കൊട്ടിയം: വേനല്‍ കടുക്കുന്നതോടെ ക്ഷീരകര്‍ഷകരും പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ജലക്ഷാമത്തിന് പുറമെ കാലിത്തീറ്റവിലയിലെ ഉയര്‍ച്ചയും പാല് ഉത്പാദനത്തിലെ കുറവുമാണ് ഇരുട്ടടിയാകുന്നത്. ക്ഷീരകര്‍ഷകരുടെ ഉദ്പാദന ചെലവ് കൂടുകയും വരവ് കുറയുകയും ചെയ്യുന്നതാണ് വലിയ പ്രതിസന്ധി. പുല്ല് ഉണങ്ങി കരിഞ്ഞു തീറ്റപ്പുല്ലിന് ക്ഷാമം തുടങ്ങിയതോടെ കര്‍ഷകര്‍ വിലകൊടുത്ത് വൈക്കോല്‍ വാങ്ങിത്തുടങ്ങി. സര്‍ക്കാര്‍സ്ഥാപനങ്ങളുടെയടക്കം തീറ്റവിലയും കൂടുതലാണ്.
കേരള ഫീഡ്സ് ചാക്കിന് 1345 രൂപയാണ്. നേരത്തേയിത് 1000 രൂപയായിരുന്നു. മില്‍മ കാലിത്തീറ്റയ്ക്ക് 25 രൂപ കുറഞ്ഞത് അല്പം ആശ്വാസം നല്കുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ചോളത്തിനും എണ്ണ നീക്കിയ തവിടിനും വേണ്ടി ഇതരസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. വില കുറഞ്ഞിരിക്കുമ്പോള്‍ ഇവ വലിയ അളവില്‍ സംഭരിച്ച് കേടുകൂടാതെ സൂക്ഷിക്കേണ്ടതാണ്. ഇതിനായി സംഭരണകേന്ദ്രങ്ങള്‍ സര്‍ക്കാര്‍ ഒരുക്കാത്തതാണ് തീറ്റവില ഇടയ്ക്കിടെ വര്‍ധിക്കുന്നതിന് കാരണമാകുന്നതെന്ന് ക്ഷീരകര്‍ഷകര്‍ പറയുന്നു.
എള്ളിന്‍പിണ്ണാക്ക്, പരുത്തിപ്പിണ്ണാക്ക്, പരുത്തിക്കുരു, തവിട് എന്നിവയ്ക്ക് വില കൂടുകയാണ്. സ്വകാര്യ കമ്പനികളുടെ കാലിത്തീറ്റയ്ക്ക് 100-130 രൂപയിലധികം വിലകയറി. ചോളം, തവിട് എന്നിവയുടെ ക്ഷാമമാണ് പ്രധാന കാരണം. ഇന്ധനവിലയുടെ വര്‍ധനയാണ് വൈക്കോലിന് വിലകൂട്ടുന്നത്. ഒരുകെട്ട് വൈക്കോലിന് 10 രൂപ മുതല്‍ 15 രൂപ വരെയാണ് വില കൂടുക. തമിഴ്നാട്ടില്‍ കൊയ്ത്തു സീസണ് ആയതിനാല്‍ ഇപ്പോള്‍ വില ഉയര്‍ന്നിട്ടില്ല. 30 കിലോ റോള്‍ വൈക്കോലിന് 300 രൂപയാണ്. ഏപ്രില്‍, മേയ് മാസങ്ങളില്‍ ഇത് 450 രൂപ വരെയെത്തും. വണ്ടിക്കൂലി കൂടി കണക്കാക്കിയാല്‍ വീണ്ടും വില ഉയരും. പാലിന് കുറഞ്ഞ വിലയാണ് കിട്ടുന്നതെങ്കിലും കാലികള്‍ക്ക് തീറ്റ നല്കാതിരിക്കാന് കഴിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. പ്രതിസന്ധി പരിഹരിക്കാന്‍ വിലവര്‍ധന നിയന്ത്രിക്കാതെ കഴിയില്ലെന്ന് കര്‍ഷകര്‍ പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: