അഞ്ചല്‍: കടുത്ത ചൂടില്‍ കിഴക്കന്മലയോരം വരള്‍ച്ചയിലേക്ക്. തോട്ടം മേഖലകളിലടക്കം ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം തുടങ്ങി. വനത്തിലെ നീരുറവകള്‍ വറ്റിയതിന്റെ തെളിവായി തെന്മല പരപ്പാര്‍ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു.
കനാലുകളില്‍ ഒഴുക്കുന്നതിന് ആനുപാതികമായി വെള്ളം എത്താത്തതിനാല്‍ ഡാമിലും വെള്ളം കുറഞ്ഞു. ഒരു മാസം മുമ്പ് വരെ പരമാവധി സംഭരണത്തിന് വെള്ളം എത്തിയതിനാല്‍ അപകടഭീഷണി കണക്കിലെടുത്ത് പല തവണ വെള്ളം തുറന്നുവിട്ട് ക്രമീകരണം വരുത്തിയ സ്ഥാനത്താണ് വെള്ളം പെട്ടെന്ന് കുറയുന്നത്. ഡാമിനുള്ളിലെ കളംകുന്നിലെ കുന്നുകള്‍ തെളിഞ്ഞുതുടങ്ങി. വെള്ളത്തിലായിരുന്ന ഇവിടേക്കുള്ള റോഡും പൂര്‍ണമായും തെളിഞ്ഞു. വെള്ളം കുറയുന്നത് ഡാമിന്റെ എക്കല്‍ സംബന്ധിച്ച പഠനത്തിന് വിവരങ്ങള്‍ ലഭിക്കുന്നതിന് തടസ്സമാകും.
115.86 സംഭരണശേഷിയുള്ള ഡാമില്‍ വെള്ളിയാഴ്ച 112.62 മീറ്റര്‍ വെള്ളമുണ്ട്. വലതുകര കനാലിലൂടെ പരമാവധി വെള്ളം കാര്‍ഷിക ആവശ്യത്തിന് ഒഴുക്കുന്നുണ്ട്. വേനല്‍ നീളുകയാണെങ്കില്‍ കനാലിലെ ജലമൊഴുക്കിനും നിയന്ത്രണമുണ്ടാകും. കുളത്തൂപ്പുഴ, ശെന്തുരുണി, കഴുതുരുട്ടി ആറുകളാണ് ഡാമിലെ പ്രധാന നീരൊഴുക്കുകള്‍.
ഇതില്‍ കുളത്തൂപ്പുഴ ആറ്റില്‍നിന്നാണ് കൂടുതല്‍ വെള്ളമെത്തുന്നത്. മറ്റ് രണ്ട് പുഴകളിലും നീരൊഴുക്ക് നാമമാത്രമായി. വനത്തിലെ നീരുറവകള്‍ വറ്റിയത് ആനകള്‍ ഉള്‍പ്പെടെ വന്യമൃഗങ്ങളെ പ്രതികൂലമായി ബാധിക്കുകയാണ്. വന്യജീവികള്‍ക്ക് കുടിനീര് ഉദ്ദേശിച്ച് വനത്തില്‍ പലയിടത്തും മുമ്പ് നിര്‍മിച്ചിരുന്ന കുളങ്ങളും തടയണകളും കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്നതാണ്. ഇവയുടെ പുനരുദ്ധാരണത്തിനും നടപടിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: