അഡ്വ. എസ്. ജയസൂര്യന്‍
ലോകത്തെ വന്‍ സാമ്പത്തിക ശക്തി രാഷ്ട്രങ്ങള്‍ ബജറ്റ് അവതരിപ്പിക്കുന്നത് വാര്‍ഷിക ലക്ഷ്യം മാത്രം മുന്നില്‍ കണ്ടുകൊണ്ട് ആയിരുന്നില്ല. അതുകൊണ്ടുതന്നെ അവര്‍ക്ക് ലോകത്തെ സാമ്പത്തിക നീക്കങ്ങള്‍ മുന്‍കൂട്ടി കണ്ടു നടപടികള്‍ എടുക്കാനും ലോക സാമ്പത്തിക ശക്തികളായി വളരാനും സാധിച്ചു. ഇതേ പാതയില്‍, കുറെക്കൂടി മെച്ചപ്പെട്ട കാഴ്ചപ്പാടോടുകൂടി ആണ് ഇത്തവണത്തെ നമ്മുടെ കേന്ദ്രബജറ്റ്. പരമ്പരാഗത രീതിയില്‍ നിന്ന് തുലോം വ്യത്യസ്തവും ആധുനികവുമായ ബജറ്റാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന് അവതരിപ്പിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെ മുന്നില്‍ക്കണ്ടുകൊണ്ട് ഒരു ജനപ്രിയ ബജറ്റ് വരുന്നു എന്നായിരുന്നു പൊതുവായ പ്രവചനം. തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചു വാരിക്കോരി പാക്കേജുകള്‍ പ്രഖ്യാപിച്ചിരുന്ന കോണ്‍ഗ്രസ് ശൈലിയില്‍ നിന്നു ബിജെപി പാടെ വ്യത്യസ്തമാണ് എന്ന് ശക്തമായി പ്രഖ്യാപിക്കുന്ന ബജറ്റ് ആയി ഇത്. സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷത്തില്‍ ഭാരതത്തെ ലോക വന്‍ശക്തി ആക്കുക എന്ന കൃത്യവും വ്യക്തവുമായ കാഴ്ചപ്പാട് അതിലുണ്ട്. ഏറെ വ്യക്തമായ ദിശാബോധം നല്കുന്ന നടപടി ഉള്ളത് പ്രതിരോധ രംഗത്താണ്. എക്കാലത്തും ഇന്ത്യയുടെ ഏറ്റവും വലിയ ചെലവ് ആയുധങ്ങളും അനുബന്ധ സാമഗ്രികളും വാങ്ങാനുള്ള പ്രതിരോധ ചെലവ് തന്നെ ആയിരുന്നു. ഇത്തവണ പ്രതിരോധ ചെലവിന്റെ 68% ഭാരതത്തില്‍ത്തന്നെ വിനിയോഗിക്കാവുന്ന തരത്തില്‍ ആഭ്യന്തര ആയുധ നിര്‍മ്മാണ തീരുമാനം നാം കൈക്കൊണ്ടിരിക്കുന്നു. ഇപ്പോള്‍ത്തന്നെ നമ്മള് മിസൈലുകളും തോക്കുകളും ടാങ്കുകളും യുദ്ധവിമാനങ്ങള്‍ പോലും കയറ്റുമതി ചെയ്തു തുടങ്ങിയല്ലോ. ഇക്കാര്യത്തെക്കുറിച്ച് വിമര്‍ശകര്‍ പക്ഷെ, ഒരക്ഷരം മിണ്ടുന്നില്ല.
വലിയ സാമ്പത്തിക ലാഭം ആണ് ഈ ബജറ്റ് ലക്ഷ്യം വച്ചിരിക്കുന്നത്. പുതിയ നികുതി നിര്‍ദേശങ്ങള്‍ ഒന്നുമില്ല. കോവിഡിന് ശേഷമുള്ള അന്തരീക്ഷത്തില്‍ ലോകത്ത് മറ്റൊരിടത്തും കാണാന്‍ കഴിയാത്തതാണിത്. ജിഡിപിയില്‍ (മൊത്ത ആഭ്യന്തര ഉത്പാദനം) നമ്മുടെ 9.2 ശതമാനം വളര്‍ച്ച എന്നത് ലോകം മുഴുവന്‍ അംഗീകരിച്ച സാമ്പത്തിക സത്യമാണ്. ജിഎസ്ടിയുടെ കാര്യം വരുമ്പോള്‍ ജനുവരിയില്‍ മാത്രം 1,40,986 കോടി രൂപ പിരിഞ്ഞു കിട്ടി എന്നുള്ളതും റെക്കോര്‍ഡ് നേട്ടം തന്നെ. റവന്യൂ ചെലവിനേക്കാള്‍ ഏറെ മൂലധനം ചെലവ് ചെയ്യാന്‍ ഒരു സര്‍ക്കാരിന് ഇച്ഛാശക്തിയും ആത്മവിശ്വാസവും ആവശ്യമാണ്. ആ ആത്മവിശ്വാസമാണ് ഈ ബജറ്റില്‍ ശക്തമായി പ്രതിഫലിക്കുന്നത്. കഴിഞ്ഞ ബജറ്റില്‍ മൂലധനച്ചെലവ് 5.5 ലക്ഷം കോടി രൂപ ആയിരുന്നു എങ്കില്‍ ഇത്തവണ അത് 10.7 ലക്ഷം കോടി രൂപയായി. മോദി സര്‍ക്കാരിന്റെ സാമ്പത്തിക ധൈര്യത്തെ ആണ് ഇതു കാണിക്കുന്നത്.
പാവങ്ങള്‍ക്കു സമ്മാനം
അടിസ്ഥാന സൗകര്യ മേഖലയ്ക്ക് മാത്രം 7.5 ലക്ഷം കോടി മാറ്റിവച്ചിരിക്കുന്നു. അതു പാവങ്ങള്‍ക്കുള്ള സമ്മാനമാണ്. പ്രധാനമന്ത്രി ആവാസ് യോജനയില്‍ 80 ലക്ഷം പുതിയ വീടുകള്‍ നിര്‍മ്മിക്കാന്‍ 48,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. മുഴുവന്‍ ഇന്ത്യന്‍ ഗ്രാമങ്ങളിലേക്കും ഒപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ എത്തിക്കുക എന്നുള്ളത് ഒരു വലിയ ദീര്‍ഘവീക്ഷണത്തോട് കൂടിയ ചുവടുവയ്പ്പാണ്. ഒരു രാഷ്ട്രം ഒരു രജിസ്ട്രേഷന് തീരുമാനം സാമ്പത്തിക കാര്‍ഷിക മേഖലകള്‍ക്ക് പുതിയ ദിശാബോധവും ഉണര്‍വും സുതാര്യതയും നല്‍കും. ചെറുകിട വ്യവസായ രംഗത്ത് ഇസിഎല്‍ജിഎസ് പദ്ധതി 2023 വരെ നീട്ടുകയും അതിനു വേണ്ടി രണ്ട് ലക്ഷം കോടി രൂപ വായ്പ നല്‍കുകയും ചെയ്യുന്നു എന്ന പ്രഖ്യാപനംസാധാരണ-ഇടത്തരം-പാവപ്പെട്ട സംരംഭകര്‍ക്ക് വലിയ ഉണര്‍വ് നല്‍കും. മാത്രമല്ല ചെറുകിട വ്യവസായ മേഖലയെ തഴഞ്ഞു എന്നു പറയുന്നവര്‍ക്കുള്ള ശക്തമായ മറുപടിയുമാണ്.
ലോകത്തിന്റെ ഐടി ഹബ്
ഒന്നരലക്ഷം പോസ്റ്റ് ഓഫീസുകള്‍ കോര്‍ ബാങ്കിംഗ് സിസ്റ്റം ആക്കി മാറ്റുന്നത് ഗ്രാമീണമേഖലയില്‍ വരുത്താന്‍ പോകുന്ന മാറ്റം ചില്ലറയല്ല. മൊബൈല്‍ കണക്റ്റിവിറ്റി 5 ജി സാങ്കേതിക വിദ്യയിലേക്ക് മാറുമ്പോള്‍ ഭാരതം ലോകത്തിന്റെ ഐടി ഹബ്ബ് ആയി മാറുവാന്‍ തയ്യാറെടുത്തു കഴിഞ്ഞു എന്ന് മനസ്സിലാക്കാം. 2,00,000 അങ്കണവാടികള്‍ ഹൈടെക് ആക്കുവാന് ഉള്ള തീരുമാനം ദീര്‍ഘകാല മുന്നേറ്റം ലക്ഷ്യംവച്ചു തന്നെയാണ്.
അഞ്ച് നദികളുടെ സംയോജനം കാര്‍ഷിക മേഖലയില്‍ മാത്രമല്ല വിനോദ സഞ്ചാര, ഗതാഗത രംഗങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്കാണ് തുടക്കംകുറിക്കുന്നത്. ഗ്രാമീണ മേഖലയുടെ വികസനത്തിന്, സഹകരണബാങ്കുകളുടെ നികുതി പതിനെട്ടില്‍ നിന്ന് 15 ശതമാനമാക്കി കുറച്ചതും ചെറുകിട ബാങ്കുകളുടെ സര്‍ചാര്‍ജ് പന്ത്രണ്ടില്‍ നിന്ന് ഏഴ് ശതമാനമാക്കി കുറച്ചതും വന്‍തോതില്‍ സഹായകരമാകും.വിദ്യാഭ്യാസ രംഗത്ത് 25% മുതല്‍മുടക്ക് ആണ് വര്‍ധിപ്പിച്ചിരിക്കുന്നത്. സംരംഭകര്‍ക്ക് ബാങ്ക് ഗ്യാരണ്ടിക്ക് പകരം ഐആര്‍ഡിഎഐ നല്കുന്ന സെക്യൂരിറ്റി ബോണ്ട് മതിയാവും എന്ന തീരുമാനം പുതിയ സംരംഭകരെയും നിലവിലുള്ള സംരംഭകരെയും പുതിയ ഉയരങ്ങള്‍ തേടുവാന്‍ പ്രാപ്തരാക്കും. മുഴുവന്‍ വീടുകളിലേക്കും കുടിവെള്ളമെത്തിക്കാന്‍ ഉള്ള പദ്ധതിക്കായി 60,000 കോടി രൂപകൂടിയാണ് മാറ്റി വെച്ചിരിക്കുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സംസ്ഥാനങ്ങള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ പലിശരഹിത ദീര്‍ഘകാല വായ്പ അനുവദിച്ചത് യാതൊരുവിധത്തിലുമുള്ള വേര്‍തിരിവ് സംസ്ഥാനങ്ങള്‍ക്കിടയില്‍ ഉണ്ടാവരുത് എന്ന ലക്ഷ്യത്തോടെയാണ്. വരുമാന നികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ തെറ്റ് തിരുത്തുവാന്‍ രണ്ടുവര്‍ഷം കൂടി കൂടുതല്‍ അനുവദിച്ചത് ജനങ്ങള്‍ക്കും, സര്‍ക്കാരിനും ഒരുപോലെ പ്രയോജനം ചെയ്യും.
സര്‍ക്കാര്‍ ശമ്പളക്കാര്‍ നന്ദി പറയണം
ഇത്തവണയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ശമ്പളക്കാര്‍ മോദി സര്‍ക്കാരിനോട് നന്ദി പറയേണ്ടതാണ്. പെന്ഷന് ഫണ്ടില്‍ ലയിപ്പിക്കുന്നതിനുള്ള, ശമ്പളത്തിലെ 10 ശതമാനം തുക മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്ക്ക്നികുതി ഇളവ് ഉണ്ടായിരുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ശമ്പളക്കാര്‍ക്കു അത് 14% ആയിരുന്നു. അതേ 14% തന്നെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ബാധകം ആക്കി. ഭാരതത്തിന്റെ വിദേശനാണ്യശേഖരം 63,000 കോടി ഡോളര്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. ചൈന, ജപ്പാന്, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ കൂടുതല്‍ വിദേശനാണ്യശേഖരം ഉള്ള നാലാമത്തെ രാജ്യം ഇന്ന് ഭാരതമാണ്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആദ്യ നാല് വര്‍ഷം നികുതി നല്‍കേണ്ടതില്ല എന്ന തീരുമാനം പുതുതലമുറ സംരംഭകര്‍ക്ക് ഏറെ പ്രോത്സാഹജനകമാണ്.
എന്തിന് ആ നികുതി?
ഇനി ഏറെ വിമര്‍ശിക്കപ്പെടുന്ന ഒരു തീരുമാനത്തെപ്പറ്റി പറയാം. ഊര്‍ജ്ജം, വളം, തുണി, തുകല്‍, ചെരുപ്പ്, ഭക്ഷ്യസംസ്കരണം എന്നിവയുടെ യന്ത്രങ്ങളുടെ ഇറക്കുമതിക്ക് 7.5 ശതമാനം നികുതി വന്നു. എന്നാല്‍ ഇത്തരം എല്ലാ യന്ത്രങ്ങളും ഭാരതത്തിന് ഉള്ളില്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്നിരിക്കെ ഇറക്കുമതി പ്രോത്സാഹിപ്പിച്ചാല്‍ ആഭ്യന്തര വ്യവസായ വളര്‍ച്ചയെ അത് ബാധിക്കും എന്നുള്ളതുകൊണ്ടാണ് നികുതി ചുമത്തിയത്. യുദ്ധവിമാനങ്ങള്‍ പോലും നിര്‍മ്മിച്ച് കയറ്റുമതി ചെയ്യാന്‍ കഴിയുന്ന ഭാരതത്തിന് മേല്‍പ്പറഞ്ഞ യന്ത്രങ്ങള്‍ ഉണ്ടാക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല.
നെടുംതൂണുകള്‍
നമ്മുടെ സമ്പദ്വ്യവസ്ഥയുടെ നാലു നെടുംതൂണുകളെക്കുറിച്ച് ധനമന്ത്രി പരാമര്‍ശിച്ചിരുന്നു. ഒന്ന്, പ്രധാനമന്ത്രി ഗതി ശക്തി യോജന. രണ്ട്, എല്ലാവരെയും ഉള്‍പ്പെടുത്തി വികസനം നടത്തുക. മൂന്ന്, ഉത്പാദനക്ഷമത വര്‍ധിപ്പിക്കുക. നാല്, നിക്ഷേപം വര്‍ദ്ധിപ്പിക്കുക. ഇതില്‍ ഗതിശക്തി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വിശദമായ ആസൂത്രണം തന്നെയാണ്. എല്ലാവരെയും ഉള്‍പ്പെടുത്തുക എന്നത് വികസനരംഗത്ത് സഹസ്ര കോടീശ്വരന്മാര് മുതല്‍ തെരുവില്‍ കഴിയുന്നവര്‍ വരെ പരിഗണിക്കപ്പെടും എന്നുള്ള ഉറപ്പാണ്. ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുക എന്നുള്ളത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. കേവലം 10 മാസം കൊണ്ട് കോവിഡിന് വാക്സിനും മരുന്നും കണ്ടെത്തി ലോകത്തിനു മുഴുവന്‍ സംഭാവന ചെയ്യാന്‍ കഴിഞ്ഞ ഭാരതത്തിന് ഉത്പാദനക്ഷമത വര്‍ദ്ധന സാധിക്കും എന്നുള്ളത് ഏറ്റവും വലിയ തെളിവാണ്. നിക്ഷേപം വര്‍ദ്ധിപ്പിക്കുക എന്നുള്ളത് ആഭ്യന്തരവും ബാഹ്യവുമായ നിക്ഷേപത്തെ ലക്ഷ്യം വച്ചുകൊണ്ടാണ് . വിശ്വാസ്യത നഷ്ടപ്പെട്ട ഒറ്റപ്പെട്ട ചൈനയില്‍ നിന്ന് ലോക വ്യവസായികളും സംരംഭകരും ഭാരതത്തിലേക്ക് നിക്ഷേപം മാറ്റാനുള്ള അനുകൂല അന്തരീക്ഷം നാം സൃഷ്ടിക്കണം. അതോടൊപ്പം രാജ്യത്തിനകത്തു മുതല്‍മുടക്കാന്‍ ഭാരതത്തിലെ സമ്പന്നന് മാര്‍ക്കും സാധാരണക്കാര്‍ക്കും അനുയോജ്യ അവസരം നല്‍കുകയും വേണം.
നിര്‍മാണ ഹബ്ബാകും ഈ രാജ്യം
ഊര്‍ജ്ജ ക്ഷമതയുള്ള 400 വന്ദേഭാരത് ട്രെയിനുകളും 100 കാര്‍ഗോ ടെര്‍മിനലുകളും സംയോജിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഭാരതം ലോകത്തിന്റെ നിര്‍മ്മാണ ഹബ്ബ് ആയി മാറുവാന്‍ എളുപ്പമാണ്. ഡിജിറ്റല്‍ ആസ്തി കൈമാറ്റ വരുമാനത്തിന് 30 ശതമാനം നികുതി ഏര്‍പ്പെടുത്തിയത് വളരെ മുന്‍കൂട്ടിയുള്ള കാഴ്ചപ്പാടിന്റെ തെളിവാണ് . ലോകം മുന്നേറുമ്പോള്‍ അതിനേക്കാള്‍ മുന്നേ കുതിക്കുന്ന സമ്പദ്വ്യവസ്ഥയാണ് വേണ്ടത്. ആ കാഴ്ചപ്പാടില്‍ നിന്നാണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഏഴ് വികസന യന്ത്രങ്ങളെക്കുറിച്ച് ബജറ്റില്‍ പ്രത്യേക പരാമര്‍ശമുണ്ട്. 1-റോഡ്. 2-റെയില്‍വേ. 3 -തുറമുഖം. 4-വിമാനത്താവളം 5 -പൊതുഗതാഗതം 6-ജലപാതകള്‍ 7-ചരക്ക് കടത്ത് സൗകര്യം. എന്നീ രംഗങ്ങളില്‍ ഉണ്ടാവുന്ന വലിയ മുന്നേറ്റം കോടാനുകോടി തൊഴിലവസരങ്ങളാണ് നല്‍കുന്നത്.
വെട്ടിക്കുറച്ചോ?
പ്രതിപക്ഷത്തിന്റെ ആരോപണമാണ് എല്ലാം വെട്ടിക്കുറച്ചു എന്നുള്ളത്. സത്യം എന്താണ് എന്ന് നോക്കാം. ദേശീയ ആരോഗ്യ ദൗത്യത്തിന് 34,947 കോടിയില്‍ നിന്ന് 37,847 കോടിയാക്കി. ജല്‍ ജീവന് മിഷന് 45,011 കോടിയില്‍നിന്ന് 60,000 കോടിയാക്കി ഉയര്‍ത്തി.
ദേശീയ വിദ്യാഭ്യാസ മിഷന് 30,796 കോടിയില്‍നിന്ന് 39,553 കോടിയാക്കി . പ്രധാനമന്ത്രി ഗ്രാമ സഡക് യോജന 14,000 കോടി എന്നത് 19,000 കോടിയാക്കി. പിഎം കിസാന്‍ ഫണ്ട് 67,500 കോടിയില്‍നിന്ന് 68,000 കോടിയാക്കി. ആത്മ നിര്‍ഭര്‍ റോസ്ഗാര്‍ യോജന 5000 കോടി എന്നത് 6400 കോടിയാക്കി. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷ യോജന 7400 കോടി ആയിരുന്നത് 10000 കോടിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: