കോഴിക്കോട്: മര്‍ക്കസ് നോളജ് സിറ്റിയെന്ന പേരില്‍ കോടഞ്ചേരി പഞ്ചായത്തിലെ പാട്ടത്തിനെടുത്ത തോട്ടഭൂമിയില്‍ അനധികൃത നിര്‍മാണം നടത്തുന്നത് തടയണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കെട്ടിടങ്ങളും പാലങ്ങളും മറ്റും നിയമവിരുദ്ധമായി നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണ്. നിയമപ്രകാരം തോട്ടഭൂമി തരം മാറ്റാന്‍ പാടില്ല. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെയാണ് വന്‍കിട നിര്‍മാണം. ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി പരിസ്ഥിതിയെ തകര്‍ക്കുന്ന വിധമാണ് ഇവിടെ വന്‍കിട നിര്‍മാണം. സ്റ്റോപ്പ്മെമ്മോ നല്‍കിയിട്ടും കെട്ടിട നിര്‍മാണം യാതൊരു തടസവുമില്ലാതെ നടക്കുന്നത് അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്ക സാധ്യതകളുള്ളിടത്താണ് നിര്‍മാണം. പരിസ്ഥിതിലോലപ്രദേശമായ ഇവിടത്തെ വന്‍കിട നിര്‍മാണം പുഴ കൈയേറ്റം, കണ്ടല്‍ക്കാട് നശിപ്പിക്കല്‍, സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തല്‍, കുന്നിടിക്കല്‍ എന്നിവയിലൂടെ വന്‍ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുന്നു.
പുരാതനമായി നിലനിന്ന വനവാസി ആരാധനാലയങ്ങളും കാവുകളും ഒരു തറവാട്ടുക്ഷേത്രവും ഈ ഭൂമിയിലുണ്ട്. നിലവിലുള്ള വിലയേക്കാള്‍ പത്തിരട്ടിയോളം വില കൊടുത്താണ് ഇവിടെ ഭൂമാഫിയ ഭൂമി വാങ്ങിക്കൂട്ടുന്നത്. ഇതിന്റെ പിന്നില്‍ ദുരൂഹതയുണ്ട്. ഭൂമി വാങ്ങുന്നവരുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നും കാര്‍ഷിക ഭൂമിയാണ് നശിപ്പിക്കുന്നതെന്നും ഇതിനെതിരെ ഹിന്ദു ഐക്യവേദി സമരവും നിയമനടപടികളും ആരംഭിക്കുമെന്നും ശശികല ടീച്ചര്‍ പറഞ്ഞു. ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി സതീഷ് മലപ്രം, സംഘടനാ സെക്രട്ടറി എം.സി. ഷാജി എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: