കോഴിക്കോട്: സിപിഎം സൈബര്‍ പോരാളിയും അഭിഭാഷകനുമായ അഡ്വ. ജഹാംഗീര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് കോഴിക്കോട് സ്വദേശിനി പോലീസില്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ ജഹാംഗീറിനെതിരെ പോലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്നാണ് കേസ്.
2021 മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ നടക്കാവിലെ ലോഡ്ജില്‍ വെച്ച് നിലമ്പൂര്‍ സ്വദേശിയായ അഡ്വ. ജഹാംഗീര്‍ പീഡിപ്പിച്ചു എന്നാണ് 34കാരിയായ യുവതിയുടെ മൊഴി.എലത്തൂര്‍ പൊലീസ് സ്ത്രീയുടെ മൊഴിയെടുത്ത് വൈദ്യപരിശോധന നടത്തി. മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവം നടന്നത് നടക്കാവ് പൊലീസ് പരിധിയിലായതിനാല്‍ കേസ് നടക്കാവ് സ്റ്റേഷനിലേക്ക് മാറ്റി. പീഡനം സംബന്ധിച്ച് യുവതിയുടെ വെളിപ്പെടുത്തലും പോലീസ് തെളിവായി എടുത്തിട്ടുണ്ട്. അതില്‍ സ്ത്രീ പറയുന്നതിങ്ങനെ: 12 വര്‍ഷം മുമ്പ് സമാന്തര കോളജില്‍ പഠിക്കുന്ന സമയത്ത് അധ്യാപകനായെത്തിയ ഇദ്ദേഹവുമായി അടുപ്പമുണ്ടായിരുന്നു.
പരിചയം പ്രണമായി മാറി. പക്ഷേ, വിവാഹത്തിന് അദ്ദേഹം വിസമ്മതിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം സമൂഹ മാധ്യമം വഴി ബന്ധം തുടര്‍ന്നു. വിവാഹമോചിതനാണെന്നും ഒറ്റക്കാണെന്നും ധരിപ്പിച്ചു. വീണ്ടും പ്രണയമാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു. ഭര്‍ത്താവുമായി തെറ്റി സ്വന്തം വീട്ടില്‍ നില്‍ക്കുകയായിരുന്ന തന്നോട് വിവാഹമോചനം നടത്താമെന്ന് പറഞ്ഞ് പലതവണ ലൈംഗികമായി ചൂഷണം ചെയ്തു. ചിത്രങ്ങളും വീഡിയോയും പകര്‍ത്തി.
വിവാഹം കഴിക്കാന്‍ തയാറാണെന്ന് അറിയിക്കാന്‍ പല പ്രാവശ്യം അദ്ദേഹത്തെ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല. തന്റെ മോശപ്പെട്ട വിഡിയോ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചു. ഇദ്ദേഹത്തിന് പല സ്ത്രീകളുമായി ബന്ധമുണ്ടെന്ന് അറിയില്ലായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ സി.പി.എമ്മിന്റെ സന്തത സഹചാരിയായി നിറഞ്ഞുനില്ക്കുന്ന ഇയാള്‍ കപടനാണെന്നും ഇനിയൊരു സ്ത്രീക്കും ഇത്തരം ദുരനുഭവമുണ്ടാകരുതെന്നും പരാതിക്കാരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: