ഗുരുവായൂര്‍: കാലാവധി കഴിഞ്ഞ അംഗം, ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി യോഗത്തില്‍ പങ്കെടുത്തത് വിവാദമാകുന്നു. കാലാവധി പൂര്‍ത്തിയാക്കി അധികാരമൊഴിഞ്ഞ എന്‍സിപി പ്രതിനിധി അഡ്വ. കെ.വി. മോഹനകൃഷ്ണനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്ത് പുതിയ വിവാദത്തിന് തുടക്കമിട്ടത്.
ഗുരുവായൂര്‍ ദേവസ്വം കമ്മീഷണര്‍ ബിജു പ്രഭാകറിന്റെ ചുമതലയില്‍, ദേവസ്വം ഓഫീസില്‍ വ്യാഴാഴ്ച ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് മോഹനകൃഷ്ണന് പങ്കെടുത്തത്. അഡ്വ. കെ.ബി. മോഹന്‍ദാസ് ചെയര്‍മാനും, അഡ്വ. കെ.വി. മോഹനകൃഷ്ണനടക്കം സര്‍ക്കാര്‍ നോമിനികളായ ആറു പേര് അംഗങ്ങളുമായ ഭരണസമിതിയുടെ കാലാവധി ഇക്കഴിഞ്ഞ 24ന് അവസാനിച്ചിരുന്നു.
രണ്ടു വര്‍ഷമാണ് ഗുരുവായൂര്‍ ദേവസ്വം മാനേജിങ് കമ്മിറ്റിയുടെ കാലാവധി. പാര്‍ട്ടിക്കുള്ളിലെ ചില സാങ്കേതികത്വങ്ങളാല് ഭരണസമിതി രൂപീകരണത്തിന് ശേഷം, 10 മാസം കഴിഞ്ഞ് 2020 നവംബര്‍ ആറിനാണ് അഡ്വ. കെ.വി. മോഹനകൃഷ്ണനെ ഭരണസമിതി അംഗമായി സര്‍ക്കാര്‍ നിയോഗിക്കുന്നത്. രണ്ടു വര്‍ഷം കാലാവധിയുള്ള ഭരണസമിതിയിലേക്കാണോ, അതോ നോമിനേറ്റ് ചെയ്യുന്നതു മുതല്‍ രണ്ടു വര്‍ഷ കാലത്തേക്കാണോ ഭരണസമിതി അംഗമായത് എന്നതിലാണ് വിവാദം.
ദേവസ്വത്തിന്റെ ചരിത്രത്തിലാദ്യമായാണ് കാലാവധി കഴിഞ്ഞ മാനേജിങ് കമ്മിറ്റിയിലെ അംഗം കമ്മീഷണറും സ്ഥിരാംഗങ്ങളും പങ്കെടുക്കേണ്ട യോഗത്തില്‍ സന്നിഹിതനായത്. ഇതിലൂടെ മോഹനകൃഷ്ണനും, ദേവസ്വം കമ്മീഷണറും, അഡ്മിനിസ്ട്രേറ്ററും സര്‍ക്കാര്‍ ഗസറ്റിനെ അപ്രസക്തമാക്കി വെല്ലുവിളിച്ചെന്നാണ് ആക്ഷേപം.
സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യുന്ന ആള് മാനേജിങ് കമ്മിറ്റിയുടെ കാലാവധി പൂര്‍ത്തിയാക്കുന്നതോടെ സ്വാഭാവികമായും അംഗമല്ലാതായി തീരും. പിന്നീട് നയപരമല്ലാത്ത ദൈനംദിന കാര്യങ്ങള്‍ക്കായി കമ്മീഷണറുടെ അധ്യക്ഷതയില്‍ പാരമ്പര്യ ട്രസ്റ്റിമാര്‍ യോഗം ചേരുകയാണ് പതിവ്. കീഴ്വഴക്കവും അതാണെന്നാണ് പൊതുവേയുള്ള ധാരണ. നിശ്ചിത വിജ്ഞാപന പ്രകാരം മാനേജിങ് കമ്മിറ്റിയിലേക്ക് ഒരംഗത്തെ കൂടി നോമിനേറ്റ് ചെയ്യുന്നത് ആക്ട് പ്രകാരം കമ്മിറ്റിയുടെ ഘടന ക്രമീകരിക്കാനാണ്. അംഗങ്ങള്‍ക്ക് തുടര്ക്കാലാവധിക്ക് അര്‍ഹതയുണ്ടെങ്കില്‍ കമ്മീഷണറെയും, പാരമ്പര്യ അംഗങ്ങളെയും ഭരണസമിതിയുടെ അഭാവത്തില്‍ തീരുമാനമെടുക്കാന്‍ പ്രത്യേകമായി ചുമതലപ്പെടുത്തുന്നത് എന്തിനെന്നാണ് പ്രധാനമായും ചോദ്യം ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: