനാശിനി എവിടെയൊക്കെ എത്രമാത്രം അളവില്‍ തളിക്കണമെന്നും, ആവശ്യമുള്ളിടത്ത് മാത്രം കൃത്യമായ അളവില്‍ വളം വിതറാനും ഭൂമിയുടെ അതിര്‍ത്തിയും വിസ്തീര്‍ണ്ണവും രേഖകളും കൃത്യമാക്കുവാനും ഉള്ള ആധുനിക സാങ്കേതിക വിദ്യയാണ് കാര്‍ഷിക ഡ്രോണുകള്‍ വഴി യാഥാര്‍ത്ഥ്യമാവാന്‍ പോകുന്നത്.
നദീസംയോജനവും സംരക്ഷണവും
അഞ്ച് വലിയ നദികളെ സംയോജിപ്പിക്കുകയും ചെറു നദികളുടെ ജലധാര സംരക്ഷിക്കുകയും ചെയ്യുക എന്നുള്ള തീരുമാനം വിശാലമായ ജലലഭ്യതയിലൂടെ ലക്ഷക്കണക്കിന് ഹെക്ടര്‍ സ്ഥലത്ത് കൂടുതല്‍ കൃഷി സാധ്യമാക്കുക എന്ന ലക്ഷ്യമാണ് മുന്നില്‍ വച്ചിരിക്കുന്നത്.
കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകള്‍
ഐടി മേഖലയില്‍ തുടക്കം കുറിക്കുകയും ബിസിനസ് മേഖലയില്‍ വിജയം വരിക്കുകയും ചെയ്ത സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ കാര്‍ഷിക മേഖലയ്ക്ക് ഏറെ അനുയോജ്യമാണ് എന്ന് കണ്ടെത്തിയ കേന്ദ്ര ഗവണ്മെന്റ് എടുത്ത വിപ്ലവകരമായ മറ്റൊരു തീരുമാനമാണ് കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകള്‍ .ഇത്തരം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പണം നല്കാന് പ്രത്യേകമായ ഫണ്ട് നബാര്‍ഡിന് അനുവദിച്ചിട്ടുണ്ട്.
ലോജിസ്റ്റിക്സ് വികസനം
ഭാരതത്തില്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷിക ഉല്പന്നങ്ങളില് 40 ശതമാനം മുതല്‍ 60 ശതമാനം വരെ വഴിയില്‍ കെട്ടിക്കിടക്കുന്ന സമയത്ത് കേടാവുകയോ വില നഷ്ടപ്പെടുകയോ ചെയ്യുന്ന അവസ്ഥയാണ് ഇന്ന് ഉള്ളത്. ഇത് ഒഴിവാക്കാന്‍ വളരെ വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് ചരക്കുകള്‍ എത്തിക്കേണ്ടതുണ്ട്. കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ ഭൂരിഭാഗവും വളരെ പെട്ടെന്ന് കേടാവുന്ന പഴം, പച്ചക്കറി, പാല്, മുട്ട മത്സ്യം, ഇറച്ചി എന്നിങ്ങനെ ഉള്ളവയാണ്. എന്നാല്‍ ശീതീകരിച്ച ആധുനിക സംവിധാനങ്ങളോടു കൂടിയ ചരക്ക് ഗതാഗത സൗകര്യങ്ങള്‍ വികസിക്കാത്ത ഒരു രാജ്യമായിരുന്നു ഭാരതം. ഈ രംഗത്ത് മാറ്റങ്ങള്‍ വരാത്തിടത്തോളം കാലം കര്ഷകന് അവന്റെ അധ്വാനഫലം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത് പരിഹരിക്കാനാണ് ലോജിസ്റ്റിക്സ് രംഗത്ത് വലിയ മുതല്‍മുടക്കിനു കേന്ദ്ര ഗവണ്മെന്റ് തയ്യാറാവുന്നത്.
റബ്ബര്‍ ഇറക്കുമതി നിയന്ത്രണം
കാര്‍ഷികമേഖലയില്‍ നിന്ന് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന നിര്‍മ്മാണ വസ്തുക്കളുടെ നികുതി കൂട്ടിയിട്ടുണ്ട് .ഇതുകാരണം ഭാരതത്തിലെ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വില വര്‍ദ്ധനവും ലഭിക്കും. ഉദാഹരണമായി റബറിന്റെ കാര്യമെടുക്കാം. ആവശ്യത്തിനുള്ള റബര്‍ ഉല്പാദനം ഇല്ലാത്ത രാജ്യമാണ് ഭാരതം. എങ്കിലും വിദേശത്തുനിന്ന് റബറിന്റെ അസംസ്കൃത വസ്തുക്കള്‍ ഭാരതത്തിലേക്ക് ഇറക്കുമതി ചെയ്യുമ്പോള്‍ റബ്ബര്‍ വിലയെ അത് ദോഷകരമായി ബാധിക്കാറുണ്ട്. എന്നാല്‍ അവയ്ക്ക് നികുതി കൂട്ടിയത് മൂലം റബര്‍ ഇറക്കുമതി കുറയുകയും ആഭ്യന്തര വിപണിയില്‍ റബര്‍ വില ഉയരുകയും ചെയ്യും. ഇതുമാത്രമല്ല പ്രതിരോധത്തിനും മറ്റു മേഖലയ്ക്കും റബര്‍ ഉപയോഗം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ഡിമാന്‍ഡ് വര്‍ദ്ധിക്കുകയും റബ്ബര്‍ വില വര്‍ദ്ധിക്കുകയും ചെയ്യും.
സബ്സിഡികളുടെ കാര്യം
കാര്‍ഷിക രംഗത്തെ വലിയ ആക്ഷേപമാണ് വളത്തിനും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും സബ്സിഡി വര്‍ദ്ധിക്കുന്നില്ല എന്നുള്ളത്. ഭാരതത്തില്‍ ഇന്നും നിലനില്‍ക്കുന്ന മണ്ഡി വ്യവസ്ഥയും സംസ്കാരവും സബ്സിഡികള്‍ കര്ഷകനില് എത്തുന്നത് തടയുകയാണ് ചെയ്യുന്നത്. ഇതിനെതിരെ കേന്ദ്രം നടത്തിയ നിയമ നിര്‍മ്മാണമാണ് നിര്‍ഭാഗ്യവശാല്‍ പിന്‍വലിക്കേണ്ടി വന്നത്. അതിന്റെ ഫലമായി കാര്‍ഷിക സബ്സിഡിയും വളം സബ്സിഡിയും മണ്ഡി മുതലാളിമാര്‍ കൈപ്പറ്റുകയാണ്.
മണ്ഡികള്‍ കുറവുള്ള കേരളത്തില്‍ ആവട്ടെ വളം വിതരണത്തില്‍ അശാസ്ത്രീയത നിലനിര്‍ത്തി വന്‍ കൊള്ളയാണ് നടത്തുന്നത്. വിരലടയാളം പതിച്ചതിനു ശേഷം മാത്രം വളം വില്‍ക്കണം എന്ന കേന്ദ്ര നിയമം കേരളത്തില്‍ കാറ്റില്‍പറത്തി. ഇതുവഴി വളം സബ്സിഡി തല്പരകക്ഷികള് തട്ടിയെടുക്കുന്നു. കേരളം ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളും ഉപയോഗിച്ച വളത്തിന്റെ കണക്ക് കേന്ദ്ര ഗവണ്മെന്റിന് നല്‍കിയിട്ടില്ല.കേരളത്തിലെ കാര്‍ഷിക സബ്സിഡി വിതരണവും കാര്യക്ഷമമായി നടത്താന്‍ സംസ്ഥാന കൃഷിവകുപ്പിന് താല്പര്യവുമില്ല. കര്ഷകരോട്പ്രതിപത്തി ഇല്ലാത്ത ഇത്തരം സംസ്ഥാന ഗവണ്മെന്റ്കള് കേന്ദ്രത്തോട് സഹകരിക്കാത്തതുകാരണമാണ് കൃത്യമായ അളവില്‍ സബ്സിഡി വിതരണം നടത്താന്‍ കഴിയാതെ വരുന്നതും , സംസ്ഥാനം സബ്സിഡിയുടെ കണക്കുകള്‍ പൂഴ്ത്തി വയ്ക്കുന്നതിനാല്‍ ആവശ്യത്തിന് സബ്സിഡി അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിക്കാതെ വരുന്നതും.
മൂല്യവര്‍ദ്ധന
ആയിരം വര്‍ഷം മുമ്പ് വിറ്റഴിക്കുന്ന അതേ രീതിയിലാണ് ഇന്നും നമ്മള് കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില്പന നടത്തിക്കൊണ്ടിരിക്കുന്നത്. ഉല്‍പ്പന്നങ്ങള്‍ മൂല്യവര്‍ധന വരുത്തി വിറ്റാല്‍ പലമടങ്ങ് വിലവര്‍ധന കര്ഷകന് ലഭിക്കും. രാസ മുക്തമായ കൃഷിരീതിയിലൂടെ ഉത്പാദിപ്പിക്കുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ വിലയാണ് ലഭിക്കുന്നത്. എന്നാല്‍ കര്ഷകന് ആ തരത്തില്‍ മാര്‍ഗദര്‍ശനം നല്കാന് സംസ്ഥാനങ്ങള്‍ ഇനിയും തയ്യാറായിട്ടില്ല.
ഉദാഹരണമാണ് കേരളത്തിലെ ഏലം. ഇപ്പോള്‍ ഏലത്തിന് കിലോയ്ക്ക് 1000 രൂപയ്ക്ക് താഴെ മാത്രമാണ് വില. എന്നാല്‍ രാസ മുക്തമായ ഏലത്തിനു ഭാരതത്തിനുള്ളില്ത്തന്നെ 4000 മുതല്‍ 5000 രൂപ വരെ വില ഒരു കിലോയ്ക്ക് ലഭ്യമാണ്. ഇതിനുള്ള അന്തരീക്ഷം ഒരുക്കേണ്ടതും,പിന്തുണ നല്‍കേണ്ടതും സംസ്ഥാന കൃഷി വകുപ്പ് ആണ് .
കാര്‍ഷിക പാഠ്യപദ്ധതി പരിഷ്കാരം
രാജ്യമെമ്പാടുമുള്ള നൂറുകണക്കിന് കാര്‍ഷിക കോളേജുകളിലൂടെയും ,ആയിരക്കണക്കിന് കൃഷി ഓഫീസുകളിലൂടെയും ആധുനിക കാര്‍ഷിക രീതികള്‍ കര്‍ഷകരെ പരിചയപ്പെടുത്താവുന്നതാണ്. നാടന്‍ കൃഷി, ജൈവകൃഷി, ചെലവില്ലാ കൃഷി, ആധുനിക കൃഷി, എന്നിവ കാര്‍ഷിക പാഠ്യ പദ്ധതിയില്‍ ഉള്‍പെടുത്തുകയും അത് പഠിച്ചിറങ്ങുന്നവര്‍ കര്‍ഷക കോടികളെ അവ പരിശീലിപ്പിക്കുകയും ചെയ്താല്‍ വളരെ വേഗം ലക്ഷ്യം നേടാന്‍ സാധിക്കും. ഇതിനായി സോഷ്യല്‍മീഡിയയും ഇലക്ട്രോണിക് മീഡിയയും ആധുനിക സാങ്കേതികവിദ്യകളും ഉപയോഗിക്കുകയും ചെയ്യാം. പഴം പച്ചക്കറി ഉല്പാദന മേഖലയിലും വിളവെടുപ്പ് സാങ്കേതികവിദ്യയിലും കര്‍ഷകരെ പ്രബുദ്ധരാക്കുവാന്‍ സംസ്ഥാന സര്‍ക്കാരുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര ബജറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ചെറു ധാന്യങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കുകയും അവയെ ബ്രാന്‍ഡ് ചെയ്തു ആഗോളവിപണിയില്‍ എത്തിക്കുകയും ചെയ്യുക എന്നുള്ളത് ഈ കാര്‍ഷിക ബജറ്റ് മുന്നോട്ടു വയ്ക്കുന്ന വലിയ പ്രത്യേകതയാണ്.
സെന്റര്‍ ഫോര്‍ എക്സലന്‍സ് കേന്ദ്രങ്ങള്‍
കാര്‍ഷിക മേഖലയില്‍ മേല്‍പ്പറഞ്ഞ മാറ്റങ്ങള്‍ വളരെ വേഗത്തില്‍ നടപ്പാക്കാന്‍ രാജ്യത്തെ അഞ്ച് സ്ഥലങ്ങളിലായി സെന്റര്‍ ഓഫ് എക്സലന്‍സ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഓരോ കേന്ദ്രത്തിനും 250 കോടി വീതം നല്‍കും. പുതിയ കോഴ്സുകളും പ്ലാനിങ്ങും, നടത്തുകയും ചെയ്യാനാണ് ഈ ഫണ്ട് അനുവദിച്ചിരിക്കുന്നത്.
രാജ്യത്തെ ഭൂമിയുടെ ഉടമസ്ഥാവകാശവും വിശദാംശങ്ങളും കൃത്യമാക്കി സൂക്ഷിക്കാത്തതുകൊണ്ട് കര്‍ഷകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പറഞ്ഞറിയിക്കാന്‍ വയ്യാത്തതാണ് .ഈ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം നല്‍കുക എന്ന ലക്ഷ്യത്തോടുകൂടി യൂണിറ്റ് ലാന്‍ഡ് നമ്പര്‍ ആധാര്‍ അധിഷ്ഠിതമായി ചെയ്യുവാനും അങ്ങനെ ആധാര്‍ അധിഷ്ഠിത യൂണിറ്റ് തണ്ടപ്പേര് എല്ലാ ഭൂമിക്കും എത്തിക്കുവാനും കേന്ദ്രം നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
കേരളത്തിന് പ്രത്യേക പരിഗണന
ഏതു കേന്ദ്രബജറ്റ് പ്രഖ്യാപിച്ചാലും കേരളത്തെ അവഗണിക്കുന്നേ… എന്നുള്ള വിലാപമാണ് കേരളത്തിലെ ഇടതു വലതു മുന്നണികളും, മാധ്യമങ്ങളും ഉയര്‍ത്തി കൊണ്ടിരിക്കുന്നത്. ഈ കള്ളത്തരം പൊളിച്ചിരിക്കുകയാണ് ഇത്തവണത്തെ കേന്ദ്രബജറ്റ് .
പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ റവന്യൂ ഡിഫിഷ്യന്‍സി ഗ്രാന്‍ഡ് കൊടുത്തപ്പോള്‍ ഏറ്റവും കൂടുതല്‍ തുക, നാല്‍പ്പതിനായിരം കോടി, നല്‍കിയത് ബംഗാളിനാണ്. രണ്ടാമത്തെ വലിയ തുകയായ 37000 കോടി നല്‍കിയത് കേരളത്തിനാണ്. കേരളവും ബംഗാളും കേന്ദ്രത്തെ പിന്തുണയ്ക്കുന്ന സംസ്ഥാനങ്ങള്‍ അല്ല. കേന്ദ്രം കാണിച്ച ഈ മഹാമനസ്കത കേരളം എന്തുകൊണ്ടാണ് മറച്ചുവയ്ക്കുന്നത്?
ഇതിനു പുറമേ ആണ് കേരളത്തിലെ സമുദ്രോല്പന്ന കയറ്റുമതി വികസന അതോറിറ്റിക്കും, സ്പൈസസ് ബോര്‍ഡിനും, കോഫി ബോര്‍ഡിനും, റബ്ബര്‍ ബോര്‍ഡിനും, കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ കോടികള്‍ അനുവദിച്ചിരിക്കുന്നത്. അതായത് കേന്ദ്രം എത്ര വിപ്ലവകരമായ തീരുമാനങ്ങള്‍ എടുത്താലും, അതിനുള്ള പണം നല്കിയാലും, അത്തരം പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കുകയില്ല എന്ന് ശാഠ്യം പിടിക്കുന്ന സംസ്ഥാന സര്‍ക്കാരാണ് കാര്‍ഷിക കേരളത്തെ കടത്തില്‍ മുക്കുന്നത് എന്ന് വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: