ഉദ്ദിഷ്ട കാര്യപ്രാപ്തിക്കായുള്ള വ്രതങ്ങളില്‍ സവിശേഷമാണ് ഷഷ്ഠി വ്രതം. സുബ്രഹ്മണ്യപ്രീതിക്കായി അനുഷ്ഠിക്കുന്ന ഷഷ്ഠി വ്രതത്തിന,് ഉദയം മുതല്‍ ആറുനാഴിക ഷഷ്ഠിയുള്ള ദിവസമാണ് അഭികാമ്യം.
വെളുത്ത പക്ഷത്തിലെ ഷഷ്ഠിക്കാണ് ഇവിടെ പ്രാധാന്യം. വെളുത്തപക്ഷ പഞ്ചമിയില്‍ ഒരിക്കലെടുത്ത് സുബ്രഹ്മണ്യസ്വാമിയെ ധ്യാനിച്ചും ഭജിച്ചും വേണം വ്രതമെടുക്കാന്‍. പിറ്റേന്ന് ഷഷ്ഠി നാളില്‍ അതിരാവിലെ ഉണര്‍ന്ന് സ്നാനാദികര്മങ്ങള് നടത്തിയ ശേഷം സുബ്രഹ്മണ്യ ക്ഷേത്രങ്ങളില്‍ ദര്‍ശനവും പൂജയും നടത്തണം. അതു കഴിഞ്ഞ് ഉച്ചയോടെ പാരണ (വ്രതം അവസാനിപ്പിക്കല്‍) കഴിക്കാം. വൃശ്ചികത്തില് തുടങ്ങി തുലാമാസത്തില്‍ പൂര്‍ണമാകും വിധത്തില്‍ പ്രതിമാസം ഷഷ്ഠിവ്രതമെടുക്കാം. ഒമ്പതു വര്‍ഷകാലയളവില്‍ 108 ഷഷ്ഠിയെന്ന കണക്കിലും വ്രതമെടുക്കാറുണ്ട്.
ഒരിക്കല്‍ ബ്രഹ്മദേവനുമായി സുബ്രഹ്മണ്യസ്വാമി വാഗ്വാദത്തിന് ഇടയായി. ഒടുവില്‍ തനിക്കാണ് തെറ്റുപറ്റിയതെന്നറിഞ്ഞ സുബ്രഹ്മണ്യന് പ്രായശ്ചിത്തമെന്നോണം സര്‍പ്പമായി വേഷം ധരിച്ചു. ഇതുകണ്ട് ദുഃഖിതയായ പാര്‍വതീദേവി മകന്റെ വൈരൂപ്യം മാറാന്‍ ശ്രീ പരമേശ്വരന്റെ ഉപദേശമനുസരിച്ച് ഒമ്പതുവര്‍ഷങ്ങള്‍ കൊണ്ട് 108 ഷഷ്ഠിവ്രതം അനുഷ്ഠിച്ചതായി കഥയുണ്ട്.
അതികഠിനമായ നിഷ്ഠകളോടെയും ഭക്തര്‍ ഷഷ്ഠി വ്രതമെടുക്കാറുണ്ട്. അമാവാസി മുതല്‍ ഷഷ്ഠിവരെയുള്ള നാളുകളില്‍ കഠിനവ്രതമെടുത്താണ് ഈ അനുഷ്ഠാനം. വിധിപ്രകാരമുള്ളവ മാത്രമേ ആ നാളുകളില്‍ ഭക്ഷിക്കൂ. ഷഷ്ഠിനാള്‍ വരെ സുബ്രഹ്മണ്യ ക്ഷേത്രങ്ങളലില് പ്രാര്‍ത്ഥനയും ഭജനയുമായി കഴിഞ്ഞു കൂടുന്നവരുമുണ്ട്.
ചൊവ്വാദോഷശാന്തിക്ക് ജാതകത്തെ അടിസ്ഥാനമാക്കി വിധിപ്രകാരം ഷഷ്ഠി വ്രതമെടുക്കുന്നത് ഉത്തമമാണ്. അതുപോലെ സര്‍പ്പദോഷം മാറുന്നതിനും ത്വഗ്രോഗങ്ങള്‍ ശമിക്കുന്നതിനും സന്താനങ്ങളുടെ അഭിവൃദ്ധിക്കും സുബ്രഹ്മണ്യ പ്രീതികരമായ ഈ വ്രതം ശ്രേഷ്ഠമായി കാണുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: