ന്യൂദല്‍ഹി : മഹാരാഷ്ട്ര നിയമസഭയിലെ 12 ബിജെപി എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തത് സുപ്രീംകോടതി റദ്ദാക്കി. എംഎല്‍എമാര്‍ക്കെതിരെയുള്ള നടപടി ഭരണഘടനാ വിരുദ്ധവും ഏകപക്ഷീയവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഒരുവര്‍ഷത്തെ സസ്പെന്ഷന് റദ്ദാക്കിയത്. മഹാരാഷ്ട്ര ഉദ്ധവ് താക്കറെ സര്‍ക്കാരിന് വന്‍ തിരിച്ചടിയാണ് സുപ്രീംകോടതി വിധി.
പ്രിസൈഡിങ് ഓഫീസറോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ചായിരുന്നു 12 ബിജെപി എംഎല്‍എമാരെ നിയമസഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. മഹാരാഷ്ട്ര നിയമസഭയില്‍ പ്രത്യേക പ്രമേയം പാസാക്കിക്കൊണ്ടാണ് എംഎല്‍എമാരെ ഒരുവര്‍ഷത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്തത്.
എന്നാല്‍ എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുക്കുമ്പോള്‍ പരമാവധി ഒരു സമ്മേളന കാലത്തേക്ക് മാത്രമേ സസ്പെന്‍ഡ് ചെയ്യാനാകൂ. അതിനപ്പുറത്തേക്ക് നല്‍കുന്നത് നിയമസഭയുടെ അധികാരപരിധിക്ക് പുറത്താണ്. പ്രമേയം നിയമവിരുദ്ധമെന്ന് വിശേഷിപ്പിച്ച സുപ്രീംകോടതി നടപടി യുക്തിരഹിതമാണെന്നും ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു മഹാരാഷ്ട്രയിലെ 12 ബിജെപി എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്ത നടപടിയുണ്ടായത്. സഞ്ജയ് കുട്ടെ, ആശിഷ് ഷെലാര്‍, അഭിമന്യു പവാര്‍, ഗിരീഷ് മഹാജന്, അതുല്‍ ഭട്കല്‍ക്കര്‍, പരാഗ് അലവ്നി, ഹരീഷ് പിമ്പാലെ, രാം സത്പുതേ, വിജയ് കുമാര്‍ റാവല്‍, യോഗേഷ് സാഗര്‍, നാരായണ്‍ കുചെ, കീര്‍ത്തികുമാര്‍ ബങ്ഡിയ എന്നിവര്‍ക്കാണ് സസ്പെന്ഷന് ലഭിച്ചത്. നിയമസഭ സ്പീക്കര്‍ ഭാസ്കര്‍ ജാദവിന്റേതായിരുന്നു വിവാദ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: