അഹമ്മാബാദ്: മുന്നില്‍ നിന്ന് നയിക്കാന്‍ പുതിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. തന്ത്രങ്ങള്‍ മെനായാന്‍ മുഖ്യ പരിശീലകന് രാഹുല്‍ ദ്രാവിഡും. ഇവരുടെ ശിക്ഷണത്തില്‍ ഇന്ത്യ ആദ്യ ഏകദിനത്തിന് ഇറങ്ങുകയാണ്. വിന്‍ഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ഇന്ന്് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കും. ഉച്ചകഴിഞ്ഞ് 1.30 ന് കളി തുടങ്ങും.
ഇന്ത്യയുടെ ആയിരാമത്തെ രാജ്യാന്തര മത്സരമാണിത്. ചരിത്രം കുറിക്കുന്ന ഈ മത്സരത്തില്‍ വിജയം തന്നെയാണ് പുതിയ മുഖവുമായി ഇറങ്ങുന്ന ഇന്ത്യ ലക്ഷ്യമിടുന്നത്. പക്ഷെ മധ്യനിരയിലെ പോരായ്മകള്‍ പരിഹരിച്ചാലേ വിജയം നേടാനാകൂ. അടുത്തിടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും ഇന്ത്യയുടെ മധ്യനിര തകര്‍ന്നിരുന്നു .
കൊവിഡ് ബാധിച്ച ശ്രേയസ് അയ്യര്‍ വിട്ടുനില്‍ക്കുന്നതിനാല്‍ മധ്യനിര ശക്തിപ്പെടുത്താന്‍ ഇന്ത്യ സൂര്യകുമാര്‍ യാദവിനെയും ദീപ്ക് ഹൂഡയെയും കളിപ്പിച്ചേക്കും. വിജയ് ഹസാരെ ട്രോഫിയില്‍ മികവ് കാട്ടിയ താരമാണ് ദീപക് ഹൂഡ. ഇവര്‍ക്കൊപ്പം മുന്‍ നായകന് വിരാട് കോഹ്ലിയും പൊരുതിനിന്നാല്‍ മധ്യനിരയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും.
ഓപ്പണര്‍ ശിഖര്‍ ധവാനും ഋതുരാജ് ഗെയ്ക്കുവാദും കൊവിഡിന്റെ പിടയിലാണ്. പകരക്കാരനായി എത്തിയ മായങ്ക് അഗര്‍വാള്‍ നിര്‍ബന്ധിത ക്വാറന്റീനിലും. അതിനാല്‍ ഓപ്പണറായി യുവ ബാറ്റ്സ്മാന് ഇഷാന് കിഷനെ ഇറക്കും. തനിക്കൊപ്പം ഇഷാന് കിഷന് ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുമെന്ന്് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പറഞ്ഞു. ഉപ നായകന് കെ.എല്‍. രാഹുല്‍ ആദ്യ മത്സരത്തില്‍ കളിക്കുന്നില്ല.
ഇടംകൈ റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവ് തിരിച്ചെത്തിയതോടെ ഇന്ത്യന്‍ ബൗളിങ് ശക്തമായി. യുസ്വേന്ദ്ര ചഹലിനൊപ്പം കുല്‍ദീപും ഇന്ന് കളിക്കുമെന്നാണ് പ്രതീക്ഷ. 2021 ജുലൈയില്‍ ശ്രീലങ്കക്കെതിരെയാണ് കുല്‍ദീപ് യാദവ് അവസാന ഏകദിനം കളിച്ചത്. ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് ഷമിക്കും വിശ്രമം നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ ഷാര്‍ദുല്‍ താക്കുറായിരിക്കും ഇന്ത്യയുടെ പേസ് നിരയെ നയിക്കുന്നത്. മുഹമ്മദ് സിറാജ്, ദീപക് ചഹാര്‍, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് മറ്റ് പേസര്‍മാര്‍.
അഞ്ചു മത്സരങ്ങളുടെ ടി 20 പരമ്പരയില്‍ ഇംഗ്ലണ്ടിനെ 3-2 ന് തോല്‍പ്പിച്ചതിന്റെ ആവേശത്തിലാണ് കീരോണ്‍ പൊള്ളാര്‍ഡിന്റെ വിന്‍ഡീസ് ടീം ആദ്യ മത്സരത്തിനിറങ്ങുന്നത്. പവര്‍ ഹിറ്റര്‍ നിക്കോളസ് പൂരനാണ് വിന്‍ഡീസിന്റെ ശക്തികേന്ദ്രം. ഓള് റൗണ്ടര്‍മാരായ ക്യാപ്റ്റന്‍ പൊള്ളാര്‍ഡും മുന്‍ നായകന് ജേസണ്‍ ഹോള്‍ഡറും ബാറ്റും പന്തും കൊണ്ട് കളിമാറ്റാന്‍ കഴിയുന്ന താരങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: