കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന് കീഴിലെ ആദ്യ കയാക്കിംഗ് പരിശീലന കേന്ദ്രമാവാന്‍ ഒരുങ്ങുകയാണ് കാട്ടാമ്പള്ളി കയാക്കിംഗ് സെന്റര്‍. ജലസാഹസിക വിനോദ മേഖലയിലെ പ്രമുഖ സ്ഥാപനമായ ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോട്സുമായി ചേര്‍ന്ന് കണ്ണൂര്‍ ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
കട്ടാമ്പള്ളി പുഴയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയാണ് കയാക്കിംഗ് സെന്ററിനെ കയാക്കിംഗ് അക്കാദമിയായി ഉയര്‍ത്തുന്നത്. ഇതിന്റെ മുന്നോടിയായി കയാക്കിംഗ് സെന്ററിലെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ കെവി സുമേഷ് എംഎല്‍എ, ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ച് വിലയിരുത്തി.
രണ്ട് ഘട്ടങ്ങളിലായാണ് കയാക്കിംഗ് സെന്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടന്നത്. ആദ്യഘട്ടത്തില്‍ 8080 172 രൂപ ചെലവില്‍ 200 ചതുരശ്ര മീറ്ററില്‍ ഇരുനില കെട്ടിടവും പത്ത് സിംഗിള്‍ കയാക്ക്, 14 ഡബിള്‍ കയാക്ക് വഞ്ചികളും ഒരുക്കി. കെട്ടിടത്തില്‍ കയാക്ക് സ്റ്റോര്‍, ടോയ്ലറ്റ് സൗകര്യം അടുക്കള കഫ്റ്റീരിയ എന്നിവയാണുണ്ടാവുക. രണ്ടാം ഘട്ടത്തില്‍ ചുറ്റുമതില്‍ പാര്‍ക്കിംഗ് ഏരിയ ഇന്റര്‍ലോക്കിംഗ്, ഫ്ലോട്ടിംഗ് ബോട്ട് ജെട്ടി, എന്നിവ പൂര്‍ത്തിയാക്കി.
ഒരു പെഡല്‍ ബോട്ട്, ഒരു സ്പീഡ് ബോട്ട്, 4 കയാക്ക് വഞ്ചികള്‍ എന്നിവയും രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഒരുക്കും. 99,72069 രൂപയാണ് രണ്ടാഘട്ട നിര്‍മ്മാണച്ചെലവ്. കൊച്ചി കേന്ദ്രമായ വാപ്കോസാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തിയത്. വൈദ്യുതി കണക്ഷന് പൂര്‍ത്തിയാക്കി താല്പര്യപത്രം ക്ഷണിച്ച് മാര്‍ച്ച് പകുതിയോടെ കയാക്കിംഗ് സെന്റര്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും. ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്സുമായി സഹകരിച്ച് കയാക്കിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍, ലൈഫ് സേവിംഗ് ടെക്നിക് കോഴ്സുകള്‍, ഒളിമ്പിക് കയാക്ക് എന്നിവ നടത്തും.
സീറോ വേസ്റ്റ് സംവിധാനത്തിലാവും സെന്ററിന്റെ പ്രവര്‍ത്തനം. അക്കാദമിയാക്കുന്നതോടെ സെന്ററിന്റെ ഇപ്പോഴത്തെ സ്ഥലസൗകര്യം വര്‍ദ്ധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കും. കണ്ണൂര്‍ നഗരത്തില്‍ നിന്ന് എളുപ്പം എത്താമെന്നതും സാഹാസിക ജല വിനോദത്തിനുള്ള സാധ്യതകളുമാണ് കാട്ടമ്പള്ളി സെന്ററിനെ വ്യത്യസ്തമാക്കുന്നതെന്ന് കെ.വി. സുമേഷ് എംഎല്‍എ പറഞ്ഞു. ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖര്‍, നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. രമേശന്, ചിറയ്ക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. ശ്രുതി, മേജര്‍ ഇറിഗേഷന്‍ എക്സികൂട്ടീവ് എഞ്ചിനീയര്‍ എം.സി. സജീവ് കുമാര്‍, ഡിടിപിസി സെക്രട്ടറി ജെ.കെ. ജിജേഷ് കുമാര്‍ എന്നിവരും സെന്റര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: