കണ്ണൂര്‍: പതിവില്‍ നിന്നും വിപരീതമായി ഇക്കുറി നാടന്മാവുകളും നമ്പ്യാര്‍ മാവുകളും നാട്ടിന് പുറങ്ങളില്‍ വ്യാപകമായി പൂത്തുലഞ്ഞു. വൈകിയാണ് പൂത്തതെങ്കിലും മാമ്പൂക്കള്‍ നിറഞ്ഞ് നില്‍ക്കുന്നത് നാട്ടിന് പുറങ്ങളില്‍ നയന മനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്.
നഗര-ഗ്രാമ വ്യത്യാസമില്ലാതെ ജില്ലയുടെ ഒട്ടുമിക്ക ഭാഗങ്ങളിലും റോഡരികിലെ മാവുകളടക്കം ഭേദപ്പെട്ട നിലയില്‍ പൂവിട്ടിട്ടുണ്ട്. പൂക്കള്‍ വിരിഞ്ഞ് മാമ്പഴങ്ങള്‍ ലഭിക്കുമെന്നത് പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും വൈകി പൂത്തതിനാല്‍ മാങ്ങകള്‍ കായ്ക്കുമ്പോഴേക്കും മഴ എത്തുമോയെന്നും പ്രതീക്ഷകള്‍ തല്ലിക്കെടുത്തുമോയെന്നുമുള്ള ആശങ്കയും കര്ഷകര്ക്കിടിയിലുണ്ട്.
ചിലയിടങ്ങളില്‍ പൂക്കള്‍ക്ക് കരിച്ചില്‍ ബാധിക്കുന്നതും ആശങ്കയുയര്‍ത്തുന്നുണ്ട്. മാസങ്ങള്‍ നീണ്ടുനിന്ന മഴയും ശൈത്യകാലം വൈകിയെത്തിയതുമാണ് പൂക്കള്‍ വൈകി പ്രത്യക്ഷപ്പെടാന്‍ വഴിയൊരുക്കിയത്. ജില്ലയിലെ കുറ്റിയാട്ടൂരില്‍ പോലും നമ്പ്യാര്‍ മാവുകളില്‍ നിന്നുളള വരുമാനം കൊണ്ട് ജീവിതം കരുപ്പിടിപ്പിക്കുന്ന ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് ഇക്കുറി മാമ്പൂക്കളെ കാണുന്നത്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ മാമ്പഴ കര്‍ഷകരുളള മേഖലയാണ് കുറ്റിയാട്ടൂര്‍. അന്തരാഷ്ട്രതലത്തില്തന്നെ പേരുകേട്ട മാങ്ങകളാണ് ഇവിടങ്ങളിലുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: