തുളസി കോട്ടുക്കല്‍
സാംസ്കാരികവും ഉദാത്തവും ആശയപരിചരണ സമഗ്രവുമായ വായന ആവശ്യപ്പെടുന്ന ഒരു കൃതിയാണ് ലേഖ കാക്കനാട്ട് രചിച്ച ബാലസാഹിത്യ വൈജ്ഞാനിക നോവലായ കുഞ്ഞാറ്റകളുടെ കൊയ്ത്തു പാട്ട്. ആ കൃതി പൂര്‍ണ്ണമായും വായിച്ചപ്പോള്‍ സംവേദനക്ഷമമായി ആസ്വദിച്ചപ്പോള്‍ ഒഡീസ്സസ് എലിറ്റിസിന്റെ ഈ സര്ഗകല്പനയാണ് മനസ്സില്‍ ഊര്‍ന്നു വന്നത്. ”ആ ഹൃദയത്തില്‍ നിന്നും ഏറെ, പക്ഷികളുടേയും പൂക്കളുടെയും വര്ണ്ണസ്വപ്നങ്ങള് ചിതറിവീഴുന്നത് കാണാറായി. കനത്ത ഏകാന്തതയില്‍ ആ ഹൃദയം കാതരമായി സൂക്ഷിച്ചതായിരുന്നു അതെല്ലാം.” ഈ കാവ്യകല്പന ലേഖ കാക്കനാട്ടിന്റെ കുഞ്ഞാറ്റകളുടെ കൊയ്ത്തുപാട്ടിലേക്ക് കടന്നുചെല്ലാന്‍ പര്യാപ്തമായ ഒന്നാണ്. കുഞ്ഞിക്കിളികളും ഇളംകാറ്റും വയല്‍പ്പൂക്കളും പച്ച വിരിച്ച നെല്‍വയലുകളും കാടും മലയും മനുഷ്യനു പകര്‍ന്നുതന്ന പുരാതന സാന്ത്വനങ്ങള്‍ ആ കൃതിയുടെ ഊഷ്മളതയില് അനുഭവിക്കാന്‍ കഴിഞ്ഞുവെന്നത് ഒരു സത്യം. എന്നോ എപ്പോഴോ നവോത്ഥാന യുഗത്തിന്റെ തീക്ഷ്ണതയില്‍ ആ സാന്ത്വനങ്ങള്‍ നമുക്കു കൈമോശം വന്നുപോയെങ്കിലും മാനവസംസ്കൃതി പരിസ്ഥിതിയുമായി ബന്ധപ്പെടുത്തി കാത്തുസൂക്ഷിക്കാനാഗ്രഹിക്കുന്ന ലേഖയെ പോലുള്ള സര്‍ഗധനരുടെ ഹൃദയകലവറയില്‍ ഇന്നും അവ വര്‍ണ്ണസ്വപ്നങ്ങളായി നില്‍ക്കുന്നുവെന്നതിന്റെ തെളിവാണ് പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ഈ കൃതി. ഒരു കാലത്ത് കേരളത്തില്‍ എവിടെ തിരിഞ്ഞൊന്നു നോക്കിയാലും കാണാന്‍ കഴിഞ്ഞിരുന്ന നെല്‍പ്പാടങ്ങള്‍ എവിടെ തെരഞ്ഞൊന്നു നോക്കിയാലും കാണാനാവാത്ത ഒന്നായി മാറിയിരിക്കുന്നു എന്ന പച്ചപരമാര്‍ത്ഥമാണ് ഈ ഗ്രന്ഥത്തിനടിസ്ഥാനം.
കൊച്ചുകുട്ടികള്‍ക്ക് നെല്‍ച്ചെടികള്‍ ചിത്രങ്ങളില്‍ കാണിച്ച് പറഞ്ഞു കൊടുക്കേണ്ട അവസ്ഥ വരെ നമ്മുടെ നാട് എത്തിയിരിക്കുന്നുവെന്ന തിരിച്ചറിവ് ഇനിയെങ്കിലും നമുക്കുണ്ടായേ മതിയാവൂ. ഈ സന്ധിയിലാണ് നെല്‍വയലിനെ ഒരു മുത്തശ്ശിയായി സങ്കല്പിച്ചുകൊണ്ട് വയലിനെകുറിച്ചും, കൃഷി രീതികളെ കുറിച്ചും, കൃഷി ഉപകരണങ്ങളെ കുറിച്ചും, വിത്തിനങ്ങളെ കുറിച്ചും കൃഷിയുമായി ബന്ധപ്പെട്ട നമ്മുടെ സംസ്കാരത്തെ കുറിച്ചും കുട്ടികള്‍ക്ക് അവബോധം ജനിപ്പിക്കുന്നതിനായി ലേഖ കാക്കനാട്ട് ഇത്തരമൊരു ഗ്രന്ഥം എഴുതിയത്. അസംഭവ്യതകളും അത്ഭുതങ്ങളും ഇതിവൃത്തമാക്കി കുട്ടികള്‍ക്കുവേണ്ടി ധാരാളം കൃതികള്‍ പടയ്ക്കുന്ന ഈ കാലത്ത് ജീവിത സത്യങ്ങളെ തുറന്നു കാണിക്കുന്ന ഇത്തരം കൃതികള്‍ കാലഘട്ടത്തിന് ആവശ്യമാണെന്ന് പറയാതെ വയ്യ.
”കുട്ടികള്‍ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അനുഭവ പരിസരങ്ങളെ വീണ്ടെടുത്ത് അവര്‍ക്കായി രസകരമായി അവതരിപ്പിക്കുന്ന കൃതിയാണ് കുഞ്ഞാറ്റകളുടെ കൊയ്ത്തു പാട്ട്” എന്ന ഡോ. ശ്രീകുമാറിന്റെ പ്രസ്താവന അക്ഷരം പ്രതി ശരിയാണ്. നെല്‍കൃഷിയെ കുറിക്കുന്ന ഒരു സമ്പൂര്‍ണ്ണ വൈജ്ഞാനിക കോശമാണ് ഈ കൃതിയെന്നത് ആ പുസ്തകത്തിന്റെ മറ്റൊരു പരിപ്രേക്ഷ്യമാണ്.
മനുഷ്യനേയും പ്രകൃതിയേയും ബന്ധിപ്പിക്കുന്ന വിപ്ലവകരമായ ആശയങ്ങള്‍ അവതരിപ്പിക്കുന്ന ധാരാളം കൃതികള്‍ നമുക്കുണ്ട്. എന്നാല്‍ പ്രകൃതിയുമായുള്ള അഭിന്നത ബാലമനസ്സുകളിലേക്ക് കടത്തിവിടുന്ന പ്രകൃതിയെക്കുറിച്ചും, കാര്‍ഷികസംസ്കാരത്തെകുറിച്ചും ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന കൃതികള്‍ നന്നേ കുറവാണ്. സമുന്നതമായ നന്മ, മനസും പ്രകൃതിയും തമ്മിലുള്ള സംയോഗത്തെ കുറിക്കുന്ന, അഭിന്നതയെ കുറിക്കുന്ന അറിവാണ്. ഇത് ശക്തമായ ഊര്‍ജ്ജപ്രവാഹമാണ്. കുഞ്ഞാറ്റകളുടെ കൊയ്ത്തു പാട്ട് വായിക്കുമ്പോള്‍ ഈ ഊര്‍ജ്ജപ്രവാഹമാണ് ബാല മനസ്സുകളില്‍ പകരുന്നത്.
‘തൊഴുതുണ്ണരുത്, ഉഴുതുണ്ണണം, ഞാറ്റില്‍ പിഴച്ചാല്‍ ചോറ്റില്‍ പിഴയ്ക്കും, മകം പിറന്ന മങ്ക,മേടം തെറ്റിയാല്‍ മോടന്‍ തെറ്റി, ഒക്കത്ത് വിത്തുണ്ടെങ്കില്‍ തക്കത്തില്‍ കൃഷിയിറക്കാം തുടങ്ങിയ അധ്യായങ്ങള്‍ നാട്ടറിവിന്റെ ഉള്‍ക്കുളുര്‍മ്മയില്‍ പിറന്നു വീണതാണ്. രസകരമായ പഴഞ്ചൊല്ലുകളും പഴങ്കഥകളും കൃഷിപ്പാട്ടുകളും കൊയ്ത്തുപാട്ടുകളും കാര്‍ഷികസംസ്കാര ചിന്തകളും അടങ്ങിയ ഫോക്ലോറിന്റേയും ജീവിതത്തിന്റേയും ബൃഹത്തായ ഒരു നീലാകാശം–കുഞ്ഞാറ്റകളുടെ കൊയ്ത്തു പാട്ട് എന്ന ഗ്രന്ഥമായി കുടനിവരുന്നു. നെല്‍കൃഷിയുടെ പെരുമയും തനിമയും നിലനിര്‍ത്താന്‍ ആ ആകാശച്ചരിവിലൂടെയുള്ള യാത്രയാണ് ഇ കൃതിയിലെ ഓരോ വരിയും. ഹൃദയത്തില്‍ മുത്തമിടുന്ന പ്രയോഗ വിശേഷങ്ങളാണ് ഈ കൃതിയില്‍ വായനാകൗതുകം കൊണ്ടുവരുന്നത്. ഈ വാക്കുകള്‍ നോക്കുക. ”ആ സമയം പച്ചക്കറികൃഷികൊണ്ട് സമ്പന്നയായിരിക്കും ഈ വയലുകള്‍. അതും എന്റെ വേറിട്ടൊരോര്‍മ്മ. കതിര്മണികള് കുലകളായി നിറഞ്ഞു നിന്നിരുന്ന എന്നില്‍ ആ സമയത്ത് സ്വര്‍ണ്ണനിറത്തില്‍ കണിവെള്ളരിയും പാവലും പയറും ചീരയുമെല്ലാം തഴച്ചുവളര്‍ന്നു നില്ക്കും. വിഷുവിനോടടുത്തുള്ള ആ വിളവെടുപ്പ് കഴിഞ്ഞാല്‍ പിന്നെ എനിക്കൊരാലസ്യമാണ്. അപ്പോഴും വരാന്‍ പോകുന്ന ഒരു നല്ലകാലം സ്വപ്നം കണ്ട് ഞാനുറങ്ങും. പക്ഷേ.. ഇപ്പോള്‍ കാലം എന്നെ മറന്നിരിക്കുന്നു.” എത്ര മനോഹരമാണ് ഈ പദഘടന. ഒന്നു കൂടെ വായിക്കാനും ഉള്ളില്‍ നുണച്ചിറക്കാനും കൊതിക്കുന്ന ഭാവനാ സാകല്യം. മാത്രവുമല്ല നെല്‍വയലിനെ മുത്തശ്ശിയായി സങ്കല്പിക്കുന്ന ഇതിലെ കേന്ദ്ര ഭാവം അതിമനോഹരമായി ഇവിടെ ആവിഷ്കരിക്കാനും എഴുത്തുകാരിക്ക് കഴിഞ്ഞിരിക്കുന്നു.
‘കാലം എന്നെ മറന്നിരിക്കുന്നു…’ കാതരമായ ഈ വാക്കുകള്‍, ആത്മനൊമ്പരത്തിന്റെ ഈ വാക്കുകള്‍ കുട്ടികളുടെ മനസ്സിലും അതിലുപരി മുതിര്‍ന്നവരുടെ മനസ്സിലും വേദന സൃഷ്ടിക്കുമെന്നത് പരമാര്‍ത്ഥം. വയല്‍മുത്തശ്ശിയെ ചവുട്ടിയെറിഞ്ഞ് അന്യദേശത്തു നിന്ന് ഇറക്കുന്ന അന്ന വസ്തുക്കള്‍ ആവോളം ആഹരിച്ച്, എല്ലാം വിഷമയം എന്ന് പ്രസംഗിച്ചു കഴിയുന്ന മലയാളിയുടെ ജീവിതത്തില്‍ ഇങ്ങനെ മതിയോ ജീവിതം..! എന്ന ചോദ്യചിഹ്നമുയര്‍ത്തുന്ന ഈ ഗ്രന്ഥം വരുന്ന തലമുറയുടെ പാഠപുസ്തകമാണെന്നതിന് സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: