തിരുവനന്തപുരം : ആരേയും ചെളിവാരി തേക്കാന്‍ താത്പര്യമില്ല. എന്നെ എറിഞ്ഞാല്‍ ഞാനും എറിയുമെന്ന് സ്വപ്ന സുരേഷ്. ഒരു ഐ ഫോണ്‍കൊണ്ട് ഒരാളെ ചതിക്കാന്‍ പറ്റുമെന്ന് തോന്നുന്നുണ്ടോ. ചതിക്കാന്‍ ഉദ്ദേശമുണ്ടായിരുന്നെങ്കില്‍ മറ്റു പല ബന്ധങ്ങളുമുണ്ടെന്ന് പരസ്യമാക്കാമായിരുന്നു. എങ്കില്‍ ഈ പറയുന്ന അന്തസ്സും പദവിയുമൊക്കെ നിമിഷനേരത്തില്‍ അവസാനിക്കും. അങ്ങനെ പൊട്ടിക്കണമെങ്കില്‍ തേങ്ങയല്ല, വലിയ ബോംബുണ്ട് കൈയില്‍ എന്നും സ്വപ്ന.
ഒന്നേകാല്‍ വര്‍ഷം ജയിലില്‍ കിടന്ന് വന്നത് ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിച്ചുകൊണ്ടാണ്. ഒരു സ്ത്രീയും മോശമല്ല. കല്യാണം എന്ന കയറ് പല പെണ്‍കുട്ടികള്‍ക്കും തൂക്കുകയറാണ്. വ്യക്തപരമായി എനിക്കും അങ്ങനെയാണ്. കുഞ്ഞുങ്ങളുണ്ടാകുന്നതോടെ അവരെ വളര്‍ത്താന്‍ ജീവിതത്തില്‍ പല സര്‍ക്കസുകളും നടത്തേണ്ടി വരും. എല്ലാം അവസാനിപ്പിക്കാമെന്ന് ഞാനും അമ്മയും തീരുമാനമെടുത്തതായിരുന്നു. ഈ സമയത്താണ് ശിവശങ്കറിന്റെ പുസ്തകം വരുന്നത്. വ്യക്തിത്വത്തിന് ശിവശങ്കര്‍ വില കല്പ്പിക്കുന്നുണ്ടെങ്കില് എല്ലാ കാര്യങ്ങളും അദ്ദേഹം എഴുതണമായിരുന്നു.
നിസാര ഐ ഫോണ്‍ നല്‍കിയതിനെ കുറിച്ചാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഞാനുമായി പങ്കുവെച്ച കാര്യങ്ങളെ കുറിച്ച്, എന്നെ അദ്ദേഹം എങ്ങനെ ഉപയോഗിച്ചു എന്നതിനെ കുറിച്ച് എല്ലാം എഴുതണമായിരുന്നു. ശിവശങ്കറും ഞാനും തമ്മിലുള്ള കാര്യങ്ങളെ കുറിച്ചെഴുതുകയാണെങ്കില്‍ അത് വലിയൊരു പുസ്തകമായിരിക്കും. ചിത്രങ്ങള്‍ അടക്കം നല്കിക്കൊണ്ടായിരിക്കും അത് നല്‍കുക.
മൂന്ന് വര്‍ഷത്തോളമായി ശിവശങ്കര്‍ ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചാണ് താന്‍ ജീവിച്ചിരുന്നത്. സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച് അദ്ദേഹത്തിന് അറിയാമായിരുന്നു. ശിവശങ്കര്‍ സ്വര്‍ണ്ണം കടത്തിയെന്ന് ഞാന്‍ ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. അങ്ങനെ പറയുകയുമില്ല. ഒന്നും അദ്ദേഹത്തിന് അറിയില്ലേ എന്ന് ചോദിച്ചാല്‍, അദ്ദേഹവുമായി പരിചയപ്പെട്ടശേഷം എന്റെ ജീവിതത്തില്‍ നടന്നിട്ടുള്ള എല്ലാ കാര്യങ്ങളും ശിവശങ്കറിനറിയാം.
എല്ലാ ദിവസവും ഞങ്ങള്‍ വിളിക്കാറുണ്ടായിരുന്നു. ഒന്നിടവിട്ട ദിവസങ്ങളില്‍ അദ്ദേഹം വീട്ടില്‍ വരാറുണ്ടായിരുന്നു. ഞാന്‍ ഊട്ടിയിലെ കുതിരയെ പോലെ അദ്ദേഹം പറയുന്നത് മുഴുവന്‍ അനുസരിക്കുകയായിരുന്നു. അദ്ദേഹത്തെ അത്രയും വിശ്വസിച്ചിരുന്നു. എന്റെ അമ്മ പോലും എല്ലാ കാര്യങ്ങളിലും ശിവശങ്കറിനോട് ഉപദേശം തേടാന്‍ ആവശ്യപ്പെടുമായിരുന്നു. എനിക്കെന്റെ ഭര്‍ത്താവിനെ ആശ്രയിക്കാനാകുമായിരുന്നില്ല. അദ്ദേഹം ഒരിക്കലും എന്നെ പിന്തുണച്ചിരുന്നില്ല. എന്നെ ഉപയോഗിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. എന്റെ പണം എല്ലാം പോയി എന്ന് കണ്ടപ്പോള്‍ എന്നെ വിട്ടുപോകുകയും ചെയ്തു.
മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനുമായി വ്യക്തിപരമായ ബന്ധമാണുള്ളത്. സ്വപ്ന ഡിപ്ലോമാറ്റ് ആണെന്നാണ് താന്‍ കരുതിയിരുന്നതെന്ന് ശ്രീരാമകൃഷ്ണന്റെ പ്രസ്താവനയ്ക്ക് ഒരു വിദേശകാര്യാലയത്തില്‍ ഒരു ഇന്ത്യന്‍ സ്ത്രീ ജോലി ചെയ്യുമ്പോള്‍ അത് ഡിപ്ലോമാറ്റ് ആണോ അല്ലയോ എന്ന് തിരിച്ചറിയാന്‍ പറ്റാത്തയാളാണോ സ്പീക്കര്‍ സ്ഥാനത്തിരുന്നതെന്നും സ്വപ്ന ചോദിച്ചു. പി. ശ്രീരാമകൃഷ്ണന് എന്റെ വീട്ടില്‍ പലതവണ സന്ദര്‍ശനം നടത്തിയിട്ടുണ്ട്.
വീട്ടില്‍ നിന്ന് ആഹാരം കഴിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഉറപ്പായിട്ടും അറിയാം ഞാന്‍ ഡിപ്ലോമാറ്റ് അല്ല എന്നത്. എനിക്കറിയില്ല എന്തിനാണ് കള്ളം പറയുന്നതെന്ന്. കെ.ടി.ജലീലുമായി തനിക്ക് ഔദ്യോഗിക ബന്ധം മാത്രമാണുള്ളത്. ഇപ്പോള്‍ താന്‍ സംസാരിക്കുന്നത് ശിവശങ്കറിനെ കുറിച്ച് മാത്രമാണ്. മറ്റുള്ളവരൊന്നും അത്ര അടുത്തവരല്ല. ഞാന്‍ ആരേയും എന്റെ ഒരു ആവശ്യത്തിന് വേണ്ടി മന്ത്രിയേയോ എംഎല്‍എയെയോ ഒരു അധികാരികളേയും വിളിച്ചിട്ടില്ലെന്നും സ്വപ്ന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: