കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേയ്‌ക്ക് മാറ്റി. ഉച്ചയ്‌ക്ക് 1.45ന് കേസ് വീണ്ടും പരിഗണിക്കും.
കേസുമായി ബന്ധപ്പെട്ട ആറ് ഫോണുകള്‍ ഡിജിപിയ്‌ക്ക് നല്‍കുകയാണെന്ന് കോടതി വാദത്തിനിടെ അറിയിച്ചെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഫോണുകള്‍ കൈമാറരുതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് എഫ് ഐ ആര്‍ സമര്‍പ്പിച്ചിരിക്കുന്ന ആലുവ കോടതിയ്‌ക്ക് ഫോണുകള്‍ അയക്കാമെന്ന് ഹൈക്കോടതി പറഞ്ഞു. ഈ നിര്‍ദേശം രണ്ടുകൂട്ടരും സമ്മതിച്ചു. ഫോണ്‍ ലോക്ക് അഴിക്കുന്ന പാറ്റേണ്‍ കോടതിക്ക് നല്‍കാമെന്നും ദിലീപ് അറിയിച്ചു. ഇതേത്തുടര്‍ന്ന് രജിസ്ട്രാര്‍ ജനറല്‍ ഇന്നുതന്നെ ഫോണുകള്‍ ആലുവ കോടതിക്ക് കൈമാറണമെന്ന് കോടതി നിര്‍ദേശിച്ചു. അന്വേഷണ സംഘം ഫോണുകള്‍ ആലുവ കോടതിയില്‍ നിന്ന് കൈപ്പറ്റണം. ഫോണുകള്‍ അന്വേഷണ സംഘത്തിന് കൈമാറണോ എന്നത് ആലുവ മജിസ്‌ട്രേറ്റിന് തീരുമാനിക്കാമെന്നും ഹൈക്കോടതി.
അതേസമയം, പ്രതിക്ക് പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്ന പരാതി ഉയരുന്നതായി കോടതി പറഞ്ഞു. ഇത് പ്രോത്സാഹിപ്പിക്കാനാകില്ല. നാളെ ഇതേ പരിഗണന ആവശ്യപ്പെട്ട് മറ്റ് പ്രതികള്‍ എത്താമെന്നും കോടതി നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: