ബെംഗളൂരു: കോളേജിലെ നിയമം ലംഘിച്ചെത്തി ഹിജാബ് ധരിച്ച് പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി എടുക്കുമെന്ന് അധികൃതര്‍. ഹിജാബ് ധരിച്ച് പെണ്‍കുട്ടികള്‍ ക്ലാസില്‍ കയറുന്നതില്‍ പ്രതിഷേധിച്ച് നൂറ് കണക്കിന് ആണ്‍കുട്ടികള്‍ കാവി ഷാളും ശിവജി തൊപ്പിയും ധരിച്ച് കോളജ് ഗേറ്റിലെത്തിയതോടെയാണ് അധികൃതര്‍ നിലപാട് കടുപ്പിച്ചത്. ഒരു തരത്തിലുള്ള മതചിഹ്നങ്ങളും അനുവദിക്കില്ലെന്ന് കുന്ദാപുര പിയു കോളേജ് അധികാരികള്‍ വ്യക്തമാക്കി.
വിദ്യാര്‍ത്ഥിനികള്‍ ക്യാമ്പസില്‍ കയറി മറ്റ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് ഒഴിവാക്കാന്‍ കോളേജ് ഗേറ്റ് താല്‍ക്കാലികമായി അടച്ചുവെന്ന് കോളേജ് പ്രിന്‍സിപ്പല്‍ ബി.ജി. രാഘവേന്ദ്ര പറഞ്ഞു. പ്രിന്‍സിപ്പല്‍ ഇടപെട്ട് വിദ്യാര്‍ത്ഥികളോട് രമ്യമായി പ്രശ്നം പരിഹരിക്കാന്‍ ആവശ്യപ്പെട്ടു. സംഭവസ്ഥലത്തെത്തിയ പോലീസ് രക്ഷിതാക്കളെയും സമുദായ നേതാക്കളെയും ധര്‍ണ നടത്തിയിരുന്നവരെ സ്ഥലത്തുനിന്നും മാറ്റി.
ഇതോടെ ആണ്‍കുട്ടികള്‍ കാവി ഷാളുകള്‍ അഴിച്ചുമാറ്റി ക്ലാസുകളില്‍ പങ്കെടുത്തു. പെണ്‍കുട്ടികള്‍ ഹിജാബ് ഉപേക്ഷിക്കാന്‍ വിസമ്മതിക്കുകയും ഗേറ്റില്‍ തന്നെ പ്രതിഷേധം തുടരുകയും ചെയ്തു. പ്രതിഷേധം തുടര്‍ന്നാല്‍ രക്ഷിതാക്കള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് കുന്ദാപുര സബ് ഇന്‍സ്പെക്ടര്‍ ശ്രീകാന്ത് മുന്നറിയിപ്പ് നല്കി. കോളേജ് ഭരണസമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ക്ലാസുകളുമായി മുന്നോട്ടുപോകാന്‍ കേളോജ് പ്രിന്‍സിപ്പല്‍ തീരുമാനിച്ചതായി പോലീസ് പ്രതിഷേധക്കാരെ അറിയിച്ചു.
കോളേജ് കാമ്പസിനുള്ളില്‍ അതിക്രമിച്ച് പ്രവേശിക്കുന്നതില്‍ വിജയിച്ച ചില വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിച്ച് ക്ലാസുകളില്‍ കയറണമെന്ന് നിര്‍ബന്ധം പിടിച്ചതോടെ കോളേജിലെ പ്രശ്നം പരിഹരിക്കാന്‍ പോലീസ് ഇടപെട്ടത്. അതേസമയം, കുട്ടികളെ ക്ലാസില്‍ പ്രവേശിപ്പിക്കാത്ത പ്രിന്‍സിപ്പലിനെതിരെ വിദ്യാര്‍ത്ഥിനികളുടെ രക്ഷിതാക്കള്‍ കോളേജ് ഗേറ്റിന് സമീപം പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധം അവസാനിപ്പിക്കാന്‍ രക്ഷിതാക്കളോട് ആവശ്യപ്പെട്ടപ്പോള്‍ രക്ഷിതാക്കളും ജീവനക്കാരും തമ്മില്‍ രൂക്ഷമായ വാക്കേറ്റത്തിന് പൊതുജനങ്ങള്‍ സാക്ഷ്യം വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: