കോട്ടയം : ശരീരത്തില്‍ നിന്നും പാമ്പിന്റെ വിഷം പൂര്‍ണ്ണമായും ഇറങ്ങിയതോടെ വാവ സുരേഷ് പഴയ ആരോഗ്യ സ്ഥിതി വീണ്ടെടുക്കുന്നു. തിങ്കളാഴ്ച ആശുപത്രി വിട്ടേയ്ക്കും. നിലവില്‍ ജീവന് രക്ഷാ മരുന്നുകളൊന്നും ഉപയോഗിക്കുന്നില്ല. ആന്റി ബയോട്ടിക്കുകള്‍ മാത്രമാണ് നല്‍കുന്നത്.
പാമ്പ് കടിച്ച സ്ഥലത്തെ മുറിവുണങ്ങുന്നതിനുള്ള മരുന്നുകളാണ് നല്‍കുന്നത്. ശരീരത്തിലെ മസിലുകളുടെ ശേഷിയും പൂര്‍ണ തോതില്‍ തിരിച്ച് കിട്ടി. ഡോക്ടര്‍മാര്‍ പ്രതീക്ഷിച്ചതിലും വേഗത്തിലാണ് സുരേഷിന്റെ സാധാരണ നിലയിലേക്കുള്ള മടങ്ങിവരവ്. വീട്ടിലേക്ക് മടങ്ങിയാലും കുറച്ചുദിവസം വിശ്രമം വേണം, ഇനിമുതല്‍ മുന്‍കരുതലെടുത്ത് വേണം പാമ്പിനെ പിടിക്കാെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ആശുപത്രി മുറിയില്‍ തനിയെ നടക്കാന്‍ തുടങ്ങുകയും ആഹാരം സ്വന്തമായി കഴിക്കുകയും ചെയ്യുന്നുണ്ട്. പഴയ കാര്യങ്ങളെല്ലാം ഓര്‍ത്തെടുത്ത് സംസാരിക്കുന്നുണ്ട്.
ആരോഗ്യ നില വീണ്ടെടുത്തുകൊണ്ടിരിക്കുന്ന വാവ സുരേഷിനെ മന്ത്രി വീണാ ജോര്‍ജും ഫോണിലൂടെ ബന്ധപ്പെട്ടു. ആരോഗ്യവിവരങ്ങള്‍ ചോദിച്ചറിഞ്ഞ മന്ത്രിയോട് മികച്ച പരിചരണം ലഭ്യമാക്കിയതില്‍ വാവ സുരേഷ് നന്ദി അറിയിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം മന്ത്രി വാസവനും കോട്ടയം മെഡിക്കല്‍ കോളേജിലെത്തി സന്ദര്‍ശിച്ചിരുന്നു. ഇനി പാമ്പുകളെ പിടിക്കുമ്പോള്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കണമെന്നും മന്ത്രി വാസവന് അറിയിച്ചിരുന്നു.
കോട്ടയം നീലംപേരൂര്‍ വെച്ച് കഴിഞ്ഞ ദിവസമാണ് വാവ സുരേഷിനെ മൂര്‍ഖന്‍ പാമ്പ് കടിച്ചത്. പിടികൂടിയ പാമ്പിനെ ചാക്കില്‍ കയറ്റുന്നതിനിടെ തുടയില്‍ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കാര്‍ഡിയാക് അറസ്റ്റ് ഉണ്ടാവുകയായിരുന്നു. പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ന്യൂറോ, കാര്‍ഡിയാക് വിദഗ്ധര്‍മാര്‍ അടങ്ങുന്ന പ്രത്യേക അഞ്ചംഗ സംഘത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു വാവ സുരേഷിന്റെ ചികിത്സ.
അതേസമയം ഇനി മുന്‍ കരുതല്‍ എടുത്തശേഷം മാത്രമേ പാമ്പിനെ പിടിക്കുകയുള്ളൂവെന്ന് വാവ സുരേഷ് പ്രതികരിച്ചു. കരിമൂര്‍ഖന്റെ കടിയാണ് ഏറ്റത്. പലതവണയായി പാമ്പ് കടിയേറ്റെങ്കിലും ഇത്തവണ കൂടുതല്‍ വിഷം ശരീരത്തില്‍ കയറിയിട്ടുണ്ട്. പാമ്പ് കടിയേറ്റശേഷം കണ്ണിന്റെ കാഴ്ച മറയുന്നതായി തോന്നിയിരുന്നു. ജീവന് തിരിച്ചു കിട്ടുമോയെന്നും അപ്പോള്‍ ഭയം തോന്നിയിരുന്നു. 65ഓളം കുപ്പി ആന്റി വെനം നല്‍കിയാണ് ഡോക്ടര്‍മാര്‍ വാവ സുരേഷിന്റെ ജീവന് രക്ഷിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജിന്റെ ചരിത്രത്തില്‍ തന്നെ ഇത് ആദ്യമാണ്. മൂര്‍ഖന്റെ കടിയേല്‍കുന്നവര്‍ക്ക് ഇതുവരെ 25 കുപ്പി ആന്റിവെനമാണ് നല്‍കിയിട്ടുള്ളത്. ഇത്രയും നല്‍കിയിട്ടും വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയില്ലാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് കൂടുതല്‍ ഡോസ് ആന്റിവെനം നല്കാന് തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: