ചൈനയെ ഇന്ത്യ വളഞ്ഞിട്ട് ആക്രമിക്കുന്നുവെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന് പിള്ള. ചൈനയെ ലോക രക്ഷകന്റെ സ്ഥാനത്തേക്കുയര്‍ത്താനും ജന്മനാടിനെ അപവാദത്തിന്റെ ചെളിക്കുണ്ടിലേക്ക് ചവിട്ടിത്താഴ്ത്താനും അദ്ദേഹം കാണിക്കുന്ന ഉത്സാഹം കമ്യൂണിസ്റ്റ് പാര്‍ട്ടിയെ അടുത്തറിയുന്ന ആരെയും അത്ഭുതപ്പെടുത്തില്ല. രാജ്യം പ്രതിസന്ധിയുടെ മുള്‍മുനയില്‍ നില്ക്കുമ്പോഴെല്ലാം ഈ പാര്‍ട്ടി എന്നും നിര്‍ലജ്ജം ശത്രു പക്ഷത്തായിരുന്നല്ലൊ? അമേരിക്കന്‍ സാമ്രാജ്യത്വത്തോട് ചേര്‍ന്ന് ചൈനക്കെതിരെ, ഇന്ത്യ ഗൂഢാലോചന നടത്തുന്നുവെന്നാണ് പിള്ളയുടെ പരാതി. പ്രശ്നം സാമ്രാജ്യത്വമാണ്. അത് തകര്ക്കേണ്ടതുതന്നെ. തര്‍ക്കമില്ല. എന്നാല്‍ തെരഞ്ഞെടുത്ത ജനതയെത്തന്നെ കൊവിഡിന്റെ മരണ വായിലേക്ക് വലിച്ചെറിഞ്ഞ് പിണറായി ആത്മരക്ഷാര്‍ത്ഥം അമേരിക്കയില്‍ അഭയം തേടിയപ്പോള്‍ത്തന്നെ സാമ്രാജ്യത്വത്തിന്നെതിരെ സഖാവ് ആഞ്ഞടിച്ചത് ഉചിതമായി. അയല്‍രാജ്യങ്ങളുടെ അഭ്യന്തര കാര്യങ്ങളിലിടപെടുന്നത് ഇന്ത്യയുടെ നയമല്ല. എന്നു മാത്രമല്ല ചൈനയുടെ കാര്യത്തിലാണെങ്കില്‍ ചരിത്രപരവും സാംസ്കാരികവും ആത്മീയവുമായ ഒരന്തര്‍ധാര നിലനിര്‍ത്തിപ്പോന്ന ഒരു പാരമ്പര്യവും നമുക്കുണ്ട്. രണ്ടു രാജ്യങ്ങളുടെയും മുന്നോട്ടുള്ള പ്രയാണത്തില്‍ കൊടുക്കല്‍ വാങ്ങലുകളുടെ ഒട്ടേറെ അടയാളപ്പെടുത്തലുകള്‍ കാണാം. എന്നാല്‍ 1962ല്‍ ചൈനയുടെ മുഖംമൂടി അഴിഞ്ഞു വീണു. കേരളത്തിന്റെ വിസ്തൃതിയുടെ മൂന്നിരട്ടിയിലധികം വരുന്ന ഭൂപ്രദേശമാണ് അന്ന് ചൈന കവര്‍ന്നെടുത്തത്. അതിര്‍ത്തി കടന്ന് ഗ്രാമങ്ങളുണ്ടാക്കി. പോക്കുവരവ് സുഗമമാക്കാന്‍ ഹെലിപാഡ് വരെ പണിതു. സ്വാതന്ത്ര്യാനന്തര ഭാരതം അഭിമുഖീകരിച്ച നിര്‍ണ്ണായകമായ പ്രതിസന്ധിയുടെ നാളുകളായിരുന്നു അത്. കമ്യൂണിസ്റ്റ് പാര്‍ട്ടി അന്ന് കൈക്കൊണ്ട നിലപാട് ഇന്നും ചരിത്രത്തിന്റെ ഭാഗം. ചൈന ചൈനയുടെതെന്നും ഇന്ത്യ ഇന്ത്യയുടെതെന്നും പറയപ്പെടുന്നതായ ഭൂപ്രദേശമെന്ന പിതൃശൂന്യമായ നിലപാടാണ് താത്വികാചാചാര്യനായ ഇഎംഎസ് നമ്പൂതിരിപ്പാട് കൈക്കൊണ്ടത്. മക്മോഹന്‍ രേഖയെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെപ്പോലെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും വിട്ടുവീഴ്ച കൂടാതെ എതിര്‍ത്തു.
കമ്യൂണിസ്റ്റുകാര്‍ കറകളഞ്ഞ രാജ്യദ്രോഹികളാണെന്ന് ആവര്‍ത്തിച്ച് വിളംബരം ചെയ്ത സംഭവമായിരുന്നു അത്. ഇന്നിപ്പോള്‍ അരുണാചല്‍പ്രദേശ് അപ്പാടെ കൈയടക്കാന്‍ വ്യാജഭൂപടം തീര്‍ക്കുന്ന തിരക്കിലാണ് ചൈന. ആഴ്ചകള്‍ക്കു മുമ്പ് അതിര്‍ത്തിയില്‍ നടത്തിയ കടന്നുകയറ്റം മറക്കാറായിട്ടില്ല . ഇന്ത്യന്‍ പട്ടാളത്തിന്റെ പോര്‍വീര്യത്തിന് മുന്നില്‍ മുട്ടുമടക്കി നാണം കെട്ടു പിന്‍വാങ്ങിയ ചൈന മറ്റൊരവസരത്തിനായി കാത്തു നില്‍ക്കുകയാണ്. ലക്ഷ്യം ഒന്നു മാത്രം. ജനാധിപത്യ മൂല്യങ്ങളില്‍ മുറുകെപ്പിടിച്ച് വികസിത രാജ്യങ്ങളുടെ മുന്‍നിരയിലേക്ക് അടിവച്ച് നീങ്ങുന്ന ഇന്ത്യയെ തകര്‍ക്കുക. അപ്പോഴും സിപിഎം ചൈനയോടൊപ്പം തന്നെ. ഒന്നുകില്‍ ഇന്ത്യയുടെ കൂടെ. അല്ലെങ്കില്‍ പടിക്കു പുറത്ത്. തീരുമാനം കൈക്കൊള്ളേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അതിന്റെ ലക്ഷണമാണ് പിള്ളയുടെ ജല്പ്പനങ്ങള്.
ലോകത്തിലെ തൊഴിലാളി വര്‍ഗ സര്‍വാധിപത്യത്തിന്റെ മേലങ്കിയണിഞ്ഞ ലക്ഷണമൊത്ത സാമ്രാജ്യത്വ ശക്തിയാണ് ഇന്ന് ചൈന. രാജ്യത്തിനകത്തും പുറത്തും തങ്ങളുടെ ആധിപത്യമടിച്ചേല്‍പ്പിക്കാന്‍ ചൈന നടത്തുന്ന നീക്കങ്ങള്‍ ഇന്ന് രഹസ്യമല്ല. ഇരുമ്പു തിരശീലക്കുപിന്നിലെ ഇരുട്ടില്‍ നിന്നുമുയരുന്ന ചൈനാക്കാരന്റെ നിസ്സഹായമായ നിലവിളി ആംനസ്റ്റി ഇന്റര്‍നാഷണല്‍ പലതവണ പുറത്തു കൊണ്ടുവന്നിട്ടുണ്ട്. ഹ്യൂമന്‍ റൈറ്റ്സ് വാച്ച് പുറത്തു കൊണ്ടുവന്ന ഞെട്ടിക്കുന്ന സംഭവങ്ങള്‍ ഇതിന്നു പുറമെയാണ്. സ്വാതന്ത്ര്യത്തിന്റെ ഒരു കീറുവെളിച്ചത്തിന്നു വേണ്ടി ഗാന്ധിമാര്‍ഗ്ഗത്തില്‍ സമരം ചെയ്തവരെ ടിയാന്മെന് സ്ക്വയറില്‍ പാറ്റണ് ടാങ്കിറക്കി ചതച്ചരച്ചതും സ്വാതന്ത്ര്യത്തിന്റെ പ്രതീകമായ പ്രതിമ തകര്‍ത്തതും ജനാധിപത്യ വാദികളുടെ മനസ്സില്‍ ഇന്നും വടുകെട്ടി നില്ക്കുന്ന വേദനിപ്പിക്കുന്ന ഓര്‍മകളാണ്. അറിയാതെ സത്യം പറഞ്ഞു പോയ പി.ഗോവിന്ദപിള്ളയെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിലക്കിയതും മരണം വരെ ഭ്രഷ്ട് കല്‍പ്പിച്ച് മാറ്റി നിര്‍ത്തിയതും രാഷ്ട്രീയ കേരളം മറന്നിട്ടില്ല. ചൈനീസ് സാമ്രാജ്യത്വം ലോക മനസാക്ഷിയുടെ മുന്നിലേക്ക് ധിക്കാരപൂര്‍വം വലിച്ചെറിഞ്ഞ മറ്റൊരു ചോദ്യചിഹ്നമാണ് തിബറ്റ്. അവരുടെ ആത്മീയാചാര്യനായ ദലൈലാമ ഇന്നും പ്രവാസ ജീവിതം നയിക്കുകയാണ്. ചൈനയിലെ ആണവ നിലയങ്ങളില്‍ നിന്നു പുറംതള്ളുന്ന മാരകമായ മാലിന്യങ്ങളെല്ലാം നിക്ഷേപിക്കുന്ന കേന്ദ്രമാണ് ഇന്ന് തിബറ്റ്. തിബറ്റിനെ ഇഞ്ചിഞ്ചായി കൊന്നു തീര്ക്കുകയാണിക്കൂട്ടര്. ആരാണ് സാമ്രാജ്യത്വവാദികള്‍? ആരാണ് സാമ്രാജ്യത്വ അജണ്ട നടപ്പാക്കുന്നത്? ചൈനയുടെ ചാരക്കണ്ണുകള്‍ പതിയാത്ത ഏതെങ്കിലും ഒരു രാജ്യം സഖാക്കള്‍ക്ക് ചൂണ്ടിക്കാട്ടാനാവുമോ? അപ്പോഴും ചൈന മധുര മനോഞ്ജമാണെങ്കില് അതിന് ചികിത്സ വേറെയാണ്.
വാസ്തവത്തില്‍ സിപിഎം പറയുന്നതു പോലെ വളഞ്ഞിട്ട് വേട്ടയാടാന്‍ കോപ്പുകൂട്ടുന്നതാരാണ്. ലോക രാഷ്ട്രങ്ങള്‍ക്കെല്ലാം പട്ടാളമുണ്ട്. എന്നാല്‍ പട്ടാളത്തിനൊരു രാജ്യമുണ്ടെങ്കില്‍ അതിന്റെ പേരാണ് പാകിസ്ഥാന്. ചത്തും കൊന്നും തീരാന്‍ ഒരുമ്പെട്ടു നില്ക്കുന്നവര്. അന്താരാഷ്ട്ര തീവ്രവാദകേന്ദ്രം. ഇന്ത്യക്കുമാത്രമല്ല സമാധാനം പുലര്‍ന്നു കാണണമെന്നാഗ്രഹിക്കുന്ന രാജ്യങ്ങള്‍ക്കെല്ലാം ഭീഷണിയാണ് പാകിസ്ഥാന്. പ്രതിപക്ഷ കക്ഷിയായ ജമാഅത്തെ ഇസ്ലാമിയുടെ അഭിപ്രായത്തില്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന് അന്താരാഷ്ട്ര യാചകനാണ്. അതൊന്നും പക്ഷെ പാകിസ്ഥാന്റെ രക്തദാഹം ശമിപ്പിക്കുന്നില്ല. ഈ രാജ്യത്തെ അടിമുടി ആയുധമണിയിക്കുന്നത് ചൈനയാണ്. ലക്ഷ്യം ഒന്നു മാത്രം. ഇന്ത്യയെ ഇല്ലാതാക്കുക. രാജ്യത്തിന്റെ ഉപ്പും ചോറും തിന്നു ജീവിക്കുന്ന സിപിഎമ്മിന് ഇതൊന്നും കാണാന്‍ കണ്ണില്ലാതെ പോവുന്നതെന്തുകൊണ്ടാണ് ?
രണ്ടു ലോക മഹായുദ്ധങ്ങളില്‍ മരണപ്പെട്ടതിനേക്കാളേറെ നിരപരാധികളായ മനുഷ്യരാണ് സോവിയറ്റ് യൂണിയനില്‍ മാത്രം കൊലചെയ്യപ്പെട്ടത്. കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ നിലവില്‍ വന്ന മറ്റു രാജ്യങ്ങളിലെ സ്ഥിതിയും മറിച്ചായിരുന്നില്ല. സഹജീവികളുടെ വാക്കുകള്‍ സംഗീതം പോലെ ആസ്വദിക്കുന്ന കാലം സ്വപ്നം കണ്ടവര്‍ക്ക് കൂട്ടക്കുരുതികളും അറിഞ്ഞോ അറിയാതെയോ ആസ്വദിക്കേണ്ടിവന്നു. ദേശീയതലത്തില്‍ പ്രതിപക്ഷമായിരുന്ന കമ്യൂണിസ്റ്റ്പാര്‍ട്ടി കേരളത്തിലേക്ക് ചുരുങ്ങിയതും വിദേശ വിധേയത്വം ക്ഷണിച്ചു വരുത്തിയ ദുരന്തമായിരുന്നു. 1964ല്‍ പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിച്ച കാരണവും മറ്റൊന്നല്ല. അതോടെ എല്ലാവരും എടുത്തണിഞ്ഞ് ആര്‍ക്കും പറ്റാത്ത തൊപ്പിയായി പാര്‍ട്ടി മാറി. ഇടതും വലതും തീവ്രവും അതിതീവ്രവുമായി കമ്യൂണിസ്റ്റ് പാര്‍ട്ടി കണ്ടാല്‍ തിരിച്ചറിയാതായി. നെഹ്റുവിനു ശേഷം ഇഎംഎസ് എന്ന സ്വപ്നം മലര്‍പ്പൊടിക്കാരന്റെ സ്വപ്നമായി മാറി. അപ്പോഴും പണ്ടൊരു തല തിരിഞ്ഞ സന്തതി പറഞ്ഞതുപോലെ എന്നെ തല്ലണ്ടമ്മാവാ ഞാന്‍ നന്നാവില്ല എന്ന നിലപാടിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഉറച്ചുനില്‍ക്കുന്നത്. അങ്ങനെയെങ്കില്‍ പാര്‍ട്ടിയെ ആദ്യമായി അധികാരത്തിലേറ്റിയ കേരളത്തിലെ ജനങ്ങള്‍ തന്നെ ഉപനയനം നടത്തിയ കൈകൊണ്ട് പാര്‍ട്ടിയുടെ ഉദകക്രിയയും നടത്തും.
ചരിത്രത്തില്‍ നിന്നു പാഠം പഠിക്കാത്തവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണ്. പൂര്‍വ്വ യൂറോപ്പിലും മറ്റും അവശേഷിച്ച കമ്യൂണിസ്റ്റ് കക്ഷികള്‍ ജനാധിപത്യത്തിലും മനുഷ്യാവകാശത്തിലും ഊന്നി സ്വയം പരിവര്ത്തനപ്പെട്ടതായി കാണാം. ഡാങ്കെ ഉള്‍പ്പെടെയുള്ള നേതാക്കന്മാരെ റഷ്യ സന്ദര്‍ശന വേളയില്‍ ലെനിന് ഉപദേശിച്ചതും ഇന്ത്യന്‍ സാഹചര്യങ്ങളെ ഉള്‍ക്കൊണ്ടു മുന്നോട്ടു പോവാനാണ്. എന്നാല്‍ ചിന്തയും തീരുമാനവും പരദേശത്തു പണയപ്പെടുത്തിയ ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ അതുള്‍ക്കൊണ്ടില്ല. റഷ്യ ഹിറ്റ്ലറുമായി സന്ധി ചെയ്തപ്പോഴും പിന്നീട് ബ്രിട്ടീഷുകാര്‍ക്കൊപ്പം ചേര്‍ന്ന് ജര്‍മനിക്കെതിരായി യുദ്ധരംഗത്തുവന്നപ്പോഴും ജനകീയ യുദ്ധമായി വ്യാഖ്യാനിച്ച് വെള്ളം തൊടാതെ വിഴുങ്ങേണ്ടിവന്നത് അതുകൊണ്ടാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ ഒന്നൊന്നായി തകര്‍ന്നു വീണപ്പോള്‍ മാനവരാശിയുടെ മോചന മന്ത്രമെന്ന് വാഴ്ത്തിയ കമ്യൂണിസം ഓട്ടപ്പാത്രമാണെന്ന് അംഗീകരിച്ച് നാണം കെട്ടതും അതുകൊണ്ടു തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: