ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജില്‍ ജോലി ചെയ്യുന്നതിനിടയില്‍ ജീവനക്കാര്‍ക്ക് കൊവിഡ് ലക്ഷണങ്ങളുണ്ടായാല്‍ പരിശോധിക്കുവാന്‍ സംവിധാനമില്ലെന്ന് ആക്ഷേപം. രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ അത്യാഹിത വിഭാഗത്തിലെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന യെല്ലോ സോണില്‍ ആണ് രോഗികള്‍ക്കും ജീവനക്കാര്‍ക്കും ആര് ടി പി സി ആര് പരിശോധന നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഗുരുതര രോഗവുമായി എത്തുന്ന രോഗികള്‍ക്ക് മാത്രമേ ആര് ടി പി സി ആര് പരിശോധന നടത്തുവാന്‍ കഴിയൂവെന്നാണ് അധികൃതര്‍ പറയുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് അലയടിക്കുന്നത്.
ജോലി ചെയ്യുന്നതിനിടയില്‍ കൊവിഡ് ലക്ഷണങ്ങളുണ്ടായാല്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് പരിശോധനാ കിറ്റ് വാങ്ങി പരിശോധന നടത്തിയാല്‍ മതിയെന്നും പല കാരണങ്ങള്‍ കൊണ്ടും ആശുപത്രിയില്‍ പരിശോധന നടത്തുവാന്‍ കഴിയില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നന്നത്. 700 രൂപാ വിലവരുന്ന കിറ്റ് വാങ്ങി പരിശോധന നടത്തുവാന്‍ പല ജീവനക്കാരും ബുദ്ധിമുട്ടുകയാണ്. ഇന്നലെ ഗൈനക്കോളജി വിഭാഗത്തില്‍ മാത്രം 16 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ക്ലീനിങ്, കുടംബശ്രീ ഉള്‍പ്പെടെ മറ്റ് വിഭാഗങ്ങളില്‍ 40 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
മെഡിക്കല്‍ കോളജില്‍ കൊവിഡ് ബാധിതരാകുന്ന ജീവനക്കാരുടെ എണ്ണം 100 കവിഞ്ഞു. ഇതോടെ ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനം പോലും താളം തെറ്റുന്ന അവസ്ഥയിലേക്ക് മാറുകയാണ്. ഇപ്പോള്‍ തന്നെ ജീവനക്കാരുടെ വലിയ തോതിലുള്ള കുറവ് അനുഭവപ്പെടുന്നു. അതിനാല്‍ എന്‍ ആര് എച്ച് എം വഴി ജീവനക്കാരെ താല്‍ക്കാലികമായി നിയമിക്കണമെന്ന ആവശ്യവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: