തിരുവനന്തപുരം: കൊവിഡില്‍ വിറങ്ങലിച്ച ജനങ്ങളെ ഷോക്കടിപ്പിച്ച് ഏപ്രില്‍ ഒന്നു മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ നീക്കം. ഇതിനുള്ള ശിപാര്‍ശ വൈദ്യുതി റെഗുലേറ്ററി കമ്മിഷന് കെഎസ്ഇബി നല്കി. മുഖ്യമന്ത്രി വിദേശത്ത് നിന്ന് മടങ്ങിയെത്തിയാല്‍ അന്തിമ തീരുമാനമെടുക്കും.
2200 കോടിയോളം രൂപ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ചാര്‍ജ് വര്‍ധന അനിവാര്യമെന്നാണ് റെഗുലേറ്ററി കമ്മീഷനോട് വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടത്. അതേസമയം, വര്‍ധന എത്ര വേണമെന്ന് മന്ത്രിയും ബോര്‍ഡും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ട്.
ഗാര്‍ഹിക ഉപഭോക്താവിന് യൂണിറ്റിന് 50 പൈസ മുതല്‍ ഒരു രൂപ വരെയുള്ള വര്‍ധനയാണ് മന്ത്രി മുന്നോട്ട് വച്ചത്. എന്നാല്‍ മിനിമം 1.50 രൂപ മുതല്‍ വര്‍ധന വേണമെന്നാണ് ബോര്‍ഡ് ആവശ്യപ്പെടുന്നത്. അതിനാല്‍ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. ജീവനക്കാരുടെ സംഘടനകളുടെ യോഗത്തില്‍ അറിയിച്ച താരിഫ് നിരക്കിന് വ്യത്യസ്തമായാണ് ബോര്‍ഡിലെ ഇടത് യൂണിയന് നേതാക്കള്‍ ഇപ്പോള്‍ പുറത്ത് വിടുന്ന താരിഫ്.
വന്‍കിട സ്ഥാപനങ്ങള്‍ക്ക് അധികം നിരക്ക് വര്‍ധിപ്പിക്കാതെ ഗാര്‍ഹിക ഉപഭോക്താക്കളുടെ മേല്‍ ഭാരം കെട്ടിവയ്ക്കാനാണ് നീക്കം. ഉപയോഗത്തിന് അനുസരിച്ച് പത്ത് സ്ലാബുകളിലായാണ് വൈദ്യുതി നിരക്ക് നിശ്ചയിച്ചത്. കേരളത്തില്‍ മാത്രമാണ് ഇത്തരത്തിലുള്ള സ്ലാബ് പരിഷ്കരണം. ഇത് കൂടുതല്‍ നഷ്ടത്തിനിടയാക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
മറ്റ് സംസ്ഥാനങ്ങളില്‍ അഞ്ചു മുതല്‍ ആറ് വരെ സ്ലാബുകളിലായാണ് നിരക്ക്. വൈകിട്ട് ആറു മുതല്‍ രാത്രി 10 വരെയുള്ള പീക്ക് അവറില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വര്‍ധനയ്ക്കും നീക്കമുണ്ട്. ഉപഭോഗം നോക്കി വൈദ്യുതി ഉപയോഗിക്കുമെന്നാണ് ബോര്‍ഡ് നല്കുന്ന വിശദീകരണം. എന്നാല്‍ ഇത്തരം സംവിധാനത്തിനുള്ള സ്മാര്‍ട്ട് മീറ്ററുകള്‍ വീടുകളില്‍ സ്ഥാപിച്ചിട്ടില്ല.
കേന്ദ്രം നല്കിയ 200 കോടി തിരികെ നല്കി
സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാന്‍ കേന്ദ്രം നല്കിയ 200 കോടി രൂപ തിരികെ നല്കിയ ഏക സംസ്ഥാനമാണ് കേരളം. ഇതിന് വൈദ്യുതി ബോര്‍ഡ് നല്കിയ മറുപടി കുടിശ്ശികയില്ലാതെ തുക പിരിഞ്ഞു കിട്ടുന്നുവെന്നാണ്. വൈദ്യുതി ബോര്‍ഡിന്റെ ആസ്ഥാനം പ്രവര്‍ത്തിക്കുന്ന കേശവദാസപുരം പട്ടം മേഖലയിലെ ഉപഭോഗവും വൈദ്യുതി ബില്ലിലെ വരവും കണക്കിലെടുത്താണ് ബോര്‍ഡ് ആസ്ഥാനത്തെ എഞ്ചിനീയര്‍മാര്‍ സ്മാര്‍ട്ട് മീറ്റര്‍ വേണ്ടെന്ന് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയത്. ഈ പ്രദേശത്ത് വ്യാവസായിക സ്ഥാപനങ്ങളില്ല.
സംസ്ഥാനത്തിന് പുറത്ത് നിന്ന് കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭിക്കുമെങ്കിലും കൂടിയ നിരക്കിലാണ് വൈദ്യുതി വാങ്ങുന്നത്. ദീര്‍ഘകാല കരാര്‍ ഒപ്പു വച്ചതിനാല്‍ മാറാന്‍ സാധിക്കില്ല എന്നാണ് ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായം. എന്നാല്‍ നിയമ നടപടികളിലൂടെ പ്രശ്നം പരിഹരിക്കാനാകും. അതിന് ബോര്‍ഡിലെ ഇടത് നേതാക്കള്‍ താല്പര്യം കാണിക്കുന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: