തൃശ്ശൂര്‍: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയില്‍ പന്നിയങ്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിക്കുന്നതിനുള്ള നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമായി. പന്നിയങ്കര ടോള്‍ പിരിവുകേന്ദ്രത്തില്‍ പ്രദേശവാസികള്‍ക്ക് സൗജന്യപാസ് നല്‍കാനാകില്ലെന്ന നിലപാടിലാണ് കരാര്‍ കമ്പനി. ടോള്‍ പ്ലാസയ്ക്ക് 10 കി.മീ.ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് സൗജന്യ പാസ് അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പണി പൂര്‍ത്തിയാകും മുമ്പ് പന്നിയങ്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവ് ആരംഭിക്കാനൊരുങ്ങുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
നാട്ടുകാരുടെയും വ്യാപാര സംഘടനകളുടെയും പ്രതിഷേധമുള്ളപ്പോഴും ടോള്‍ പിരിക്കാനുള്ള ഒരുക്കങ്ങളുമായാണ് കരാര്‍ കമ്പനി മുന്നോട്ട് പോകുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 90 ശതമാനം പൂര്‍ത്തിയായെന്നും ടോള്‍ പിരിക്കാന്‍ അനുമതി വേണമെന്നും ആവശ്യപ്പെട്ട് നിര്‍മാണക്കമ്പനി ദേശീയപാത അതോറിറ്റിക്ക് കത്ത് നല്‍കിയിരുന്നു. നിലവില്‍ കരാര്‍ ഒപ്പിട്ടപ്പോള്‍ പറഞ്ഞിട്ടുള്ള പണിയില്‍ 98 ശതമാനം ഇപ്പോള്‍ പൂര്‍ത്തിയായെന്നാണ് ദേശീയപാത അധികൃതരെ നിര്‍മാണ കമ്പനി അറിയിച്ചത്. ദേശീയപാത അതോറിറ്റിയുടെ അനുമതി ലഭിച്ചാല്‍ ഉടനെ ടോള്‍ പിരിക്കാനാണ് കരാര്‍ കമ്പനിയുടെ തീരുമാനമെന്നാണ് സൂചന. എന്നാല്‍ ടോള്‍ പിരിക്കുന്ന വിഷയത്തില്‍ ദേശീയപാത അതോറിറ്റി ഇതുവരെയും തീരുമാനം അറിയിച്ചിട്ടില്ല.
മന്ത്രിമാരുടെ വാക്കുകള്‍ മറി കടന്ന് കരാര്‍ കമ്പനി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതിന് ശേഷമേ പന്നിയങ്കരയില്‍ ടോള്‍ പിരിക്കൂവെന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചിരുന്നത്. മന്ത്രിയുടെ പ്രഖ്യാപനത്തെ മറികടന്ന് കുതിരാനില്‍ രണ്ടാംതുരങ്കം തുറന്നതിന് തൊട്ടുപിറകേ ടോള്‍ പിരിവ് ആരംഭിക്കാന്‍ കരാര്‍ കമ്പനി ശ്രമം നടത്തിയിരുന്നു. ട്രാഫിക് ഡൈവേര്ഷന് വേണ്ടിയാണ് കുതിരാനില്‍ രണ്ടാം തുരങ്കം തുറക്കുന്നതെന്ന് മന്ത്രിമാരായ മുഹമ്മദ് റിയാസും കെ.രാജനും വ്യക്തമാക്കിയത്. ഏപ്രില്‍ അവസാനത്തോടെ പണികള്‍ പൂര്‍ത്തീകരിക്കുമെന്നും പൂര്‍ണമായി തുറക്കാതെ ടോള്‍ പിരിവ് അനുവദിക്കില്ലെന്നും മന്ത്രിമാര്‍ അറിയിച്ചിരുന്നു. ടോള്‍ പ്ലാസയില്‍ പ്രതിഷേധ സമരങ്ങളും ശക്തമായതോടെ കഴിഞ്ഞ മാസം ടോള്‍ പിരിവ് ആരംഭിക്കാനുള്ള നീക്കത്തില്‍ നിന്ന് കരാര്‍ കമ്പനി പിന്മാറിയത്.
നാട്ടുകാരും വ്യാപാരികളും സമരരംഗത്ത്
പന്നിങ്കരയില് ടോള്‍ പിരിവ് ആരംഭിക്കുന്നതിന് മുമ്പ് തദ്ദേശവാസികള്‍ക്ക് സൗജന്യ പാസ്സ് അനുവദിക്കണമെന്നും പ്രദേശത്തെ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും ആവശ്യമുയര്‍ന്നെങ്കിലും ഇക്കാര്യത്തില്‍ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ജനകീയ വേദിയുടെ നേതൃത്വത്തില്‍ ഇന്നലെ പന്നിയങ്കര ടോള്പ്ലാസ്യ്ക്ക് സമീപം പ്രതിഷേധ സമരം നടത്തി. മുന്‍ മന്ത്രി വി.സി. കബീര്‍ ഉദ്ഘാടനം ചെയ്തു.
പ്രദേശവാസികള്‍ക്ക് സൗജന്യപാസ് അനുവദിക്കണമെന്നും ജോലികള്‍ പൂര്‍ത്തിയാകാതെ ടോള്‍പിരിവ് തുടങ്ങരുതെന്നുമെന്ന് ആവശ്യപ്പെട്ട് വടക്കഞ്ചേരി സംയുക്ത സമരസമിതി, വ്യാപാരി വ്യവസായി ഏകോപന സമിതി, പന്തലാംപാടം ജനകീയസമിതി, വടക്കഞ്ചേരി ജനകീയവേദി എന്നീ സംഘടനകളും സമരരംഗത്തുണ്ട്.
ടോള്‍ പിരിവിനെതിരെ ജില്ലാ ആസൂത്രണ സമിതി യോഗം
ടോള്‍ പിരിക്കാനുള്ള കരാര്‍ കമ്പനിയുടെ നീക്കത്തിനെതിരെ ജില്ലാ ആസൂത്രണ സമിതിയോഗത്തിലും ശക്തമായ പ്രതിഷേധമുണ്ടായി. പട്ടിക്കാട് മുതല്‍ കുതിരാന്‍ തുരങ്കം വരെയുള്ള നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് മുമ്പായി ടോള്‍ പിരിവ് ആരംഭിക്കരുതെന്ന് യോഗം ആവശ്യപ്പെട്ടു. ടോള്‍ ആരംഭിച്ചാല്‍ 10 കി.മീ. ചുറ്റളവില്‍ താമസിക്കുന്ന തദ്ദേശവാസികള്‍ക്ക് സൗജന്യപാസ് അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടാനാണ് യോഗ തീരുമാനം.
ടോള്‍ പ്ലാസ സജ്ജമാക്കി കരാര്‍ കമ്പനി
ടോള്‍ പിരിവിന് മുന്നോടിയായി പന്നിയങ്കരയിലെ ടോള്‍ പ്ലാസ കരാര്‍ കമ്പനി പൂര്‍ണ സജ്ജമാക്കി കഴിഞ്ഞു. പരീക്ഷണാടിസ്ഥാനത്തില്‍ ടോള്‍ പ്ലാസയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കരാര്‍ കമ്പനിയായ കെഎംസി ടോള്‍ പിരിക്കാന്‍ മാത്രം മറ്റൊരു കമ്പനിക്ക് ഉപകരാര്‍ നല്‍കിയിരിക്കുകയാണ്. മുപ്പതോളം ജീവനക്കാരെയാണ് ടോള്‍ പ്ലാസയില്‍ നിയമിച്ചിട്ടുള്ളത്. ജീവനക്കാര്‍ക്ക് പുറമേ സിഗ്നല്‍ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. സെന്‍സറുകളും ബാരിയറുകളും സ്ഥാപിച്ച് വാഹനങ്ങള്‍ വരുമ്പോള്‍ തടഞ്ഞ് നമ്പര്‍ രേഖപ്പെടുത്തിയാണ് തുറന്നുവിടുന്നത്. ഇരു ദിശകളിലേക്കുമായി 18 ട്രാക്കുകള്‍ ടോള്‍ കേന്ദ്രത്തിലുണ്ട്. കരാര്‍ കമ്പനിയായ കെഎംസി ടോള്‍ പിരിക്കാനായി മാര്‍ക്കോ ലൈന്‍സ് എന്ന കമ്പനിയെയാണ് ഏല്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: