തിരുവനന്തപുരം: കണ്ണൂര്‍ സര്‍വ്വകലാശാല വിസി നിയമനം സംബന്ധിച്ച സംസ്ഥാന സര്‍ക്കാര്‍ വാദം തള്ളി രാജ് ഭവന്. വിസി പുനര്‍ നിയമനത്തിന് രാജ് ഭവന് നിര്‍ദേശം നല്‍കിയില്ല എന്നാണ് വിശദീകരണം.
പുനര്‍ നിയമന നടപടി തുടങ്ങിയത് മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ചേര്‍ന്നാണ്. പുനര്‍ നിയമനം നല്‍കണം എന്ന് മുഖ്യമന്ത്രിയുടെ നിയമോപദേശകന് നേരിട്ട് എത്തി ആവശ്യപ്പെട്ടു എന്നും രാജ്ഭവന് വിശദീകരിക്കുന്നു. പുനര്‍ നിയമനത്തില്‍ ഗവര്‍ണ്ണര്‍ക്ക് വ്യത്യസ്ത അഭിപ്രായം ആയിരുന്നു. പുനര്‍ നിയമനം നിയമ പരമായി നിലനില്‍ക്കുമോ എന്നായിരുന്നു സംശയമെന്നും രാജ്ഭവന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനത്തിനുള്ള നടപടികളുമായി മുന്നോട്ട് പോകാന്‍ ഗവര്‍ണ്ണര്‍ നിര്‍ദ്ദേശിച്ചെന്ന നിര്‍ണ്ണായക രേഖ ലോകായുക്തയില്‍ സര്‍ക്കാര്‍ ഹാജരാക്കിയിരുന്നു. ഗവര്‍ണ്ണറുടെ നടപടിക്ക് പിന്നാലെയാണ് പുനര്‍ നിയമനത്തിനായി മന്ത്രി ആര് ബിന്ദു കത്ത് നല്‍കിയതെന്നാണ് സര്‍ക്കാര്‍ വാദം. ഗവര്‍ണ്ണറുടെ കത്ത് എടുത്തുചോദിച്ച ലോകായുക്ത, മന്ത്രി ശുപാര്‍ശ ചെയ്യാതെ നിര്‍ദ്ദേശം മാത്രമല്ലേ മുന്നോട്ട് വെച്ചതെന്ന് ചോദിച്ചിരുന്നു. കേസില്‍ വിധി വരും മുമ്പ് ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണ്ണര്‍ ഒപ്പിടുമോ എന്ന് വാദത്തിനിടെ ലോകായുക്ത ചോദിച്ചു.
മന്ത്രി എന്ത് പറഞ്ഞാലും ചാന്‍സലര്‍ അല്ലേ തീരുമാനമെടുക്കണ്ടെതെന്നായിരുന്നു ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിന്റെ ചോദ്യം. ചാന്‍സലര്‍, പ്രോ ചാന്‍സലര്‍ പദവികള്‍ ലോകായുക്തയുടെ പരിധിയില്‍ വരില്ലെന്നും ഇരുവരും നിരീക്ഷിച്ചു. മന്ത്രിക്കും ചാന്‍സലര്‍ക്കും ഇടയില്‍ ആശയവിനിമയം മാത്രമാണ് നടന്നതെന്നും സ്റ്റേറ്റ് അറ്റോര്‍ണി വാദിച്ചു. അതേ സമയം മന്ത്രി കാണിച്ചത് സ്വജനപക്ഷപാതം തന്നെയാണെന്ന് കേസിലെ ഹര്‍ജിക്കാരാനായ രമേശ് ചെന്നിത്തലയുടെ അഭിഭാഷകന് ജോര്‍ജ്ജ് പൂന്തോട്ടം പറഞ്ഞു. സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട സര്‍ക്കാറിന്റെ മറ്റ് ചില ഇടപെടലുകള്‍ പൂന്തോട്ടം പരാമര്‍ശിച്ചപ്പോള്‍, ഇല്ലാത്തഭാര്യയെ അടിച്ച കാര്യം ചര്‍ച്ച ചെയ്ത് സമയം കളയേണ്ടെന്നായിരുന്നു ലോകായുക്ത പരാമര്‍ശം. വാദത്തിനിടെയാണ് വിവാദമായ ലോകായുക്ത നിയമഭേദഗതി ലോകായുക്ത പരാമര്‍ശിച്ചത്. മന്ത്രിക്കെതിരായ കേസിലെ വിധി വരും മുമ്പ് ഓര്‍ഡിനന്‍സില്‍ ഗവര്‍ണ്ണര്‍ ഒപ്പിടുമോ എന്നായിരുന്നു ചോദ്യം. തനിക്ക് അറിവില്ലെന്നായിരുന്നു അറ്റോര്‍ണിയുടെ മറുപടി. കേസ് വെള്ളിയാഴ്ചയിലേക്ക് മാറ്റിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: