ന്യൂദല്‍ഹി: ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ വഴി ഇന്ത്യയിലേക്ക് കടത്താനിരുന്ന 200 കോടി രൂപ വിലമതിക്കുന്ന 57.8 കിലോഗ്രാം ഹെറോയിനും ആയുധങ്ങളും പിടികൂടിയ സംഭവത്തില്‍ പാകിസ്ഥാന് നേരിട്ട് ബന്ധമെന്ന് റിപ്പോര്‍ട്ട്. ഇതില്‍ ഒരു പാകിസ്ഥാന് കള്ളക്കടത്തുകാരനെയും പിടികൂടി. അതിര്‍ത്തിയിലെ പാകിസ്ഥാന് അതിര്‍ത്തി രക്ഷാസൈനികര്‍ വഴി ഇന്ത്യയിലേക്ക് ആയുധങ്ങളും മയക്കമരുന്നുകളും ആസൂത്രിതമായി കടത്തുന്നതായാണ് വിവരം. ഇന്ത്യയില്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഒപ്പം ഇന്ത്യന്‍ യുവത്വത്തെ ലഹരിമരുന്നിന് അടിമകളാക്കുക വഴി നിര്‍ജ്ജീവമാക്കുക എന്ന ഗൂഢലക്ഷ്യവും.
ഇന്ത്യയിലേക്ക് ആയുധങ്ങളും മയക്കമരുന്നു കടത്തുന്ന സംഘങ്ങളുമായി പാകിസ്ഥാന് അതിര്‍ത്തി രക്ഷാസൈനികര്‍ക്ക് നേരിട്ട് ബന്ധമുള്ളതായി പറയുന്നു. പാകിസ്ഥാന് അതിര്‍ത്തി രക്ഷാസൈനികരുടെ പോസ്റ്റില്‍ നിന്നും 200-300 മീറ്റര്‍ മാത്രം അകലെ പഞ്ചാബ് അതിര്‍ത്തി വഴിയാണ് ഇപ്പോള്‍ മയക്കമരുന്ന്-ആയുധക്കള്ളക്കടത്ത് നടക്കുന്നത്. ഇന്ത്യയിലേക്ക് ആയുധങ്ങളും മയക്കമരുന്നും കടത്തുന്ന കാര്യത്തില്‍ പാകിസ്ഥാനില്‍ നിന്നും നല്ല പ്രേരണയുണ്ടെന്ന് മാത്രമല്ല, അതിന് വേണ്ട എല്ലാ സഹായങ്ങളും അതിര്‍ത്തിയില്‍ പാകിസ്ഥാന് അതിര്‍ത്തി രക്ഷാസൈനികര്‍ എത്തിക്കുന്നുണ്ട്.
മനുഷ്യരുടെ നീക്കമറിയാന് പഞ്ചാബ് അതിര്‍ത്തിയില്‍ പാകിസ്ഥാന് സേന തെര്‍മല്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ജമ്മു അതിര്‍ത്തിയിലേതുപോലെ തന്നെ ഉയര്‍ന്ന ശേഷിയുള്ള തെര്‍മല്‍ ക്യാമറകളാണ് പഞ്ചാബ് അതിര്‍ത്തിയിലും സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനെ മറികടന്ന് കള്ളക്കടത്തുകാര്‍ ആയുധങ്ങളും മയക്കമരുന്നുമായി എത്തുന്നു എന്നതിനര്‍ത്ഥം ഇത് പാകിസ്ഥാന്റെ അറിവോടെത്തന്നെ എന്നു വേണം കരുതാന്‍.
പാക് അതിര്‍ത്തി രക്ഷാസൈനികര്‍ കള്ളക്കടത്തുകാര്‍ക്ക് അതിര്‍ത്തി കടന്നുപോകാനുള്ള എല്ലാ സൗകര്യവും ചെയ്തുകൊടുക്കും. ഇവര്‍ക്ക് ആവശ്യമായ സുരക്ഷിത പാതയും ഒരുക്കിക്കൊടുക്കുന്നതായി പറയുന്നു.
ഈയിടെ അതിര്‍ത്തിയില്‍ നിന്നും 57.8 കിലോഗ്രാം ഹെറോയിനും ആയുധങ്ങളും ഇന്ത്യന്‍ അതിര്‍ത്തി രക്ഷാസേന പിടികൂടിയ സംഭവത്തിലും പാകിസ്ഥാന്റെ കരങ്ങള്‍ വളരെ വ്യക്തമാണ്. ‘അതിര്‍ത്തിക്കപ്പുറത്ത് പാകിസ്ഥാന്റെ ഭാഗത്തുള്ള 200 മീറ്റര്‍ വീതിയുള്ള പുഴ മുറിച്ചുകടന്നാണ് കള്ളക്കടത്തുകാര്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ എത്തിയത്. ഇത് പാകിസ്ഥാന് അതിര്‍ത്തി രക്ഷാസൈനികരുടെ സഹായം ലഭിച്ചതിന്റെ വ്യക്തമായ തെളിവാണ്,’- ഇതേക്കുറിച്ച് വിവരം നല്കുന്ന വക്താക്കള്‍ പറയുന്നു.
പഞ്ചാബിലേക്കുള്ള മയക്കമരുന്ന്-ആയുധക്കള്ളക്കടത്ത് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ അതിര്‍ത്തി രക്ഷാസേന (ബിഎസ്എഫ്) കൂടുതല്‍ ജാഗ്രതയിലാണ്. കഴിഞ്ഞ ദിവസം കര്‍താര്‍പൂര്‍ ഇടനാഴിയില്‍ ഒരു പാകിസ്ഥാന് കള്ളക്കടത്തുകാരനും ബിഎസ്എഫ് ജവാനും തമ്മില്‍ വെടിവെപ്പുണ്ടായി. ബിഎസ്എഫ് ജവാന് പരിക്കേറ്റു. വെള്ളിയാഴ്ച വെളുപ്പിന് 5.15നായിരുന്നു സംഭവം. ആളനക്കം കണ്ടപ്പോള്‍ ബിഎസ്എഫ് ജവാന് വെടിയുതിര്‍ത്തു. കള്ളക്കടത്തുകാരും തിരിച്ചു വെടിവെച്ചു. ഈ സംഭവത്തെ തുടര്‍ന്ന് ബിഎസ്എഫ് സേന ഹെറോയിന്‍ നിറച്ച 47 മഞ്ഞ പ്ലാസ്റ്റിക്ക് പാക്കറ്റുകളാണ് കണ്ടെടുത്തത്. ഏകദേശം 200 കോടി രൂപയുടെ മയക്കമരുന്നാണ് പിടിച്ചത്. രണ്ട് പിസ്റ്റളും തിരകളും എകെ 47 തോക്കുകളുടെ നാല് തിരനിറയ്ക്കുന്ന അറകളും പിടിച്ചെടുത്തു. കര്‍താര്‍പൂര്‍ ഇടനാഴി ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള സാധ്യതയെക്കുറിച്ച് ഇന്ത്യന്‍ രഹസ്യസേനയ്ക്ക് ആശങ്കയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: