അടിമാലി: കുറത്തികുടി വനവാസി കോളനിവാസികളും സമീപത്തായി സ്ഥിതി ചെയ്യുന്ന നിരവധി ആദിവാസി ഊരുനിവാസികള്‍ ഉപയോഗിച്ചുവന്നിരുന്നതുമായി കുറത്തികുടി – ആനക്കുളം റോഡ് വനംവകുപ്പ് അധികൃതര്‍ അടച്ചു. ഇതുമൂലം തങ്ങള്‍ 10 കിലോമീറ്ററോളം ചുറ്റി സഞ്ചരിയ്ക്കേണ്ട ഗതികേടിലാണെന്നും ഇത് സാമ്പത്തിക നഷ്ടത്തിനും സമയനഷ്ടത്തിനും കാരണമാവുന്നുണ്ടെന്നുമാണ് അനക്കുളത്തും സമീപപ്രദേശങ്ങളിലുമുള്ള താമസക്കാരുടെ പ്രധാന പരാതി.
കല്ലാര്‍ -മാങ്കുളം ആനക്കുളം റോഡ് വരുന്നതിന് മുമ്പ് അടിമാലിയില്‍ നിന്ന് മാങ്കുളം, ആനക്കുളം മേഖലകളിലെ താമസക്കാരും വനവാസികളും ദൈനംദിന ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവന്നിരുന്ന പാതയാണ് അടച്ചുപൂട്ടിയത്.
കുറത്തികുടിയില് നിന്ന് ആനക്കുളത്തെയ്ക്കുള്ള എളുപ്പവഴിയാണിത്. വനവാസികള്‍ തെള്ളി, തേന്‍ മുളക്, ഏലം തുടങ്ങിയ തങ്ങളുടെ ഉത്പന്നങ്ങള്‍ വില്പന ശാലകളിലേയ്ക്ക് കൊണ്ടുപോയിരുന്നതും ഇതുവഴിയാണ്. വനവാസി സമൂഹത്തിന്റെ ആരാധനമൂര്‍ത്തിയായ ആനക്കുളത്ത് അമ്മ ക്ഷേത്രത്തിലേയ്ക്കുള്ള പ്രധാനപാതയും ഇതു തന്നെ. ഉറിയംപെട്ടി, വാരിയം തുടങ്ങി കുട്ടമ്പുഴ മേഖലയിലെ വനവാസി ഊരുകളിലേയ്ക്കും ഇതുവഴി എത്താം.
റോഡ് അടച്ചുപൂട്ടിയിട്ടില്ലന്നും പുറമെ നിന്നുള്ളവര്‍ അനധികൃതമായി വനത്തില്‍ പ്രവേശിയ്ക്കുന്നത് തടയാന്‍ ലക്ഷ്യമിട്ട് റോഡില്‍ ക്രോസ് ബാര്‍ സ്ഥാപിച്ച് പരിശോധന നടത്തുക മാത്രമാണ് ചെയ്യുന്നതെന്നും അടിമാലി ഫോറസ്റ്റ് റെയിഞ്ചോഫീസര്‍ നല്കുന്ന വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: